തിരുവനന്തപുരം: ഇ.ഡി.യും (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) കേന്ദ്ര അന്വേഷണ ഏജന്‍സികളും കുറച്ചുകാലമായി കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെയും ഇടതുപക്ഷ മുന്നണിയുടെ നേതാക്കളെയും വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് കെ. രാധാകൃഷ്ണന്‍ എം.പി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്‍റേത് അടക്കം സ്വത്തുക്കള്‍ കണ്ടുകെട്ടിയ വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് സമയത്തുതന്നെ വലിയ വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഇ.ഡിയും മറ്റ് അന്വേഷണ ഏജന്‍സികളും ഇടതുപക്ഷ മുന്നണിയെയും പ്രത്യേകിച്ച് സി.പി.എമ്മിനെയും കുറ്റപ്പെടുത്താന്‍ കഴിയുന്ന നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അത് സി.പി.എമ്മിനെ മാത്രമല്ല ഇനി ലക്ഷ്യമിടുന്നത് എന്നത് കണ്ടറിയേണ്ടതുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ഇടതുപക്ഷ മുന്നണിയെ തകര്‍ക്കുക എന്ന ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനം നടന്നുവരികയാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.
സഹകരണ മേഖലയില്‍ നടക്കാന്‍ പാടില്ലാത്തത് നടക്കുന്നുണ്ടെങ്കില്‍ അത് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന അഭിപ്രായം തന്നെയാണ് സി.പി.എം നേരത്തെയും ഇപ്പോഴും മുന്നോട്ടുവെക്കുന്നത്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കണമെന്ന് ഞങ്ങള്‍ ഒരിക്കല്‍ പോലും വാദിച്ചിട്ടില്ല. പക്ഷേ, ഇവിടെ രാഷ്ട്രീയ ഉദ്ദേശ്യത്തോടുകൂടി ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും തകര്‍ക്കാന്‍ ലക്ഷ്യംവെച്ചുകൊണ്ടാണ് സഹകരണ മേഖലയില്‍ ഇടപെട്ട് വലിയരീതിയിലുള്ള ദുഷ്പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ തന്നെ സഹകരണ മേഖലയില്‍ വലിയ നേട്ടമുണ്ടാക്കിയ ജില്ല എന്നനിലയില്‍ തീര്‍ച്ചയായും ആ സഹകരണരംഗത്ത് ഇടതുപക്ഷത്തിന് വലിയ സ്വാധീനമുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ആ സ്വാധീനം ഇല്ലാതാക്കാന്‍ മാത്രമാണ് ഇപ്പോള്‍ പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നത്, രാധാകൃഷ്ണന്‍ പറഞ്ഞു.
Content Highlights: never advocated for the protection of accused attempt to destruct cpm alleges k radhakrishnan mp
Published: 30 Jun 2024, 04:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented