
പട്ടിക്കാട് : തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്ന് പാണഞ്ചേരി പഞ്ചായത്തിലെത്തിയ മന്ത്രി കെ. രാജനെ പ്രാദേശിക കോൺഗ്രസ് നേതൃത്വം അനുമോദിച്ചതിൽ രാഷ്ട്രീയ വിവാദം. കോൺഗ്രസ് നേതൃത്വം നൽകുന്ന പഞ്ചായത്തിൽ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ചേർന്ന് നിയുക്ത എം.എൽഎ..യെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചതിലാണ് വിവാദം.
1500 വോട്ടുകൾ കോൺഗ്രസ് ലീഡ് പ്രതീക്ഷിച്ചിരുന്ന പഞ്ചായത്തിൽ ഫലം വന്നപ്പോൾ 1146 വോട്ടുകൾക്ക് കെ. രാജനാണ് ലീഡ്. ഇത് പ്രാദേശിക നേതാക്കളുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന് ആരോപിച്ച് ഒരുകൂട്ടം പ്രവർത്തകർ രംഗത്തെത്തി. 2500 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചിരുന്ന പുത്തൂർ പഞ്ചായത്തിലും യു.ഡി.എഫ്. ഏറെ പിന്നിലായി. ഇവിടെ രാജൻ 2000 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ഈ രണ്ട് പഞ്ചായത്തുകളും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ജയിച്ചിരുന്നു. ഈ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഒല്ലൂർ മണ്ഡലത്തിൽനിന്ന് തുടർച്ചയായി മൂന്നാം തവണയായാണ് കെ. രാജൻ തിരഞ്ഞെടുക്കപ്പെടുന്നത്. കെ.പി.സി.സി. സെക്രട്ടറി കൂടിയായ ഷാജി കോടങ്കണ്ടത്തിനെ 8884 വോട്ടിനാണ് രാജൻ ഇത്തവണ തോൽപ്പിച്ചത്. കഴിഞ്ഞതവണ 21506 വോട്ടായിരുന്നു ഭൂരിപക്ഷം.
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മുതിർന്ന നേതാക്കളാരും ഒല്ലൂരിൽ എത്തിയിട്ടില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്. ജില്ലാ നേതൃത്വം വേണ്ട പരിഗണന ഒല്ലൂരിന് നൽകിയില്ലെന്നും ചില കോൺഗ്രസ് പ്രവർത്തകർ വാദിക്കുന്നുണ്ട്. ഒല്ലൂർ നിയോജകമണ്ഡലത്തിൽ വരുന്ന നാലു പഞ്ചായത്തുകളായ മാടക്കത്തറ, പാണഞ്ചേരി, പുത്തൂർ, നടത്തറ എന്നിവിടങ്ങളിൽ കെ. രാജനാണ് ഭൂരിപക്ഷം നേടിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും യു.ഡി.എഫ്. സ്ഥാനാർഥിക്ക് രാജന്റെ ലീഡ് മറികടക്കാൻ കഴിഞ്ഞില്ല. ഇതും പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ മൂന്നാംതവണയും സ്ഥലം എം.എൽ.എ. ആയി ജയിച്ചയാൾ പഞ്ചായത്തിലെത്തിയപ്പോൾ സ്വാഭാവികമായി ആദരിച്ചതാണെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
Content Highlights: K. Rajan secured a third consecutive victory in the Ollur constituency., Controversy arose after local Congress leaders in Pananchery honored the LDF MLA
Published: 08 May 2026, 07:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented