കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം അന്വേഷിച്ച ക്രൈംബ്രാഞ്ച് സ്‌ക്വാഡ് അംഗങ്ങളെ സ്ഥലംമാറ്റി ഡി.ജി.പി. ഉത്തരവിറക്കി. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. ക്രൈംബ്രാഞ്ച് എസ്.പി., ഡിവൈ.എസ്.പി., ഇൻസ്‌പെക്ടർ എന്നിവർ ഒഴികെയുള്ള അന്വേഷണസംഘത്തിലെ അഞ്ചുപേരെയാണ് കണ്ണൂർ ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്‌സി (ഡി.എച്ച്.ക്യു.) ലേക്ക് സ്ഥലംമാറ്റിയത്. നിതിൻ രാജിന്റെ മരണം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘാംഗങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ രഹസ്യാന്വേഷണ വിഭാഗത്തിന് ഡി.ജി.പി. നിർദേശം നൽകിയിരുന്നു.

To advertise here,

കേസിൽ ഒന്നാംപ്രതിയായ അധ്യാപകൻ ഡോ. എം.കെ.റാമിനെ അറസ്റ്റ് ചെയ്തതിൽ സംഭവിച്ച വിഴ്ചകൾ ക്രൈംബ്രാഞ്ചിനും ആഭ്യന്തരവകുപ്പിനും വലിയ നാണക്കേടുണ്ടാക്കുകയും തലശ്ശേരി സെഷൻസ് കോടതിയും ഹൈക്കോടതിയും രൂക്ഷവിമർശനം നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഡി.ജി.പി. നിർദേശം നൽകിയത്.

കേസന്വേഷിച്ച മുൻ ക്രൈംബ്രാഞ്ച് സംഘാംഗങ്ങളുടെ പശ്ചാത്തലം, 100 ദിവസം ഒളിവിൽ കഴിഞ്ഞിട്ടും റാമിനെ പിടികൂടാൻ സാധിക്കാത്ത സാഹചര്യം, അറസ്റ്റിന് ശേഷമുള്ള നാടകീയസംഭവങ്ങൾ, ക്രൈംബ്രാഞ്ച് സംഘങ്ങളുടെ വ്യക്തിപരമായ ഇടപെടലുകൾ, കേസന്വേഷിച്ച ഡിവൈ.എസ്.പി. മുൻപ് പ്രധാനപ്പെട്ട കേസ് അന്വേഷിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടായി നൽകിയത്. ഡോ. റാമിനെ കുടകിൽനിന്ന് അറസ്റ്റ് ചെയ്തുവെന്നതിന് വ്യക്തമായ തെളിവുകളില്ലെന്നും മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ മനസ്സിലാകുമെന്നും റിപ്പോർട്ടിലുണ്ട്

കണ്ണൂർ-കാസർകോട് ക്രൈംബ്രാഞ്ച് എസ്.പി. കെ.വി.വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. സുധീർ കല്ലനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഡോ. റാമിനെ അറസ്റ്റുചെയ്ത നടപടിക്രമങ്ങളിൽ സുപ്രീംകോടതി നിർദേശിച്ച ഗ്രൗണ്ട് ഓഫ് അറസ്റ്റിലെ പിഴവുകൾ കാരണം വിട്ടയച്ചിരുന്നു. ഈ സംഭവം ആഭ്യന്തരവകുപ്പിനും ക്രൈംബ്രാഞ്ചിനും വലിയ തിരിച്ചടിയായതായി വിലയിരുത്തിയതിനെത്തുടർന്ന് അന്വേഷണസംഘത്തെ മാറ്റി. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. ജീവൻ ജോർജാണ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ.