കൊച്ചി: മുട്ടില്‍ മരംമുറി കേസിലെ മുഖ്യപ്രതിയായ റോജി അഗസ്റ്റിന്‍ മുങ്ങിയെന്ന് അന്വേഷണസംഘം. തിങ്കളാഴ്ച രാവിലെ പത്ത് മണി മുതല്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. രാത്രി 10:30 ന് ഇയാള്‍ എറണാകുളം കളമശ്ശേരി ഭാഗത്ത് വന്ന് പോയതായും അന്വേഷണസംഘത്തിന് വിവരമുണ്ട്. പ്രതികളുടെ ജാമ്യഹര്‍ജി ഇന്നലെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 

To advertise here,

പ്രതികള്‍ക്കെതിരെ 701ല്‍ അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും എന്തുകൊണ്ടാണ് അറസ്റ്റ് നടക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ അന്വേഷണസംഘം ഊര്‍ജ്ജിതമാക്കിയത്. ക്രൈം ബ്രാഞ്ചും, വനംവകുപ്പുമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. നിലവില്‍ റോജി മുങ്ങി എന്ന പ്രാഥമികവിവരം മാത്രമാണ് അന്വേഷണസംഘം നല്‍കുന്നത്.

മുട്ടില്‍ മരംമുറി കേസില്‍ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. പട്ടയ രേഖകള്‍ പ്രകാരം മുറിച്ച് മാറ്റിയ ഈട്ടി മരങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിബ്ധമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിലവിലെ നിയമവ്യവസ്ഥ ലംഘിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതിലും കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിനെയും റവന്യൂ വകുപ്പിനെയും രൂക്ഷമായാണ് സംഭവത്തില്‍ കോടതി വിമര്‍ശിച്ചത്. നിയമം മുന്‍കാല പ്രാബല്യത്തില്‍ ഭേദഗതി ചെയ്യാന്‍ കഴിയമായിരുന്നല്ലോയെന്നും എന്നിട്ടും ചട്ടം ലംഘിച്ചത് ആശ്ചര്യപ്പെടുത്തുന്നുവെന്നും കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Content Highlights: Muttil case main accused Roji agustine missing since yesterday says Crime branch