തിരുവനന്തപുരം: മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസപദ്ധതിയുടെ ഭാഗമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജന്‍. ടൗണ്‍ഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കല്‍ 15 ദിവസത്തിനകം പൂര്‍ത്തിയാകും. ദുരന്തബാധിതരില്‍ വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതിന് മാര്‍ച്ച് 10, 11, 12 തീയതികളില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഹിയറിങ് സംഘടിപ്പിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

To advertise here,

ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ ഒരുകാരണവശാലും സ്റ്റേ ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ വളരെവേഗം മുന്നോട്ടുപോകും. ടൗണ്‍ഷിപ്പിനിവേണ്ടി ടോപ്പോഗ്രഫിക്കല്‍, ജിയോഗ്രഫിക്കല്‍, ഹൈട്രോഗ്രഫിക്കല്‍ പരിശോധനകളും ഫീല്‍സ് വിസിറ്റും മണ്ണ് പരിശോധനയും പൂര്‍ത്തിയായി. ദുരന്തത്തില്‍ പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ടവരുടെ പേരുകളാണ് ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലിസ്റ്റുകളില്‍ പരാതി നല്‍കാനുള്ള അവസരം മാര്‍ച്ച് 13 വരെയുണ്ട്. രണ്ടാഴ്ചക്കകം ലിസ്റ്റ് അന്തിമമാക്കാനാകും. നേരത്തേ ഓരോ വീടിനും അഞ്ച് സെന്റ് ഭൂമി വീതമാണ് നിശ്ചയിച്ചിരുന്നതെങ്കിലും നിലവില്‍ ഏഴുസെന്റ് ഭൂമി നല്‍കാനാണ് തീരുമാനം. ഇതിനനുസരിച്ച് ഡിസൈനില്‍ മാറ്റം വരുത്തും. സ്പോണ്‍സര്‍മാര്‍ 20 ലക്ഷം രൂപ വീതം നല്‍കും. ബാക്കി തുക സര്‍ക്കാര്‍ വഹിക്കുമെന്നം മന്ത്രി അറിയിച്ചു.

പുഞ്ചിരിമട്ടം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കില്ല. ദുരന്തബാധിത പ്രദേശങ്ങളിലെ പാലങ്ങളും റോഡുകളും നിര്‍മിക്കും. ബെയ്ലി പാലത്തിന് പകരമായി രണ്ട് പാറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെസ്‌ക്യു പോയിന്റായാണ് പുതിയ പാലം നിര്‍മിക്കുക. ദുരന്തബാധിതര്‍ക്ക് മുന്നൂറ് രൂപവീതം നല്‍കിവരുന്ന സഹായം ഒന്‍പതുമാസത്തേക്കുകൂടി നീട്ടിനല്‍കാന്‍ ആലോചനയുണ്ട്. ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുപകരമായി സപ്ലൈകോയില്‍നിന്നു സാധനങ്ങള്‍ വാങ്ങുന്നതിനായി ആയിരം രൂപയുടെ കാര്‍ഡ് നല്‍കും.

ടൗണ്‍ഷിപ്പ് ഒഴികെ എല്ലാ പരിഗണനയും വിലങ്ങാടിനും നല്‍കും. ഇതിനായി ഉടനെതന്നെ ഉന്നതതലയോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളും. ദുരന്തബാധിതര്‍ക്ക് പുനരധിവാസം ഉറപ്പുവരുത്തുന്നതില്‍ തുറന്ന മനസ്സാണ് സര്‍ക്കാരിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനും തുറന്ന ചര്‍ച്ചകള്‍ക്കും സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.