പത്തനംതിട്ട: കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക് വിടാൻ പുതിയസർക്കാർ തീരുമാനമെടുത്തേക്കും. ആദ്യ മന്ത്രിസഭായോഗത്തിൽത്തന്നെ ഇതിനുള്ള തീരുമാനമുണ്ടാകുമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറിയും റാന്നിയിലെ നിയുക്ത എം.എൽ.എ.യുമായ പഴകുളം മധു ‘മാതൃഭൂമി’യോട് പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണപാളിച്ചകൾ ഉണ്ടെന്നാരോപിച്ച് പത്തനംതിട്ടയിൽ ഡി.സി.സി. നടത്തിയ സമരത്തിന്റെ മുഖ്യസംഘാടകരിലൊരാളായിരുന്നു പഴകുളം മധു.
2024 ഒക്ടോബർ 15-നാണ് കണ്ണൂരിലെ ക്വാർട്ടേഴ്‌സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തലേന്ന് പകൽ കണ്ണൂർ കളക്ടറേറ്റിൽനടന്ന യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബുവിനെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ അധിക്ഷേപിച്ചു സംസാരിച്ചതിനെത്തുടർന്നുണ്ടായ ആത്മഹത്യയായതിനാലാണ് സംഭവം വിവാദമായത്. അറസ്റ്റിലായ പി.പി. ദിവ്യ ജാമ്യത്തിലിറങ്ങിയിരുന്നു.
കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെക്കൂടി അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്ന നിലപാടിലാണ് കുടുംബം. കേസ് പുനരന്വേഷിക്കണമെന്ന് കണ്ണൂർ കോടതിയുടെ നിർദേശപ്രകാരം കഴിഞ്ഞദിവസം പോലീസ് മലയാലപ്പുഴയിലെ വീട്ടിലെത്തി ഭാര്യ മഞ്ജുഷയുടെ മൊഴിയെടുത്തിരുന്നു.
കുടുംബത്തിന്റെ പ്രധാന ആവശ്യങ്ങൾ
- നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പ്രശാന്തനുവേണ്ടി സംസാരിക്കാൻമാത്രം പി.പി. ദിവ്യയുമായി എന്താണ് ബന്ധമെന്ന് കണ്ടെത്തണം
- കൈക്കൂലിക്ക് അടിസ്ഥാനമെന്ന് പറയുന്ന പെട്രോൾ പമ്പിന്റെ യഥാർഥ ഉടമ ആരാണ്
- കൈക്കൂലി കൊടുക്കാൻവേണ്ടിയുള്ള തുകയുടെ സാമ്പത്തികസ്രോതസ്സ് എവിടെനിന്നാണ്
Content Highlights: New government expected to initiate a CBI investigation into the death of ADM Naveen Babu., KPCC General Secretary Pazhakulam Madhu confirms the move will be discussed in the first cabinet meeting.
Published: 08 May 2026, 04:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented