പത്തനംതിട്ട: തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിനും വേണ്ടി ഏതറ്റം വരെ പോകുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീൻ ബാബു മരിച്ചതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോട് സംസാരിക്കുന്നത്.

To advertise here,

പിപി ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണം. പരമാവധി ശിക്ഷ നല്‍കണം. ആ വേദിയിൽ അല്ല അവര്‍ അങ്ങനെ സംസാരിക്കേണ്ടിയിരുന്നത്. വേറൊരു വേദി കളക്ടർക്ക് ഒരുക്കാമായിരുന്നു. ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയേ തീർച്ചയായും അറസ്റ്റ് ചെയ്യണം. കൂടുതലൊന്നും പറയാനില്ല. ഏതറ്റം വരേയും പോകും - മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു.

തങ്ങൾ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. 'രാഷ്ട്രീയപരമായി ഒരു നിർദേശവും നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. നിയമവശം മാത്രമേ നോക്കിയിട്ടുള്ളൂ. പിപി ദിവ്യയെ തുടക്കം തൊട്ട് തന്നെ അറസ്റ്റ് ചെയ്യാൻ യാതൊരു വിലക്കും ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്യാമായിരുന്നു. ഈ നിമിഷവും അറസ്റ്റ് ചെയ്യാൻ പറ്റുന്നതാണ്. അത് തന്നെയാണ് പോലീസ് ചെയ്യേണ്ടത്. ഞാൻ ഒരു പാർട്ടി പ്രവർത്തകനല്ല. പാർട്ടി നേതൃത്വത്തോട് ഒന്നും ആവശ്യപ്പെടാനും ഇല്ല. നിയമപരമായി അവരെ അറസ്റ്റ് ചെയ്യുക കൃത്യമായ അന്വേഷണം നടത്തുക'- നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. 

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നില്ല. തലശ്ശേരി സെഷന്‍സ് കോടതിയാണ് ദിവ്യക്ക് ജാമ്യം നിഷേധിച്ചത്.

ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം. ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകേണ്ടിവരും. കണ്ണൂര്‍ ഒന്നാം ക്ളാസ് മജിസ്‌ട്രേട്ടിനു മുന്‍പിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പിലോ ദിവ്യ കീഴടങ്ങാനും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.