മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് 27 പേർക്ക് പരിക്ക്. ബുധനാഴ്ച പുലർച്ചെ നാലോടെ മൂന്നാറിൽനിന്ന്  ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ ബസാണ് 130 ജങ്ഷനിൽവെച്ച്  അപകടത്തിൽപ്പെട്ടത്. 

To advertise here,

പച്ചക്കറിയിമായി വന്ന നാഷണൽ പെർമിറ്റ് ലോറി ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ് റോഡിലേക്ക് മറിഞ്ഞു. അപകടസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ബസ്സിലുണ്ടായിരുന്ന 27 പേർക്ക് പരിക്കേറ്റു. നാല് പേരുടെ തലയ്ക്ക് പരിക്കുണ്ട്.

അപകടവിവരമറിഞ്ഞ മൂവാറ്റുപുഴ ഫയർ ആന്റ് റെസ്‌ക്യൂ സ്ഥലത്തെത്തി ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെടുത്തു. പരിക്കേറ്റവരെ ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ കെ.എ. ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മൂവാറ്റുപുഴ പോലീസും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

അപകടത്തെത്തുടർന്ന് എംസി റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സിൻ്റെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിന് വശത്തേക്ക് മാറ്റിയശേഷം റോഡ് വൃത്തിയാക്കി ഗതാഗതം പുഃനസ്ഥാപിച്ചു.