കോഴിക്കോട്/മംഗളൂരു: വെടിമരുന്നും അപായകരമായ വസ്തുക്കളുമടങ്ങുന്ന കണ്ടെയ്നറുകളുമായി സഞ്ചരിച്ച ചരക്കുകപ്പൽ ‘വാൻ ഹായ് 503’ കേരളത്തിനടുത്തുള്ള ആഴക്കടലിൽ കത്താൻതുടങ്ങിയിട്ട് ഒരുമാസം. ജൂൺ ഒൻപതിന് രാവിലെ ഒൻപതരയോടെയാണ് കപ്പലിൽ തീ ഉയർന്നത് (ബുധനാഴ്ച രാവിലെ ഒൻപതരയാകുമ്പോഴേക്ക് 720 മണിക്കൂറായി കപ്പൽ ഒഴുകിനടന്ന് കത്തുകയാണ്). തീയണയ്ക്കാനും കപ്പലിനെ വരുതിക്ക് നിർത്താനുമുള്ള ദൗത്യവുമായി മൂന്നിലേറെ കപ്പലുകൾ അന്നുമുതൽ സമീപമുണ്ട്. അപകടത്തിൽ കാണാതായ നാല് കപ്പൽജീവനക്കാർ മരിച്ചോ ജീവിച്ചിരിപ്പുണ്ടോയെന്ന് ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കാനായിട്ടില്ല.
അറബിക്കടലിൽ കണ്ണൂർ അഴീക്കൽ തുറമുഖത്തിന് 81.49 കിലോമീറ്റർ (44 നോട്ടിക്കൽ മൈൽ) അകലെവെച്ചാണ് കപ്പലിന് തീപിടിച്ചത്. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തുനിന്ന് മുംബൈയിലെ നവഷെവ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. 1754 കണ്ടെയ്നറുകളാണ് ഇതിലുണ്ടായിരുന്നത്. വെള്ളം തട്ടുമ്പോൾ തീപിടിക്കുന്ന രാസപദാർഥങ്ങൾ ഉൾപ്പെട്ട കണ്ടെയ്നറുകളാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നത്.
ഇഇഇസെഡ് കടന്നു
തീപിടിക്കുമ്പോൾ കണ്ണൂർ അഴീക്കലിന് 81 കിലോമീറ്റർമാത്രം അകലെയായിരുന്നു കപ്പൽ. ജൂലായ് എട്ടിന് വൈകീട്ട് കേരളതീരത്തുനിന്ന് 220 കിലോമീറ്റർ അകലെയാണ് കപ്പലുള്ളത്. എൻജിൻ പ്രവർത്തനം നിലച്ച കപ്പൽ, കാറ്റിന്റെയും തിരയുടെയും വേഗമനുസരിച്ച് പൊന്നാനി തീരത്തേക്കാണ് ആദ്യം നീങ്ങിയത്. പിന്നീട്, ടഗ്ഗുകൾ ഉപയോഗിച്ച് വലിച്ചുകെട്ടി ലക്ഷദ്വീപ് ഭാഗത്തേക്ക് കൊണ്ടുപോയി. ജൂൺ 30-ഓടെ ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോൺ (ഇഇഇസെഡ്) കടന്നു.
സരോജ ബ്ളെസിങ്സ്, സാക്ഷം, വാട്ടർ ലില്ലി എന്നീ കപ്പലുകളാണ് തീയണയ്ക്കാനും, അവശേഷിക്കുന്ന ചരക്കുകൾ സുരക്ഷിതമാക്കാനും കാണാതായവരെ കണ്ടെത്താനുമുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
രണ്ട് ജീവനക്കാർ ആശുപത്രിയിൽ; 16 പേർ മടങ്ങി
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ട് കപ്പൽജീവനക്കാർ ഇപ്പോഴും മംഗളൂരു എജെ ആശുപത്രിയിൽ ചികിത്സയിലാണ്. കപ്പലിലെ ഓയിലറായ ചൈനക്കാരനായ ലു യൻലി, ഇൻഡൊനീഷ്യക്കാരനായ സോനിറ്റൂർ ഹയേനി എന്നിവരാണ് ചികിത്സയിലുള്ളത്. ഇവർക്ക് രണ്ടാഴ്ചയ്ക്കകം ആശുപത്രിവിടാനാവുമെന്ന് ഡോക്‌ടർമാർ പറഞ്ഞു. കപ്പലിലെ 18 പേരെയാണ് മംഗളൂരുവിൽ എത്തിച്ചിരുന്നത്. ചികിത്സയിലുള്ള രണ്ടുപേർ ഒഴികെയുള്ളവർ നാട്ടിലേക്ക് മടങ്ങിയിരുന്നു.
Content Highlights: cargo ship carrying hazardous materials has been burning off the Kerala coast for a month
Published: 09 Jul 2025, 07:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented