തിരുവനന്തപുരം: ശനിയാഴ്ച ഉച്ചയോടെയാണ് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കിത്തുടങ്ങിയത്. ഞായറാഴ്ച രാവിലെയോടെ അഞ്ച് ലോഡ് മാലിന്യം തോട്ടിൽനിന്നു നീക്കി. ചാക്കിൽ നിറച്ച മാലിന്യങ്ങൾ തോട്ടിലുണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.

To advertise here,

റെയിൽവേ പ്ലാറ്റ്‌ഫോമിലെ രണ്ടു മാൻഹോളുകളും തുറന്ന് പരിശോധിച്ചെങ്കിലും അടിഞ്ഞുകൂടിയ മാലിന്യം കാരണം രക്ഷാപ്രവർത്തനത്തിൽനിന്നു സ്‌കൂബാ ടീമംഗങ്ങൾ പിന്മാറി. ഇത്രയും മാലിന്യം നീക്കിയിട്ടും തോട് വൃത്തിയാക്കി രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല. വൻതോതിൽ മാലിന്യം തോട്ടിലുണ്ടെന്നാണ് കണ്ടെത്തിയത്. ഇത് മാറ്റുന്നത് വലിയ വെല്ലുവിളിയാണ്. ലോഡ് കണക്കിന് മാലിന്യങ്ങൾ തോട്ടിൽ അടിഞ്ഞുകൂടിയത് നീരൊഴുക്കിന് തടസ്സം സൃഷ്ടിച്ചു. തോട്ടിലെ തുരങ്കത്തിലൂടെ രക്ഷാപ്രവർത്തകർക്ക് കൂടുതൽ ദൂരം സഞ്ചരിക്കാനും കഴിഞ്ഞില്ല.

ഞായറാഴ്ച രാവിലെ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. അഡീഷണൽ റെയിൽവേ ഡിവിഷൻ മാനേജർ എം.ആർ.വിജി, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, അഗ്നിരക്ഷാസേന മേധാവി കെ.പത്മകുമാർ, ആർ.പി.എഫ്, എൻ.ഡി.ആർ.എഫ്., ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർ, മേയർ ആര്യാ രാജേന്ദ്രൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

കൂടുതൽ സ്‌കൂബാ ഡൈവിങ് അംഗങ്ങളെ സംഭവസ്ഥലത്ത് എത്തിക്കുമെന്നും പത്തനംതിട്ട, കൊല്ലം എന്നീ ഭാഗങ്ങളിൽനിന്നു കൂടുതൽ രക്ഷാപ്രവർത്തകർ എത്തിയെന്നും മന്ത്രി പറഞ്ഞു. ഫയർഫോഴ്‌സ് കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും തദ്ദേശ വകുപ്പും ആരോഗ്യമേഖലയും പ്രവർത്തനങ്ങൾക്കായി സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഇതിനായി മെഡിക്കൽ കോളേജിലെ എമർജൻസി വിഭാഗത്തിൽ നിന്നുള്ള പ്രത്യേക സംഘവും എത്തി.

എം.എൽ.എ.മാരായ സി.കെ.ഹരീന്ദ്രൻ, വി.കെ.പ്രശാന്ത്, ആന്റണി രാജു, ഡെപ്യൂട്ടി മേയർ പി.കെ.രാജു, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ആരോഗ്യ സ്ഥിരം കൗൺസിൽ അംഗം ഗായത്രി ബാബു, കോർപ്പറേഷൻ കൗൺസിൽ അംഗം എം.ആർ.ഗോപകുമാർ, കൗൺസിലർ ആശാനാഥ് എന്നിവരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കാത്തിരിപ്പ്....മൂന്നാം നാൾ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ കണ്ടെത്താൻ അഗ്നിരക്ഷാസേന, ദുരന്തനിവാരണ സേന തുടങ്ങിയ വിവിധ ഏജൻസികൾ ഞായറാഴ്ചയും നടത്തിയത് കഠിനപരിശ്രമം.

placeholder
• തമ്പാനൂർ ആർ.എം.എസ്. ഓഫീസിനോടു ചേർന്ന ആമയിഴഞ്ചാൻതോട്ടിൽ വൃത്തിയാക്കുന്നതിനിടയിൽ കാണാതായ തൊഴിലാളിക്കുവേണ്ടി രണ്ടാംദിവസവും പരിശോധന നടത്തുന്ന സ്കൂബ ഡൈവിങ് സംഘവും ദുരന്തനിവാരണസേനയും • തോട്ടിലിറങ്ങിയുള്ള തിരച്ചിലിനുശേഷം പുറത്തെത്തിയ സ്കൂബ ഡൈവിങ് അംഗത്തിന് റെയിൽവേയുടെ പൈപ്പിന്റെ ചുവട്ടിലിരുത്തി ദേഹത്തെ മാലിന്യം കഴുകിക്കളയാൻ സഹായിക്കുന്ന സഹപ്രവർത്തകർ |ഫോട്ടോ: എസ്‌. ശ്രീകേഷ്‌

സെൻട്രൽ റെയിൽവേ സ്റ്റേഷനുള്ളിലൂടെ തോട് കടന്നുപോകുന്ന ഭാഗത്താണ് രാവിലെ തിരച്ചിൽ ആരംഭിച്ചത്. ഇതിനായി മൂന്നാം പ്ലാറ്റ്‌ഫോമിലൂടെയുള്ള ഗതാഗതം പത്തരയോടെ റെയിൽവേ നിർത്തിവെച്ചു. അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ഡൈവിങ് ടീമിലെ വിദഗ്ധർ റെയിൽവേ ട്രാക്കിലെ മാൻഹോൾ മാറ്റി ഉള്ളിലേക്കിറങ്ങി. ഇവിടെനിന്നു പവർ ഹൗസ്, തമ്പാനൂർ ഭാഗങ്ങളിലേക്ക് തിരച്ചിൽ നീണ്ടു. എന്നാൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ കാരണം ദൗത്യസംഘത്തിന് കൂടുതൽ ഉള്ളിലേക്ക് കടക്കാനായില്ല. സംഘാംഗങ്ങൾക്ക് ശ്വാസതടസ്സം നേരിട്ടതും തിരിച്ചടിയായി.

ചാക്കുകണക്കിന് മാലിന്യമാണ് തോടിനുള്ളിൽ കെട്ടിക്കിടക്കുന്നതെന്ന് പുറത്തുവന്ന സ്‌കൂബാ ടീമംഗങ്ങൾ പറഞ്ഞു. കവറുകളിലും, തുണികളിലും കെട്ടിയ നിലയിലാണിവയെന്നും അവർ പറഞ്ഞു.

ഇതേസമയം ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ ഭാഗത്തും വിപുലമായ രീതിയിൽ തിരച്ചിൽ നടക്കുന്നുണ്ടായിരുന്നു. ടെക്‌നോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ് സംരംഭമായ ജെൻ റോബോട്ടിക്‌സിന്റെ ബാൻഡികൂട്ട്‌സ് എന്ന അത്യാധുനിക ഉപകരണത്തിന്റെ സഹായത്തോടെയായിരുന്നു തിരച്ചിൽ.

ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിൽ മനുഷ്യന്റെ പാദം പതിഞ്ഞതായി സംശയമുയർന്നതിനെ തുടർന്ന് സ്‌കൂബാ ടീം ഈ ഭാഗത്തും വിശദതിരച്ചിൽ നടത്തി. അരമണിക്കൂറോളം നീണ്ട തിരച്ചിലിൽ ക്യാമറയിൽ കണ്ടത് ശരീരഭാഗമല്ലെന്ന് സ്ഥിരീകരിച്ചു.

റെയിൽവേ സ്റ്റേഷന്റെ ഒന്നാമത്തേയും, മൂന്നാമത്തേയും പ്ലാറ്റ്‌ഫോമിനിടയിൽ നാൽപത് മീറ്ററോളം നീളത്തിലാണ് തിരച്ചിൽ നടത്തിയത്. ഈ ഭാഗത്ത് കോഫി ഹൗസ് മുതൽ പൗവർ ഹൗസ് വരെ ഭൂഗർഭ അറയാണ്. റെയിൽവേ ട്രാക്കായതിനാൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനും പരിമിതി നേരിട്ടു.തോട്ടിന്റെ പലഭാഗത്തും ഒരാൾ പൊക്കത്തിലാണ് മാലിന്യം അടിഞ്ഞു കൂടിയിരിക്കുന്നത്. തോടിനുള്ളിൽ ഇറങ്ങുന്ന ആൾക്ക് ഇതുമൂലം അധികം മുന്നോട്ട് പോകാൻ കഴിയുന്നില്ല. അതിരൂക്ഷമായ ദുർഗന്ധം സഹിച്ചാണ് സേനാംഗങ്ങൾ തോട്ടിൽ ഇറങ്ങുന്നത്.

ക്യാമറയിൽ കണ്ടത് ശരീരഭാഗമല്ല

: ശുചീകരണത്തൊഴിലാളിയുടെ കാൽപ്പാദം റോബോട്ടിക് ക്യാമറയിലൂടെ കണ്ടെത്തിയിട്ടില്ലെന്ന് സ്‌കൂബാ ടീമംഗങ്ങൾ. റോബോട്ടിക് തിരച്ചിലിൽ ക്യാമറയിലൂടെ മാലിന്യമാണ് കണ്ടതെന്നും സ്‌കൂബാ ടീം സ്ഥിരീകരിച്ചു. തോട്ടിലെ തുരങ്കത്തിലൂടെയാണ് റോബോട്ടിക് ക്യാമറ തിരച്ചിലിനായി ഉപയോഗിച്ചത്. തുടർന്നാണ് റോബോട്ടിക് പരിശോധനയിൽ കണ്ടത് ശരീരഭാഗങ്ങളാണെന്നു സംശയം തോന്നിയത്.

മാലിന്യം നീക്കാൻ നഗരസഭയുടെ 200 തൊഴിലാളികൾ

: ആമയിഴഞ്ചാൻ തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കാൻ കോർപ്പറേഷനും. രണ്ട് ദിവസങ്ങളിലായി 200-ഓളം തൊഴിലാളികളാണ് തോട് വൃത്തിയാക്കാൻ സജ്ജമായത്. മൂന്ന് മണ്ണുമാന്തി യന്ത്രവും ആറ് ടിപ്പർ ലോറിയും ശുചീകരണത്തിന് കോർപ്പറേഷൻ ഉപയോഗിച്ചു. രാവിലെ തുടങ്ങുന്ന ശുചീകരണം വൈകീട്ടോടെ ഒരു സംഘം അവസാനിപ്പിക്കും. തുടർന്ന് പ്രവർത്തനങ്ങൾ അടുത്ത സംഘം ഏറ്റെടുക്കും. അർധരാത്രി വരെ പ്രവർത്തനങ്ങൾ നീളും. കോർപ്പറേഷനിലെ മെഡിക്കൽ വിഭാഗം പ്രാഥമിക ചികിത്സയുൾപ്പെടെ റെയിൽവേ സ്റ്റേഷനിൽ ഒരുക്കി. റോബോട്ടിനെ രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിച്ചതും കോർപ്പറേഷന്റെ ഇടപെടലിലൂടെയാണ്.

പഴിചാരി റെയിൽവേയും കോർപ്പറേഷനും

തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി റെയിൽവേയുടെ പരിധിയിലുള്ള തുരങ്കസമാനമായ തോട് വൃത്തിയാക്കാൻ പലതവണ ആവശ്യപ്പെട്ടെന്ന് കോർപ്പറേഷൻ. മൈനർ ഇറിഗേഷന്റെ തോട് വൃത്തിയാക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു റെയിൽവേ. ദുരന്തനിവാരണ നിയമം അനുസരിച്ച് ഉന്നത ഉദ്യോഗസ്ഥർക്കു പ്രത്യേക നിർദേശം നൽകാമെന്നതും പാലിക്കപ്പെട്ടില്ല.

12 കിലോമീറ്റർ നീളമുള്ള തോടിന്റെ 140 മീറ്റർ മാത്രമാണ് റെയിൽവേയുടെ ഭാഗത്തുള്ളത്. വെള്ളയമ്പലം ഒബ്‌സർവേറ്ററി ഹിൽസിൽനിന്നു തുടങ്ങുന്ന തോടിന്റെ നല്ലൊരു ഭാഗവും തുറന്ന രീതിയിലാണ്. ചിലയിടങ്ങളിൽ ഉയർന്ന വേലിയുണ്ടെങ്കിലും മാലിന്യം വലിച്ചെറിയുന്നു.

ജോയ് കാണാമറയത്ത്; തിരച്ചിലിനായി നാവികസേന എത്തി

തിരുവനന്തപുരം: ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയെ ഇനിയും കണ്ടെത്താനായില്ല. ദേശീയ ദുരന്തനിവാരണസേനയും അഗ്നിരക്ഷാസേനയും രണ്ടുനാൾ ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയാത്തതോടെ കൊച്ചിയിൽനിന്ന് നാവികസേനയുടെ വിദഗ്ധസംഘം തിരച്ചിലിനായി തലസ്ഥാനത്തെത്തി. തിങ്കളാഴ്ച രാവിലെ തിരച്ചിൽ തുടങ്ങും.

രാത്രി ഒൻപതരയോടെയാണ് നാവികസേനയുടെ പ്രത്യേക ദൗത്യസംഘം എത്തിയത്. കളക്ടറും മേയറും രക്ഷാദൗത്യത്തിന്റെ സംഘാംഗങ്ങളുമായി നാവികസേനാ സംഘം ചർച്ച നടത്തി. ചർച്ചയ്ക്ക് ശേഷം ആമയിഴഞ്ചാൻ തോട്ടിലും പരിസരത്തും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സംഘം പരിശോധനകൾ നടത്തി. ഞായറാഴ്ച രാത്രി ഏഴോടെ തിരച്ചിൽ താത്‌കാലികമായി നിർത്തിവച്ചിരുന്നു. തോട്ടിനുള്ളിലെ തുരങ്കത്തിൽ പാറപോലെ മാലിന്യം ഉറഞ്ഞുകൂടിയതും വായുസഞ്ചാരമില്ലാത്തതും ഇറങ്ങാൻ ബുദ്ധിമുട്ടേറിയ മാൻഹോളുകളും തിരച്ചിൽ ദുഷ്‌കരമാക്കുകയായിരുന്നു.

നമ്മളാണ് കാരണക്കാർ

ജോയ് കുടുങ്ങിപ്പോയ മാലിന്യക്കയത്തിൽ അദ്ദേഹം ഒരു മിഠായിക്കടലാസ് പോലും എറിഞ്ഞിട്ടുണ്ടാവില്ല. എന്നാൽ ആ മാലിന്യമെറിഞ്ഞവർക്ക് പറയാനാകുന്നില്ല എവിടെയാണ് ജോയ് എന്ന്. അധികൃതർക്കൊപ്പം, മാലിന്യം വലിച്ചെറിയുന്ന നാം ഓരോരുത്തർക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്.