കൊച്ചി: മുട്ടിൽ മരുമുറി വിൽപന കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനും കോടതിയിൽ കീഴടങ്ങി. പിന്നാലെ ജാമ്യമെടുത്തു. മറ്റൊരു പ്രതിയായ റോജി അഗസ്റ്റിൻ എത്തിയില്ല. വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പ്രതികൾ കീഴടങ്ങിയത്. കേസ് ഓഗസ്ത് 18ന് വീണ്ടും പരിഗണിക്കും.

To advertise here,

ഈ മാസം ആറാം തീയതിയും പത്താംതീയതിയും മുട്ടിൽ മരംമുറി മരം വിൽപന കേസുമായി ബന്ധപ്പെട്ട കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി പരിഗണിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് തവണയും കേസ് പരിഗണിച്ചപ്പോൾ പ്രതികളായ ആന്റോ സഹോദരന്മാർ കോടതിയിൽ ഹാജരായിരുന്നില്ല. പ്രതികൾ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് പ്രതികൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

2021ലാണ് അഗസ്റ്റിൻ സഹോദരന്മാർക്കെതിരേ എറണാകുളം കരിമുകളിലുള്ള മലബാർ ടിമ്പർ സ്ഥാപന ഉടമ എം എം അലിയാർ പരാതി നൽകിയത്. വയനാട്ടിൽ നിന്ന് മുറിച്ച ഈട്ടി മരങ്ങൾ കരിമുകളിലുള്ള എം എം അലിയാറുടെ മലബാർ ടിമ്പർ എന്ന സ്ഥാപനത്തിലായിരുന്നു വിറ്റത്. പിന്നീടാണ് അനധികൃതമായി വെട്ടിയ മരങ്ങളാണ് തനിക്ക് വിറ്റത് എന്ന് കാണിച്ചുകൊണ്ട് അലിയാർ പരാതി നൽകിയത്. ഈ കേസ് ചോറ്റാനിക്കര കോടതിയിൽ പുരോഗമിക്കുകയാണ്.