തിരുവമ്പാടി(കോഴിക്കോട്): ശക്തമായ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് മുത്തപ്പൻപുഴ പാലം ഒലിച്ചുപോയി. നിർമാണത്തിലിരിക്കുന്ന തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ പൊതുമരാമത്ത് റോഡിന്റെ ഭാഗമായി പണിത താത്കാലിക പാലമാണിത്. മുത്തപ്പൻപുഴ മുസ്‌ലിം പള്ളിക്കു സമീപം നിർമിച്ച താത്കാലിക സംവിധാനമാണ് വ്യാഴാഴ്ച വൈകുന്നേരം തകർന്നത്. വനത്തിനുള്ളിൽ പെയ്ത അതിശക്തമായ മഴയെത്തുടർന്ന് തോട്ടിലൂടെ വൻതോതിൽ മലവെള്ളം കുത്തിയൊലിച്ച് വരുകയായിരുന്നു. നിലവിൽ ഈ റൂട്ടിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.

To advertise here,

ചെറുവാഹനങ്ങൾക്കു മാത്രമായി ഗതാഗതം ഭാഗികമായി പുനഃ സ്ഥാപിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. നിശ്ചിത സമയത്തിനകം പാലത്തിന്റെ പണി പൂർത്തിയാക്കാൻ കരാർ കമ്പനി തയ്യാറാകാത്തതാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

സമയബദ്ധിതമായി പണി തീർത്തിരുന്നെങ്കിൽ മഴക്കാലത്തിന് മുൻപു തന്നെ ജനങ്ങൾക്ക് സ്ഥിരം സംവിധാനം ഉപയോഗിക്കാമായിരുന്നു. വരും ദിവസങ്ങളിലും മഴ ശക്തമായാൽ ഈ മേഖല പൂർണമായും ഒറ്റപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കിഫ്ബി പദ്ധതിയിൽ 108.314 കോടി രൂപ ചെലവഴിച്ചാണ് തിരുവമ്പാടി -മറിപ്പുഴ റോഡ് നവീകരിക്കുന്നത്. 2024 മാർച്ചിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പ്രവൃത്തി ഉദ്ഘാടനംചെയ്തത്. കേരള റോഡ് ഫണ്ട് ബോർഡ് നിർവഹണം നടത്തുന്ന പദ്ധതിയുടെ കാലാവധി രണ്ടു വർഷമാണ്. കാലാവധി പിന്നിട്ടിട്ടും പണി ഏറെ ബാക്കി നിൽക്കുന്നു. നിർമാണത്തിലിരിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. തുരങ്കപാത നിർമാണത്തിനാവശ്യമായ കൂറ്റൻ യന്ത്രങ്ങളും മറ്റും ഇതുവഴിയാണ് കൊണ്ടുപോകാറ്. പാലം തകർന്നത് തുരങ്കപാത നിർമാണത്തെയും ബാധിച്ചേക്കും. എത്രയുംവേഗം ഗതാഗതം പൂർവസ്ഥിതിയിലാക്കാനും പാലം പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മനോജ് സെബാസ്റ്റ്യൻ വാഴെപ്പറമ്പിൽ ആവശ്യപ്പെട്ടു.