നിലമ്പൂര്‍: ഉത്സവത്തിനെത്തിയ ആന ഇടഞ്ഞു. രണ്ടര മണിക്കൂര്‍ നിലമ്പൂരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ആനയെ ഒടുവില്‍ എലിഫെന്റ് സ്‌ക്വാഡെത്തി തളച്ചു.നിലമ്പൂര്‍ മാരിയമ്മന്‍ ദേവി ക്ഷേത്രോത്സവ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ഗോവിന്ദന്‍കുട്ടിയെന്ന ആനയാണ് ഇടഞ്ഞത്.
ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഇടഞ്ഞ ആന ഇടവഴിയിലൂടെയും തൊടിയിലൂടെയുമൊക്കെ കലിയടങ്ങാതെ നീങ്ങി. ആളുകള്‍ക്കു നേരേ പാഞ്ഞടുത്തു. റോഡരികേ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ എടുത്തെറിഞ്ഞു. തുമ്പിക്കൈകൊണ്ട് രണ്ടുമൂന്നു തവണ സ്‌കൂട്ടര്‍ ഉരുട്ടിമറിച്ചു.
ആനയെ കെട്ടിയിരുന്ന സ്ഥലത്തെ കവാടവും തകര്‍ത്തു. ഇതിനിടെ പാപ്പാനുനേരേ അടുത്തു. പാപ്പാന്‍ ഓടിയകന്നു. ആന ഇടഞ്ഞ വിവരമറിഞ്ഞതോടെ ക്ഷേത്രത്തിലെത്തിയ ഭക്തരും സമീപത്തെ കച്ചവടക്കാരും നാട്ടുകാരും ഉള്‍പ്പെടെ ഭീതിയിലായി.
പരാക്രമം തുടര്‍ന്ന ആന കോവിലകം റോഡില്‍നിന്നും കളത്തിന്‍ കടവിലേക്ക് പോകുന്ന റോഡിലേക്ക് ഇറങ്ങിയതോടെ ജനങ്ങള്‍ ചിതറി ഓടുകയായിരുന്നു. പലരും സമീപത്തെ കെട്ടിടങ്ങളുടെ മുകളിലെ നിലകളിലേക്ക് ഓടിക്കയറി.
നിലമ്പൂര്‍ സി.ഐ. സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്ത് നിലയുറപ്പിച്ചു.
പഴവും പനംപട്ടയും ഉള്‍പ്പെടെ നാട്ടുകാര്‍ ആനയ്ക്ക് എറിഞ്ഞുകൊടുത്തെങ്കിലും ശാന്തനാകാതെ ഇടയ്ക്കിടെ പരാക്രമം തുടരുകയായിരുന്നു. ഒടുവില്‍ 6.10-ഓടെ കുന്നംകുളത്തുനിന്നെത്തിയ എലിഫെന്റ് സ്‌ക്വാഡ് സാഹസികമായി തളച്ച് ലോറിയില്‍ കയറ്റിക്കൊണ്ടുപോയി. വടമെറിഞ്ഞു കെട്ടിയാണ് തളച്ചത്.
Content Highlights: An elephant went on a rampage in Nilmbur during a temple festival,
Published: 09 Feb 2025, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented