
പാലക്കാട്: പ്രാർഥനകളുടേയും സമർപ്പണങ്ങളുടേയും നവരാത്രി ദീപങ്ങൾ തിങ്കളാഴ്ച മിഴിതുറക്കും. 22 മുതൽ ഒക്ടോബർ രണ്ടുവരെയാണ് ഇത്തവണത്തെ നവരാത്രി ആഘോഷങ്ങൾ. തിന്മയുടെ മേൽ നന്മയുടെ വിജയം ആഘോഷിക്കാനും അജ്ഞത നീങ്ങി ജ്ഞാനത്തിന്റെ വെളിച്ചം ജീവിതത്തിലേക്ക് കടന്നുവരാനുമുള്ള അവസരമായാണ് നവരാത്രി ആഘോഷിക്കുന്നത്.
സംസ്ഥാനത്തെ പ്രധാന ദേവീക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും ക്ഷേത്രങ്ങളിലെ സരസ്വതീമണ്ഡപങ്ങളിലും നവരാത്രി ആഘോഷങ്ങളുണ്ട്. അഗ്രഹാരങ്ങളിൽ ബൊമ്മക്കൊലു ഒരുക്കി. കൊലുദീപങ്ങൾ മിഴിതുറന്നാൽ സംഗീതാരാധനയുടെ വേളയാണ്.
പാലക്കാട്ടെ അന്നപൂർണ്ണേശ്വരീ ക്ഷേത്രത്തിലും കൊടുന്തിരപ്പുള്ളി അഗ്രഹാരത്തിലും നവരാത്രി ഒൻപതുനാളത്തെ ഉത്സവമാണ്. പുത്തനാൽക്കൽ ഭഗവതീക്ഷേത്രത്തിലാവട്ടെ സംഗീതോത്സവവേദി തിങ്കളാഴ്ച ഉണരും.
പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ 30-ാമത് സംഗീതോത്സവത്തിന് തിങ്കളാഴ്ച വൈകീട്ട് നാലിന് ശ്രീദുർഗ ഓഡിറ്റോറിയത്തിൽ തിരിതെളിയും. 6.45-ന് സാകേത്‌റാമിന്റെതാണ് പ്രധാന കച്ചേരി.
തൃശ്ശൂര്‍ ശങ്കരയ്യാറോഡിലെ ശിവാശ്രമം നാഗസായി കാളിക്ഷേത്ര ദേവസ്ഥാനത്തില്‍ നവരാത്രി ആഘോഷത്തിന് ബൊമ്മക്കൊലു ഒരുങ്ങി. മഠാധിപതി സ്വാമി ആദിത്യസ്വരൂപാനന്ദ നവരാത്രി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.

നവരാത്രിയെ വരവേല്‍ക്കാന്‍ വീടുനിറഞ്ഞ് അകല്യയുടെ ബൊമ്മക്കൊലു
കോട്ടയം: നവരാത്രികാലത്തെ മനോഹരമാക്കുന്നതാണ് ബൊമ്മക്കൊലു. എന്നാൽ, വീട് നിറഞ്ഞുനിൽക്കുന്ന വലിയ ബൊമ്മക്കൊലു ഒരുക്കി ആളുകളെ അമ്പരിപ്പിക്കുകയാണ് അകല്യ എന്ന നാല്പത്തൊന്നുകാരി. ആയിരത്തിലധികം ബൊമ്മകളുണ്ട്, തിരുനക്കര മീനാവിഹാറിലെ ബൊമ്മക്കൊലുവിൽ. ഗൃഹനാഥയായ അകല്യയും മക്കളായ കുമാറും ഗൗരിയും ചേർന്ന് 25 ദിവസംകൊണ്ടാണ് ഇതൊരുക്കിയത്.
20 വർഷം മുൻപാണ് ട്രിച്ചി സ്വദേശിനിയായ അകല്യ വിവാഹംചെയ്ത് ഭർത്താവിന്റെ നാടായ കോട്ടയത്തെത്തിയത്.
ഭർത്താവ് മഹാദേവന്റെ അമ്മ തൈലാമ്പാൾ നാരായണൻ വർഷങ്ങളായി വീട്ടിൽ ബൊമ്മക്കൊലു ഒരുക്കിയിരുന്നു. അകല്യയും ഒപ്പം ചേർന്നു. വലിയ ബൊമ്മക്കൊലുവെന്ന അമ്മയുടെ ആഗ്രഹത്തിന്റെ ഒപ്പം നിൽക്കാൻ വീട്ടിൽനിന്ന് ലഭിക്കേണ്ടിയിരുന്ന കുടുംബവിഹിതവും അകല്യ വാങ്ങിയത് ബൊമ്മകളായാണ്. പലതവണയായി രണ്ടരലക്ഷത്തോളം രൂപയുടെ പാവകൾ വേറെയും വാങ്ങി. ഒരുവർഷംമുൻപ് അമ്മ മരിച്ചു. വലിയ ബൊമ്മക്കൊലു ഒരുങ്ങിയപ്പോൾ അത് കാണാൻ അമ്മയില്ലെന്നതാണ് സങ്കടമെന്ന് അകല്യ പറയുന്നു.
ബൊമ്മക്കൊലുവിൽ കൂടുതലും ദേവീഭാവങ്ങൾതന്നെ. മറ്റു പുരാണകഥാപാത്രങ്ങൾ, ഋഷിമാർ, മേളക്കാർ, കുട്ടികൾ, മൃഗങ്ങൾ തുടങ്ങിയവയുമുണ്ട്. ഓരോ നവരാത്രിക്കും പുതുതായി എന്തുചെയ്യാമെന്നാണ് ഇപ്പോൾ അകല്യയുടെ ചിന്ത. അടുത്ത വർഷത്തേക്ക് മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ സൂചിപ്പിക്കുന്ന ബൊമ്മകൾ വാങ്ങണമെന്നാണ് ആഗ്രഹം. ചെന്നൈയിലെ സ്റ്റാച്യു സെന്ററിൽനിന്ന് നേരിട്ടും ഓൺലൈനായുമാണ് ബൊമ്മകൾ വാങ്ങുന്നത്. ഇതിനായി ചെറിയ തുകകൾ ചേർത്ത് സ്വരുക്കൂട്ടും.
നവരാത്രി വിഗ്രഹങ്ങൾക്ക് അതിർത്തിയിൽ വരവേൽപ്പ്
പാറശ്ശാല: നവരാത്രിപൂജകൾക്കായി പദ്‌മനാഭപുരത്തുനിന്ന് യാത്രതിരിച്ച നവരാത്രി വിഗ്രഹങ്ങൾക്ക് സംസ്ഥാന അതിർത്തിയിൽ ആചാരപരമായ സ്വീകരണം നൽകി. ദേവസ്വം ബോർഡിന്റെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ താലംനൽകി വിഗ്രഹ ഘോഷയാത്രയെ സ്വീകരിച്ചു.
ശനിയാഴ്ച രാവിലെ പദ്‌മനാഭപുരത്തുനിന്നു പുറപ്പെട്ട വിഗ്രഹ ഘോഷയാത്രയ്ക്ക് രാത്രി കുഴിത്തുറ മഹാദേവർ ക്ഷേത്രത്തിൽ ഇറക്കിപൂജ നടന്നു. ഞായറാഴ്ച രാവിലെ നടന്ന എഴുന്നള്ളത്തിന് കുഴിത്തുറമുതൽ റോഡിന്റെ ഇരുവശത്തും വിഗ്രഹങ്ങളെ സ്വീകരിക്കുന്നതിനായി ഭക്തർ തട്ടപൂജകളൊരുക്കിയിരുന്നു. ഉച്ചയ്‌ക്ക് പന്ത്രണ്ടോടെ കളിയിക്കാവിളയിൽ എത്തിയ വിഗ്രഹങ്ങൾക്ക് തമിഴ്നാട് പോലീസും കേരള പോലീസും ഗാർഡ് ഓഫ് ഓണർ നൽകി.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്നാട് ദേവസ്വം ജോയിന്റ് കമ്മിഷണർ എ. ഝാൻസി റാണിക്ക് താലം കൈമാറി വിഗ്രഹങ്ങളെ സ്വീകരിച്ചു. സ്വീകരണച്ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് കമ്മിഷണർ സുനിൽകുമാർ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻ ഡാർവിൻ, എൻഎസ്എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ചെയർമാൻ എൻ. ഹരിഹരൻ തുടങ്ങിയവർ പങ്കെടുത്തു.
ഘോഷയാത്രയായി നവരാത്രി വിഗ്രഹങ്ങൾ പാറശ്ശാല മഹാദേവർ ക്ഷേത്രത്തിൽ എത്തി. വൈകീട്ട് മൂന്നുമണിയോടെ വിഗ്രഹങ്ങൾ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കു യാത്രതിരിച്ചു. ഞായറാഴ്ച രാത്രി നെയ്യാറ്റിൻകരയിൽ ഇറക്കിപൂജ നടന്നു. തിങ്കളാഴ്ച രാവിലെ വിഗ്രഹങ്ങൾ തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും. വൈകീട്ട് കോട്ടയ്ക്കകത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ നവരാത്രിമണ്ഡപത്തിലെത്തും.
ബൊമ്മക്കൊലു
തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെ ആചാരമാണ് ‘ബൊമ്മക്കൊലു’. തിന്മയ്ക്കുമേൽ നന്മയുടെ വിജയത്തിന്റെ പ്രതീകമായി കേരളത്തിലെ ബ്രാഹ്മണസമൂഹങ്ങളിലും ഇത് ഒരുക്കുന്നു. മഹിഷാസുരനെ നിഗ്രഹിക്കാനായി, തങ്ങളുടെ ശക്തി ദേവിക്ക് നൽകി സഹായിച്ച ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ (ബൊമ്മ) ഗൊലുവിൽ (പടികൾ) വെച്ച് പൂജിക്കുന്നതാണ് ‘ബൊമ്മക്കൊലു’. ദേവിയും മഹിഷാസുരനുമായി നടന്ന യുദ്ധത്തിന്റെ ഒൻപതു ദിനത്തെ (നവരാത്രി) പ്രതിനിധാനംചെയ്ത് തടിയിൽ നിർമിച്ച ഒൻപത് പടി തട്ടുകളായി അടുക്കുന്നു. തുണി വിരിച്ച ഓരോ പടിയിലും പുരാണകഥകളെ ആസ്പദമാക്കിയോ പ്രാധാന്യവും വലുപ്പവും അനുസരിച്ചോ ബൊമ്മകൾ അടുക്കുന്നു.
ഏറ്റവും മുകളിലത്തെ പടിയിൽ പൂർണകുംഭം വയ്ക്കുന്നു. ചെറിയ കലശത്തിനുമുകളിൽ ചകിരിയോടുകൂടിയ (കുടുമി) തേങ്ങ വച്ച്, മാവിലകൊണ്ട് അലങ്കരിച്ചതാണ് പൂർണകുംഭം. ഈ കലശത്തിൽ ദേവിയെ സങ്കല്പിച്ച് വിളക്കുകൊളുത്തി നവരാത്രിയുടെ ഒൻപതു ദിവസവും പൂജിക്കുന്നു. വിജയദശമി കഴിഞ്ഞ് ഒരുദിവസം ബൊമ്മകളെ കിടക്കുന്നരീതിയിൽ വെച്ചശേഷമാണ് ബൊമ്മക്കൊലു നീക്കുക.
Content Highlights: navarathri celebration begins
Published: 22 Sept 2025, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented