മൂന്നാര്‍: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ 17 പേര്‍ മരിച്ചു. മണ്ണില്‍പ്പെട്ടുപോയ 47 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. മേഖലയില്‍ പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

To advertise here,

ഗാന്ധിരാജ്(48), ശിവകാമി(38),വിശാല്‍(12), രാമലക്ഷ്മി(40), മുരുകന്‍(46), മയില്‍സ്വാമി(48), കണ്ണന്‍(40), അണ്ണാദുരൈ(44), രാജേശ്വരി(43), കൗസല്യ (25), തപസ്സിയമ്മാള്‍ (42), സിന്ധു (13), നിധീഷ് (25) പനീര്‍ശെല്‍വം (50), ഗണേശന്‍ (40) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

placeholder
പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍. ഫോട്ടോ: ഷഹീര്‍ സി.എച്ച്

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനെ നിയമിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്. മുപ്പതുമുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ആകെ 78 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. ഇതില്‍ 15 പേ.രെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവരെ മൂന്നാര്‍ ടാറ്റ ഹോസ്പിറ്റലിലും കോലഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരാണ് ടാറ്റ ആശുപത്രിയിലുള്ളത്. പളനിയമ്മ(50) കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐ.സി.യുവിലാണ്.

രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ പ്രദേശത്തേക്ക് എത്തിച്ചേരുന്നതിനും ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

rajamala land slide

കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു.

മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്. ഇരവികളും ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ഒരുപരിധിയില്‍ കവിഞ്ഞ് വികസന പ്രവര്‍ത്തനങ്ങളും സാധിക്കില്ല. തോട്ടങ്ങള്‍ ഉള്ളതിനാല്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് താമസിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.

content highlights: munnar rajamala landslide