
കൊല്ലം: നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ നീണ്ടകര പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണ(26)യ്ക്കായി തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലുണ്ടായതോടെ തിരച്ചിലിനായി നാവികസേനയുടെ കപ്പൽ ഐ.എൻ.എസ്. കൽപ്പേനിയും കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും കൊല്ലത്തെത്തി പരിശോധന ആരംഭിച്ചു. ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഞായറാഴ്ച നീണ്ടകരയിലെ വീട്ടിലെത്തി കുടുംബത്തെ പിന്തുണയറിയിച്ചു.
കാലാവസ്ഥ പ്രതികൂലമായി തുടരുന്നത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്. തിരച്ചിൽ ഊർജിതമാക്കണമെന്ന ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയുടെ അഭ്യർഥനയെത്തുടർന്ന് സുരേഷ് ഗോപി മുംബൈയിലെ നാവികസേനാ ആസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. നാവികസേനയുടെ അതിവേഗ പട്രോളിങ് യുദ്ധക്കപ്പലായ ഐ.എൻ.എസ്. കൽപ്പേനി ശനിയാഴ്ച രാത്രിയാണ് കൊച്ചിയിൽനിന്നു പുറപ്പെട്ടത്. ഇതിനു പുറമേ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും ഗൗതം കൃഷ്ണയ്ക്കുവേണ്ടിയുള്ള തിരച്ചിലിനായി എത്തി. കരുനാഗപ്പള്ളിക്കടുത്ത് അമൃതപുരിയിലെ അമൃത എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് ഒറ്റ രാത്രികൊണ്ട് ഹെലിപാഡ് നിർമിച്ചിരുന്നു.
സ്‌കൂബാ ഡൈവർമാരെ ഉപയോഗിച്ച് തിരച്ചിൽ നടത്താനുള്ള ശ്രമം, കടലിൽ ശക്തമായ അടിയൊഴുക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐ.എൻ.എസ്. കൽപ്പേനി കൊല്ലത്തെത്തിയത്. നാവികസേനയുടെ മുങ്ങൽവിദഗ്ദ്ധരും തിരച്ചിൽദൗത്യത്തിന്റെ ഭാഗമാണ്. ഹെലികോപ്റ്ററിൽ ഇന്ധനം നിറയ്ക്കുന്നതിനാവശ്യമായ സൗകര്യങ്ങളുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ടാങ്കറും കൊച്ചിയിൽനിന്നെത്തി.
ജൂലായ് 31-ന് പുലർച്ചെയാണ് നീണ്ടകര അഴിമുഖത്തിന് പടിഞ്ഞാറ് ഗൗതം കൃഷ്ണയുൾപ്പെടെ 14 പേർ സഞ്ചരിച്ചിരുന്ന വള്ളം അപകടത്തിൽപ്പെട്ടത്. കോസ്റ്റ്ഗാർഡും മറൈൻ എൻഫോഴ്‌സ്മെന്റും തമ്മിൽ ഏകോപനമില്ലാത്തത് ആദ്യദിവസങ്ങളിലെ തിരച്ചിലിനെ ബാധിച്ചതായി രേഷ്മ ആരോപിക്കുന്നുണ്ട്.
അപകടത്തിൽ രേഷ്മയുടെ അച്ഛൻ യു. രാജീവനും ഭർത്താവ് രാധാകൃഷ്ണനും മരിച്ചിരുന്നു. ഞായറാഴ്ച വൈകീട്ടോടെ ആരോഗ്യനില വഷളായതിനാൽ രേഷ്മ ആശുപത്രിയിൽ ചികിത്സതേടി.
Content Highlights: Search for missing fisherman Goutham Krishna enters the 11th day in Kollam., Union Minister Suresh Gopi intervened to deploy the Indian Navy ship INS Kalpeni., Coast Guard helicopters and Navy divers are actively involved despite adverse weather., The initial boat accident on July 31 also claimed the lives of Goutham's grandfather and father.
Published: 10 Aug 2026, 08:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented