
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടെങ്കിലും അത് പിണറായി സര്‍ക്കാരിനെതിരെയുള്ള ജനവിധിയാണെന്ന് പറയുന്നത് വസ്തുതയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരഞ്ഞെടുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇടതുപക്ഷത്തിന് അടിത്തറയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നാണ്. ഒരു വശത്ത് മുസ്ലിംമതരാഷ്ട്രവാദികളുടെ വോട്ട് കരസ്ഥമാക്കിയ യുഡിഎഫ് മറുവശത്ത് ബിജെപിയുടെ വോട്ടും നേടിയെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 11077 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ എം. സ്വരാജിനെ പരാജയപ്പെടുത്തിയത്.
എം.വി.ഗോവിന്ദന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം....
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന കാര്യം പാര്‍ടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും. തിരുത്തേണ്ടവ ഉണ്ടെങ്കില്‍ തിരുത്തി മുന്നോട്ടുപോകും. തികഞ്ഞ ആത്മവിശ്വാസത്തോടെതന്നെ ഈ വര്‍ഷാവസാനം തദ്ദേശ തെരഞ്ഞെടുപ്പിനെയും അടുത്തവര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെയും എല്‍ഡിഎഫ് നേരിടും. രാഷ്ട്രീയസമരത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പുകളെ കമ്യൂണിസ്റ്റുകാരും ഇടതുപക്ഷവും കാണുന്നത്.
കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളില്‍ ഊന്നിയാണ് എല്‍ഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. വര്‍ഗീയ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന അടിയുറച്ച രാഷ്ട്രീയനിലപാടാണ് എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിച്ചത്. ഒരു പരാജയത്തില്‍ ഒടുങ്ങുന്നതല്ല ഈ പോരാട്ടം. അത് തുടരുകതന്നെ ചെയ്യും.
നിലമ്പൂരിലെ പരാജയം എല്‍ഡിഎഫിന്റെ അടിത്തറ ഇളക്കുന്നതാണെന്ന വ്യാഖ്യാനത്തിനൊന്നും ഒരു സാധുതയുമില്ല. 1965ല്‍ മഞ്ചേരി വിഭജിച്ച് നിലമ്പൂര്‍ മണ്ഡലം രൂപീകരിച്ചതുമുതല്‍ ഭൂരിപക്ഷവും യുഡിഎഫാണ് വിജയിച്ചത്. സിപിഐ എം പാര്‍ടി ചിഹ്നത്തില്‍ കേവലം രണ്ടുതവണ മാത്രമാണ് ജയിച്ചത്. ഇക്കുറി സിപിഐ എം ചിഹ്നത്തില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജാണ് മത്സരിച്ചത്. സ്വാഭാവികമായും എല്‍ഡിഎഫിനെതിരെ എല്ലാ വലതുപക്ഷ പ്രസ്ഥാനങ്ങളും വര്‍ഗീയ മതമൗലികവാദ പ്രസ്ഥാനങ്ങളും കൈകോര്‍ത്തു.
യുഡിഎഫ് നേതൃത്വം മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി പരസ്യധാരണയുണ്ടാക്കി. അത് ഇപ്പോഴുണ്ടാക്കിയതല്ല, 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പുമുതല്‍തന്നെ ഉണ്ടാക്കിയതാണ് എന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. അതായത് രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയുംപോലും ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിയാണ് എന്നര്‍ഥം. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍എസ്എസ് എന്നു പറയുന്ന രാഹുല്‍ഗാന്ധിപോലും ജയിച്ചത് മുസ്ലിം ബ്രദര്‍ഹുഡിന്റെ ഇന്ത്യന്‍ പതിപ്പിന്റെ വോട്ട് നേടിയാണ് എന്നുള്ളത് ഇന്ത്യന്‍ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഏല്‍പ്പിക്കുന്ന പരിക്ക് ചില്ലറയല്ല. വര്‍ഗീയതയ്ക്കും മതമൗലികവാദത്തിനും എതിരെയുള്ള പോരാട്ടത്തെ ദുര്‍ബലമാക്കുന്ന നടപടിയാണ് ഇത്.
ഒരു വശത്ത് മുസ്ലിംമത രാഷ്ട്രവാദികളുടെ വോട്ട് കരസ്ഥമാക്കിയ യുഡിഎഫ് മറുവശത്ത് ബിജെപിയുടെ വോട്ടും നേടി. ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ ബിജെപി വോട്ട് യുഡിഎഫിലേക്ക് മറിച്ചെന്നുപറഞ്ഞത് ഞങ്ങളാരുമല്ല. ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്തന്നെയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 17,520ഉം ഉപതെരഞ്ഞെടുപ്പില്‍ 13,555 വോട്ടും നേടിയ ബിജെപിക്ക് 8648 വോട്ട് മാത്രമാണ് ഇപ്പോള്‍ നേടാനായത്. കെട്ടിവച്ച കാശുപോലും ലഭിച്ചില്ല. അതായത് ബിജെപി വോട്ടുകള്‍ വലിയ തോതില്‍ യുഡിഎഫിന് ലഭിച്ചു. അതുപോലെതന്നെ എസ്ഡിപിഐ വോട്ടുകളും യുഡിഎഫ് നേടി.
പേരിന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും 2021ല്‍ ലഭിച്ച 4751 വോട്ടിന്റെ പകുതിയിലും കുറഞ്ഞ വോട്ട് -2075 മാത്രമാണ് എസ്ഡിപിഐക്ക് ലഭിച്ചത്. അതായത് വര്‍ഗീയതീവ്രവാദ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് നിലമ്പൂരില്‍ യുഡിഎഫ് വിജയിച്ചത്. താല്‍ക്കാലികമായി വിജയിച്ചെങ്കിലും കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകവും അപകടകരവുമായ ഫലമുളവാക്കുന്ന നീക്കമാണിത്. ഇടതുപക്ഷവിരോധം കാരണം ഭൂരിപക്ഷം മാധ്യമങ്ങളും ഈ വസ്തുതയ്ക്കു നേരെ കണ്ണടയ്ക്കുകയാണ്.
നിലമ്പൂരിലെ ജനവിധി സംബന്ധിച്ച് യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും ഉയര്‍ത്തുന്ന രണ്ട് പ്രധാന ആഖ്യാനമുണ്ട്. ഒന്ന് ഇടതുപക്ഷത്തിന്റെ അടിത്തറ ഇളകി. അതിനാല്‍ തുടര്‍ഭരണത്തിന് ഇനി സാധ്യതയില്ല എന്നാണ്. ഭരണവിരുദ്ധവികാരമാണ് നിലമ്പൂരിലെ പരാജയത്തിന് കാരണമെന്നാണ് ഇവര്‍ പൊതുവായി വിലയിരുത്തുന്നത്. വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത ആഖ്യാനങ്ങളാണിവ. ഒന്നാമതായി നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ആകെ വോട്ടിന്റെ 37.88 ശതമാനം സ്വരാജിന് നേടാനായി. 2011ല്‍ എല്‍ഡിഎഫിന് ലഭിച്ചത് 60,733 വോട്ടാണ്. അതിനേക്കാള്‍ അയ്യായിരത്തിലധികം വോട്ട് നേടാന്‍ കഴിഞ്ഞു. ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ച 29,915നേക്കാള്‍ ഇരട്ടിയിലധികം വര്‍ധിപ്പിക്കാനും കഴിഞ്ഞു. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇടതുപക്ഷത്തിന് അടിത്തറയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നാണ്.
യുഡിഎഫ് നേതാക്കളും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ പറയുന്ന മറ്റൊരു കാര്യം സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ശക്തമാണെന്നും നിലമ്പൂര്‍ ഫലം അതാണ് തെളിയിക്കുന്നതെന്നുമാണ്. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്നും പിണറായി സര്‍ക്കാര്‍ ഇനി കെയര്‍ടേക്കര്‍ സര്‍ക്കാരായി എന്നുമാണ്. സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഒമ്പത് വര്‍ഷമായി അധികാരത്തില്‍നിന്ന് പുറത്തുനില്‍ക്കുമ്പോള്‍ സ്വപ്നം കാണാനല്ലേ യുഡിഎഫിന് കഴിയൂ. അതിന് യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല.
ഇവര്‍ പറയുന്നതുപോലെ ഭരണവിരുദ്ധവികാരം ഉണ്ടെങ്കില്‍ നിലമ്പൂരില്‍ ഇടതുപക്ഷത്തിന് വന്‍ വോട്ട്‌ചോര്‍ച്ച ഉണ്ടാകേണ്ടതാണ്. അതുണ്ടായില്ലെന്ന് നാം കണ്ടല്ലോ. പക്ഷേ, നിലമ്പൂരില്‍ വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. അത് യുഡിഎഫിനാണ്. 2021ല്‍ കോണ്‍ഗ്രസിലെ വി വി പ്രകാശിന് ലഭിച്ചതിനേക്കാള്‍ 1470 വോട്ട് കുറവാണ് ആര്യാടന്‍ ഷൗക്കത്തിന് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന് 65,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു എന്നറിയുമ്പോഴേ അവരുടെ വോട്ട് എത്രമാത്രം കുറഞ്ഞെന്ന് വ്യക്തമാകൂ.
ഭരണവിരുദ്ധ ആഖ്യാനം സൃഷ്ടിക്കാന്‍ കോളങ്ങള്‍ നീക്കിവച്ച മാധ്യമങ്ങളുടെ റിപ്പോര്‍ട്ടും മുഖപ്രസംഗവും വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ത്തന്നെ ഭരണവിരുദ്ധവികാരം എന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണെന്ന് വ്യക്തമാകും. എന്തുകൊണ്ട് എല്‍ഡിഎഫ് തോറ്റെന്ന് ഒന്നാം പേജില്‍ ആറ് കോളം വാര്‍ത്ത നല്‍കിയ പത്രമാണ് മാതൃഭൂമി. ഭരണവിരുദ്ധവികാരമാണ് പ്രധാന കാരണങ്ങളിലൊന്ന് എന്നും അതില്‍ വിലയിരുത്തി.
എന്നാല്‍ അതേ പത്രം 'പറഞ്ഞും പറയാതെയും നിലമ്പൂര്‍ ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ ആദ്യ ഖണ്ഡികയില്‍ത്തന്നെ പറയുന്നത് 'ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമോ അടുത്ത കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയോ ആയി ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താനാകില്ലെന്നതാണ്. ഈ ജനവിധി എല്‍ഡിഎഫിന് കടുത്ത നിരാശയ്‌ക്കോ യുഡിഎഫിന് അമിത ആത്മവിശ്വാസത്തിനോ വക നല്‍കുന്നില്ല' എന്നും - മുഖപ്രസംഗം തുടരുന്നു.
'ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകള്‍ക്കൊപ്പം സ്ഥാനാര്‍ഥി പി വി അന്‍വര്‍ വ്യക്തിപരമായി സമാഹരിച്ച വോട്ടുകളും യുഡിഎഫില്‍നിന്ന് ചോര്‍ന്ന വോട്ടുകളും ചേര്‍ന്നപ്പോഴാണ് 2016ലും 2021ലും എല്‍ഡിഎഫ് വിജയിച്ചത്. 1982ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി ടി കെ ഹംസ ജയിച്ചതും അത്തരം ചില ഘടകങ്ങളുടെ മേളനത്തിലൂടെയാണ്. 1987 മുതല്‍ 2011 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം യുഡിഎഫിനൊപ്പമായിരുന്നു. ഇപ്പോഴത്തെ ജനവിധി സംസ്ഥാനതലത്തില്‍ നിലനില്‍ക്കുന്നൊരു രാഷ്ട്രീയ വികാരത്തിന്റെ സൂചനയായി കരുതാനാകില്ലെന്ന് പറയേണ്ടി വരുന്നത് ഇക്കാരണങ്ങളാലൊക്കെയാണ്.' ഇതുതന്നെയാണ് ഞങ്ങളും പറയുന്നത്.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മുഖപ്രസംഗത്തില്‍ നിലമ്പൂരിലെ ജനവിധി 'ഭരണമാറ്റത്തിനുള്ള സൂചനയോ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഹിതപരിശോധനയോ ആയി വ്യാഖ്യാനിക്കാനാകില്ലെന്നും' അഭിപ്രായപ്പെടുകയുണ്ടായി. എന്തിനധികം പറയണം മലയാള മനോരമപോലും മുഖപ്രസംഗത്തില്‍ വളരെ വിഷമിച്ച് ഇക്കാര്യം സമ്മതിക്കുന്നുണ്ട്. മാസങ്ങള്‍മാത്രം അകലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചിക ഈ തെരഞ്ഞെടുപ്പില്‍നിന്ന് കണ്ടെത്താനാകില്ല എന്നാണ് അവരും അഭിപ്രായപ്പെടുന്നത്. സിപിഐ എമ്മും എല്‍ഡിഎഫും പറയുന്നതും ഇതുതന്നെയാണ്. നിലമ്പൂരിലേത് പരാജയംതന്നെയാണ്. എന്നാല്‍, ആ പരാജയം പിണറായി സര്‍ക്കാരിനെതിരെയുള്ള ജനവിധിയാണെന്ന് പറയുന്നത് വസ്തുതയല്ല.
Content Highlights: MV Govindan says LDF`s loss in Nilambur bypoll doesn`t reflect a public mandate government
Published: 26 Jun 2025, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented