കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്ന് കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് സര്‍വേ നടത്തി. 5,161 വീടുകളില്‍ നടത്തിയ പരിശോധനയില്‍ 51 പേരെ പനി ബാധിതരായി കണ്ടെത്തിയിട്ടുണ്ട്. കണ്‍ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച 50 വാര്‍ഡുകളിലാണ് പരിശോധന നടത്തിയത്. പനി ബാധിച്ചവര്‍ നിപ സ്ഥിരീകരിച്ചവരുമായി ബന്ധമില്ലാത്തവരാണെന്ന് ഡി.എം.ഒ. ഡോ. രാജാ റാം അറിയിച്ചു.
നിപ നിരീക്ഷണത്തിന്റെ ഭാഗമായി ഇന്ന് പുതുതായി 234 പേരെക്കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആകെ 950 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അതില്‍ 213 പേരാണ് ഹൈ റിസ്‌ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള നാലുപേരാണ് ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും നിരീക്ഷണത്തിലുണ്ട്. ഇന്നലെ പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു.
30 പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്കയച്ചത്. ഇവരില്‍ രണ്ടുപേര്‍ക്ക് മാത്രമേ രോഗലക്ഷണമുള്ളൂ. ഇതോടെ 41 പേരുടെ പരിശോധനാ ഫലമാണ് ഇനി ആകെ വരാനുള്ളത്. അതേസമയം വവ്വാല്‍ പരിശോധനാ സംഘം നാളെ രാവിലെ പരിശോധന ആരംഭിക്കും. തമിഴ്‌നാട്ടില്‍നിന്നുള്ള മൃഗരോഗ വിദഗ്ധന്‍ ഡോ. ബാലസുബ്രഹ്‌മണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക.
ഓഗസ്റ്റ് 29-ന് പുലര്‍ച്ചെ 2.15-നും 3.45-നുമിടയില്‍ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെത്തിയവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.
നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിപ അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എന്‍.ഐ.വി. പുണെയുടെ മൊബൈല്‍ ടീം സജ്ജമായിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ മൊബൈല്‍ ടീമും എത്തുന്നുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താന്‍ കെ.എം.എസ്.സി.എലിന് മന്ത്രി നിര്‍ദേശം നല്‍കി.
മന്ത്രിമാരായ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്. നാളെ വിപുലമായ യോഗം ചേരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്ര സംഘവും സന്ദര്‍ശനം നടത്തി വരുന്നു. കേന്ദ്രസംഘം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
എക്സ്പേര്‍ട്ട് ടീം, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ കീഴില്‍ ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഫീല്‍ഡില്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചു. ടെലി മനസിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ ഹൈ റിസ്‌കിലുള്ളവരെ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, കോഴിക്കോട് ജില്ലാ കളക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Content Highlights: nipah, containment zone, health survey
Published: 14 Sept 2023, 09:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented