തിരുവനന്തപുരം: ആലപ്പുഴയില്‍ നൊബേല്‍ സമ്മാന ജേതാവ് സഞ്ചരിച്ച ബോട്ട് തടഞ്ഞ സംഭവം അപലപനീയമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആലപ്പുഴയിലേത് ഒറ്റപ്പെട്ട സംഭവമാണ്. ഇതില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

To advertise here,

1800ലേറെ ഹൗസ് ബോട്ടുകള്‍ ആലപ്പുഴയിലുണ്ട്. സഞ്ചാരികള്‍ നേരത്തെ ബുക്ക് ചെയ്ത ബോട്ടുകളെല്ലാം ഇന്ന് സര്‍വീസ് നടത്തിയെന്നാണ് വിവരം. കുമരകത്ത് നിന്ന് വന്ന ബോട്ടാണ് ചിലര്‍ തടഞ്ഞത്. സമീപപ്രദേശത്തെ ചില സമൂഹ്യവിരുദ്ധരമാണ് ഇതിന് പിന്നിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായിട്ടാണ് മൈക്കിള്‍ കേരളത്തിലെത്തിയത്. അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.

ടൂറിസം മേഖലയെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്താകമാനം വിനോദസഞ്ചാരികള്‍ക്ക് പോലീസും ജനങ്ങളും എല്ലാവിധ സഹായങ്ങളും നല്‍കുന്നുണ്ട്. ആലപ്പുഴയിലേത് ഒറ്റപ്പെട്ട സംഭവമാണ്- മന്ത്രി കൂട്ടിച്ചേര്‍ത്തു. 

അതേസമയം സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ പുളിങ്കുന്ന് പോലീസ് കേസെടുത്തു. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഇന്ന് രാവിലെയാണ് നൊബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റടക്കമുള്ള വിനോദസഞ്ചാരികള്‍ യാത്രചെയ്തിരുന്ന ഹൗസ് ബോട്ട് സമരാനുകൂലികളില്‍ ചിലര്‍ തടഞ്ഞത്. രണ്ട് മണിക്കൂറോളം നേരം തടഞ്ഞുവെച്ചതിനുശേഷം വിട്ടയയച്ചു. 

കേരള സര്‍വകലാശാലയുടേയും ഹയര്‍ സെക്കണ്ടറി വകുപ്പിന്റേയും പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ അതിഥിയായാണ് മൈക്കിള്‍ ലെവിറ്റ് കേരളത്തിലെത്തിയത്. ഞായറാഴ്ച നടന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. 

 

Content Highlights: Nobel laureate Michael Levitt , Bharath Bandh, Michel levit's house boat blocked in Alappuzha