കണ്ണൂർ/കാസർകോട്/മലപ്പുറം /കോഴിക്കോട്/: മലപ്പുറം ചെമ്മാട് സ്ഫോടകവസ്തുക്കൾ പിടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എൻ.ഐ.എ. കേരളത്തിനകത്തുംപുറത്തും വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. കണ്ണൂർ ചെറുപുഴ ചുണ്ടയിലും കാസർകോട്ടെ ചിറ്റാരിക്കാൽ കടുമേനി പട്ടേങ്ങാനത്തും പുത്തിഗെ അംഗഡിമൊഗർ കട്ടത്തടുക്കയിലും കോഴിക്കോട് മുക്കത്തും മലപ്പുറം വണ്ടൂരും തിരൂരങ്ങാടിയിലും റെയ്ഡ് നടത്തി. പ്രതികളുടെ വീടുകൾ, ക്വാറികൾ, സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച പരിശോധന നടത്തിയത്.

To advertise here,

2026 ഫെബ്രുവരിയിൽ സവാളയുമായെത്തിയ വാഹനത്തിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുശേഖരം ചെമ്മാടുവച്ച് പിടിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ക്വാറികളിൽ ഉപയോഗിക്കുന്നതിനുള്ള സ്ഫോടകവസ്തുക്കൾ അനധികൃതമായി കടത്തിക്കൊണ്ടുവന്നതാണെന്നായിരുന്നു പ്രാഥമികനിഗമനം. അട്ടിമറിസാധ്യതയെത്തുടർന്ന് എൻ.ഐ.എ. അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

സംഭവത്തിൽ മുക്കം എരഞ്ഞിമാവ് സ്വദേശികളായ തേഞ്ചേരി പറമ്പിൽ ടി.പി. ഷെരീഫ് (35), നിസാർ (42), ഇർഷാദ് (28), കാസർകോട് ഹോസ്ദുർഗിൽ ടി.എ. സജി എന്നറിയപ്പെടുന്ന പാലക്കാട് കുലുക്കല്ലൂർ വലിയപറമ്പ് സ്വദേശി പള്ളിക്കണ്ടി മുഹമ്മദ് സലീം (52), ലോറിഡ്രൈവർ കണ്ണൂർ ചെറുപുഴ ചൂണ്ടയിലെ കരിമ്പൻ അനിൽകുമാർ (51), തിരൂരങ്ങാടി ചാപ്പങ്ങത്തിൽ തയ്യിൽ സി.ടി. കമറുദ്ദീൻ എന്നിവർ നേരത്തേ പോലീസ് പിടിയിലായിരുന്നു. ഒന്നാം പ്രതി എരഞ്ഞിമാവ് സ്വദേശി ഹാരിസിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഹാരിസിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘എക്സലന്റ് ബ്രിക്സ്’ എന്ന സ്ഥാപനത്തിലുംപരിശോധന നടത്തി. വണ്ടൂർ പുതിയത്ത്കുന്നിലെ ഭാര്യവീടും തിരൂരങ്ങാടിയിലെ ഗോഡൗണും പരിശോധിച്ചു.

പട്ടേങ്ങാനത്തെ തോട്ടുമണ്ണിൽ ജോർജിന്റെ (ജോബി) വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ച് ജെലാറ്റിൻ സ്റ്റിക്ക് പിടിച്ചെടുത്തു. പ്രതി മുഹമ്മദ് സലീമിന്റെ സഹോദരനാണ് ജോർജ്. മുഹമ്മദ് സലീം ചെറുപ്പത്തിൽ മതംമാറിയതാണ്. മുഹമ്മദ് സലീമിന്റെ ഭാര്യ താമസിക്കുന്ന കട്ടത്തടുക്കയിലെ ക്വാർട്ടേഴ്സിൽനിന്ന് ചില രേഖകളും പിടിച്ചെടുത്തു. രണ്ടാംപ്രതി ചെറുപുഴയിൽ ചുണ്ട സ്വദേശി അനിൽകുമാറിന്റെ വീട്ടിലും പരിശോധന നടത്തി.

തമിഴ്‌നാട്ടിൽ തിരുച്ചിറപ്പള്ളിയിലും വിരുദുനഗറിലുമുള്ള മൂന്നിടങ്ങളിലും പരിശോധന നടത്തി. തിരുച്ചിറപ്പള്ളിയിലെ തുറയൂരിൽ പടക്കനിർമാണശാലയിൽനിന്ന് അനധികൃതമായി സ്ഫോടകവസ്തുകൾ കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ. എത്തിയത്.