കൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയും അനാസ്ഥയും ഉണ്ടായതായി കുടുംബത്തിൻ്റെ ആരോപണം. മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും സംയുക്തമായി തിരച്ചിൽ നടത്തുന്നതിൽ ഏകോപനമില്ലെന്നതാണ് കുടുംബത്തിൻ്റെ പ്രധാന പരാതി.

To advertise here,

തിരച്ചിൽ നടത്തുന്ന വിവിധ ഏജൻസികൾ തമ്മിൽ യാതൊരുവിധ ഏകോപനവുമില്ലെന്നും കൃത്യസമയത്ത് നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ മകന്റെ ജീവൻ രക്ഷിക്കാനോ അല്ലെങ്കിൽ ശരീരം നേരത്തെ കണ്ടെത്താനോ സാധിക്കുമായിരുന്നെന്നും ഗൗതമിന്റെ അമ്മ രേഷ്മ പറഞ്ഞു. കടലിൽ തിരച്ചിൽ നടത്താൻ അനുകൂലമായ കാലാവസ്ഥ ഉണ്ടായിരുന്നിട്ടും ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥർ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് കുടുംബം പറഞ്ഞു. 

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടതിനെത്തുടർന്ന് നേവി ഷിപ്പ് എത്തിയ വിവരം പോലും കോസ്റ്റൽ പോലീസ് അറിഞ്ഞിരുന്നില്ല. വൈകുന്നേരം ആറുമണിക്ക് കപ്പൽ എത്തിയതായി കണ്ടെങ്കിലും അതേക്കുറിച്ച് കോസ്റ്റൽ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ തങ്ങൾ അറിഞ്ഞില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് രേഷ്മ പറഞ്ഞു.

ഗവൺമെന്റിനെ മൊത്തമായി കുറ്റപ്പെടുത്തുന്നില്ലെങ്കിലും ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ ഉദ്യോഗസ്ഥർ കാട്ടുന്ന വൈമുഖ്യം അംഗീകരിക്കാനാവില്ലെന്നും തല്ലിയാലും തങ്ങൾ നന്നാകില്ലെന്ന രീതിയാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും രേഷ്മ പറഞ്ഞു.