തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചുവെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.   

To advertise here,

അസാധാരണ നടപടിയാണ് ഉണ്ടായത്. ഉദ്യോഗസ്ഥതലത്തില്‍ സ്വീകരിക്കേണ്ട തീരുമാനമല്ല ഇത്. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഗുരുതരമായ വീഴ്ച വരുത്തി. ഉദ്യോഗസ്ഥതലത്തില്‍ ഉണ്ടായ വീഴ്ചയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. 

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അറിയാതെ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസറായിരുന്നു അനുമതി നല്‍കിയത്. എന്നാല്‍ വകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം അറിഞ്ഞിട്ടില്ല. മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയായ വിഷയങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള ഒരു പ്രശ്‌നത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ഉദ്യോഗസ്ഥതലത്തില്‍ മാത്രം തീരുമാനമെടുത്താല്‍ പോരെന്ന് നേരത്തെ മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. 

ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി കഴിഞ്ഞദിവസം തമിഴ്നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അനുമതി ലഭിച്ചതിനു പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കത്തയച്ചു. എന്നാല്‍ അനുമതി കൊടുത്തത് സംബന്ധിച്ച് സര്‍ക്കാരിന് അറിവില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്. 

ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തും. എന്നാല്‍ ബേബി ഡാം ബലപ്പെടുത്താന്‍ കേരള സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താല്‍ മാത്രമേ ഡാം ബലപ്പെടുത്താന്‍ സാധിക്കൂവെന്ന് കഴിഞ്ഞദിവസം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകനും പ്രതികരിച്ചിരുന്നു. 

Content Highlights: Mullaperiyar Tree felling; Permission order freezes after controversy