കോട്ടയം: മൂവാറ്റുപുഴ ആസ്ഥാനമാക്കി ജില്ല വരുന്നത് ഗൗരവത്തോടെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എം.എൽ.എ. മൂവാറ്റുപുഴ ആസ്ഥാനമാക്കി ജില്ല വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ഇതേ വേദിയിൽ വെച്ച് ഇക്കാര്യം അറിയിച്ചത്.

To advertise here,

‘മൂവാറ്റുപുഴയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി ഒരു ഓണസമ്മാനം നൽകിയിട്ടേ പോകാവൂ. ഏറെക്കാലമായി ഞങ്ങൾ വറുതിയിലാണ്. വിഷുവിനും ഓണത്തിനും ക്രിസ്മസിലും ന്യൂ ഇയറിലുമൊന്നും ഒന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. അങ്ങയിൽനിന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഓണസമ്മാനം എന്നത് സംസ്ഥാനത്ത് ഒരു പുതിയ ജില്ല രൂപീകൃതമാവുകയാണെങ്കിൽ അത് മൂവാറ്റുപുഴയായിരിക്കും എന്നതാണ്’- മാത്യു കുഴൽനാടൻ പറഞ്ഞു.

മൂവാറ്റുപുഴയുടെ എല്ലാ നഷ്ടങ്ങളും പരിഹരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‘എല്ലാ സങ്കടങ്ങളും എല്ലാ വിഷമങ്ങളും മാറ്റും. ഒരു കാര്യത്തിൽ നഷ്ടം വന്നാൽ അതിന്റെ പലിശ സഹിതം കിട്ടണമെന്നാണ് നമ്മൾ ആഗ്രഹിക്കുക. പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് തരും. എനിക്ക് മൂവാറ്റുപുഴക്കാരെ ഭയങ്കര ഇഷ്ടമാണ്. എന്റെ ജില്ലയിൽനിന്ന് വേറിട്ടുപോകുമോ എന്ന വിഷമം ഉണ്ട്. എന്നാലും ആ കാര്യം കൂടി ഗൗരവമായി പരിശോധിക്കുന്നുണ്ട്. ഒരു ഡിലിമിറ്റേഷൻ കമ്മിഷനെ സർക്കാർ കൊണ്ടുവരും. ഇക്കാര്യം ഉറപ്പായും പരിശോധിക്കും’ - മുഖ്യമന്ത്രി പറഞ്ഞു.

വികസനകാര്യത്തിൽ മൂവാറ്റുപുഴ പിന്നാക്കം നിൽക്കുന്നുവെന്നും പ്രധാനപ്പെട്ട ഫണ്ടുകളും മറ്റും കൊച്ചി ഭാഗത്തേക്ക് പോകുന്നുവെന്ന ആക്ഷേപം മൂവാറ്റുപുഴക്കാർക്ക് നേരത്തെ തന്നെയുണ്ട്. ഇതിന് പരിഹാരമെന്നോണം കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ ഭാഗങ്ങൾ ചേർത്ത് ഒരു ജില്ല വേണമെന്ന് നേരത്തെതന്നെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. മലയോര മേഖലയായതുകൊണ്ടുതന്നെ പ്രത്യേക ശ്രദ്ധ കിട്ടുന്നില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ വീണ്ടും പുതിയൊരു ജില്ലയെന്ന ആവശ്യം ഉയരുന്നത്.

ഇത്തവണത്തെ ബജറ്റിൽ പുതിയ ജില്ലകൾ രൂപീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും ഡിലിമിറ്റേഷൻ സമിതിയെ നിയോഗിക്കുമെന്നും പറഞ്ഞിരുന്നു. ഇതുകൂടി മുന്നിൽ കണ്ടാണ് മാത്യു കുഴൽനാടൻ എം.എൽ.എ.യുടെ ആവശ്യവും മുഖ്യമന്ത്രിയുടെ പ്രതികരണവും ഉണ്ടായിരിക്കുന്നത്.