മറയൂർ: മൂന്നാർ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാർ എസ്റ്റേറ്റിലുള്ള മാലിന്യപ്ളാന്റിൽ വൻ തീപ്പിടിത്തം. മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങളടക്കം തീയിൽപ്പെട്ടുനശിച്ചു. വന്യജീവികൾ കടക്കാതിരിക്കാൻ പ്ലാന്റിന് സമീപം സ്ഥാപിച്ച സൗരോർജവേലിയുടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീ പടർന്നതെന്ന് അനൗദ്യോഗിക വിശദീകരണമുണ്ടെങ്കിലും സംഭവത്തിൽ അട്ടിമറി സംശയിക്കുന്നുണ്ട്. മനപ്പൂർവം തീ ഇട്ടതാണെന്ന് പ്രദേശവാസികളും പഞ്ചായത്ത് എൽ.ഡി.എഫ്. അംഗങ്ങളും ആരോപിച്ചു. വിഷുദിനത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് 3.30-ന് ആരംഭിച്ച തീ പ്ലാന്റിനെയാകെ വിഴുങ്ങി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. അഗ്നിരക്ഷാസേന ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്.

To advertise here,

ബെയ്ലിങ്‌ യന്ത്രം, ഹൈഡ്രോളിക് യന്ത്രം, കൺവയർ ബെൽറ്റ്, തരംതിരിച്ചുവച്ചിരുന്ന പ്ളാസ്റ്റിക് മാലിന്യം അടക്കം മുഴുവൻ കത്തിനശിച്ചു. മൂന്നാർ, അടിമാലി, രാജാക്കാട്, കട്ടപ്പന മേഖലകളിൽനിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് വ്യാഴാഴ്ച പുലർച്ചയോടെ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ വിശദമായ പരിശോധനയും അന്വേഷണവും നടത്തുമെന്ന് മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ്‌ വിജയകുമാർ പറഞ്ഞു. വെള്ളിയാഴ്ച പഞ്ചായത്തംഗങ്ങളുടെ അടിയന്തര കമ്മിറ്റി വിഷയം ചർച്ചചെയ്യുന്നതിനായി വിളിച്ചിട്ടുണ്ട്. പ്ളാൻറിൽ തീ പടർന്നത് അട്ടിമറി മൂലമാണെന്ന വാദവുമായി പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങൾ രംഗത്തെത്തി. പ്ളാൻ്റിലെ ക്രമക്കേടുകൾ മൂടിവെക്കുന്നതിനുവേണ്ടി മനപ്പൂർവം തീയിട്ടതായി പ്രതിപക്ഷ നേതാവ് വി.പി. ശിവകുമാർ, സന്തോഷ് പാണ്ഡ്യൻ എന്നിവർ ആരോപിച്ചു.

പോലീസ് പ്ളാൻ്റിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. വൈകീട്ട് ആറുമണി മുതൽ പുലർച്ചെ ആറുമണിവരെ രണ്ടു വാച്ചർമാർ ഇവിടെയുണ്ട്. പത്തേക്കറോളം പരന്നുകിടക്കുന്ന ഇവിടെ 85-ലധികം ജീവനക്കാരെയാണ് മാലിന്യം വേർതിരിക്കുന്നതിനും സംസ്കരിക്കുന്നതിനും നിയോഗിച്ചിട്ടുള്ളത്. വിഷുവായതിനാൽ മാലിന്യപ്ളാൻ്റിൽ ആരും ഇല്ലായിരുന്നു. പ്ളാൻ്റിന് സമീപത്തുകൂടി പോയ ഓട്ടോറിക്ഷ ഡ്രൈവറാണ് തീ പടർന്ന വിവരം വാച്ചർമാരെ അറിയിച്ചത്. ഇവർ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും അപ്പോഴേക്കും തീ നിയന്ത്രണവിധേയമായിരുന്നു.

ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി അധികൃതർ പറയുന്നു. ദേവികുളം സബ് കളക്ടർ വി.എം.ആര്യ പ്ളാൻ്റിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. ജില്ലാ ജോയിൻ്റ് ഡയറക്ടർ ടി.ജി. അജേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ജോയിൻ്റ് ഡയറക്ടർ ജി. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘവും സ്ഥലത്തെത്തി. മാലിന്യ സംസ്കരണം പുനരാരംഭിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കുമെന്ന് സബ് കളക്ടർ വി.എം. ആര്യ പറഞ്ഞു.

മാലിന്യ സംസ്കരണത്തിന് മൂന്നാർ പഞ്ചായത്തിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച പദ്ധതി പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പദ്ധതി ഉടൻ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും സബ് കളക്ടർ പറഞ്ഞു.

മാലിന്യപ്ളാന്റോ, ആന വളർത്തൽ കേന്ദ്രമോ...തീ കത്തുമ്പോഴും തീറ്റ തേടി പടയപ്പ

പ്ളാൻറിലെ മാലിന്യങ്ങൾ തീയിൽപ്പെട്ട് കത്തിയമരുമ്പോഴും അതിൽ തീറ്റ തേടി പടയപ്പ. ബുധനാഴ്ച 3.30ന് മാലിന്യകേന്ദ്രത്തിൽ തീ പടർന്നുപിടിച്ചത്. അഞ്ചു മണിയോടുകൂടി മാലിന്യകേന്ദ്രത്തിൽ എത്തിയ പടയപ്പ പടർന്നുപിടിച്ച തീയുടെ സമീപത്തുനിന്ന് മാലിന്യങ്ങളിൽ തീറ്റ തേടുന്നത് കാണാമായിരുന്നു.

ഒരുഭാഗത്ത് തീ കെടുത്താൻ അഗ്നിരക്ഷാനസേനയും നാട്ടുകാരും ശ്രമിക്കുമ്പോഴാണ് മറുഭാഗത്ത് യാതൊരുവിധ കൂസലുമില്ലാതെ പടയപ്പ തീറ്റ തേടിയത്. വ്യാഴാഴ്ച വൈകുന്നേരം നാലരമണിയോടുകൂടി മാലിന്യകേന്ദ്രത്തിന് സമീപമുള്ള വനമേഖലയിലേക്ക് വരുന്നതുംകണ്ടു. പടയപ്പയും നിരവധി ആനക്കൂട്ടങ്ങളും മാലിന്യകേന്ദ്രത്തിൽ എത്തുന്നത് സ്ഥിരംകാഴ്ചയാണ്. മൂന്നാർ ടൗണിൽനിന്നും ശേഖരിക്കുന്ന പച്ചക്കറിമാലിന്യങ്ങൾ തേടിയാണ് കാട്ടാനകൾ ഇവിടെ എത്തുന്നത്.