കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് കേന്ദ്രസർക്കാർ ഉത്തരവിട്ടു. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കാണ് സ്വതന്ത്ര വിദഗ്ധസമിതി രൂപവത്കരിച്ചത്. കേരളം വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നതാണിത്.
മുൻ ചീഫ് എൻജിനിയറും കേന്ദ്ര ജലക്കമ്മിഷൻ അംഗവുമായ ടി.കെ. ശിവരാജനാണ് സമിതിയിലെ കേരളപ്രതിനിധി. സമിതിയുടെ റിപ്പോർട്ട് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിക്കും കേന്ദ്ര, കേരള, തമിഴ്‌നാട് സർക്കാരുകൾക്കും കൈമാറുമെന്ന് സംസ്ഥാനസർക്കാരിന്റെ അന്തസ്സംസ്ഥാന ജലവിനിയോഗ ഉപദേശകനും കെഎസ്ഇബി മുൻ ചീഫ് എൻജിനിയറുമായ ജെയിംസ് വിത്സൺ പറഞ്ഞു.
വിദഗ്‌ധസമിതി മുല്ലപ്പെരിയാർ അണക്കെട്ടും അനുബന്ധഘടനകളും ജലസംഭരണിയും ഒരുമാസത്തിനുള്ളിൽ പരിശോധിക്കും. നാലുമാസത്തിനുള്ളിൽ അന്തിമറിപ്പോർട്ട് നൽകും.
2011-നുശേഷം മേൽനോട്ടസമിതിയുടെ കാഴ്ചാപരിശോധനയേ മുല്ലപ്പെരിയാറിൽ നടന്നിട്ടുള്ളൂ. ഇതിനിടെ അണക്കെട്ടിനുണ്ടായ ബലക്ഷയത്തെക്കുറിച്ച് ആർക്കും ഒരറിവുമില്ല. മുല്ലപ്പെരിയാർപോലുള്ള പ്രധാന അണക്കെട്ടുകൾ പത്തുകൊല്ലത്തിലൊരിക്കൽ പരിശോധിക്കണമെന്നാണ് കേന്ദ്ര ജലക്കമ്മിഷൻ നിർദേശം.
ഈയാവശ്യമുന്നയിച്ച് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് സമഗ്രപരിശോധനയ്ക്ക് വഴിതുറന്നത്. അണക്കെട്ട് പരിശോധനയ്ക്ക് 2021-ലെ സുരക്ഷാനിയമം അഞ്ചുവർഷം അനുവദിക്കുന്നുണ്ട്. അതിൽപ്പിടിച്ച് പരിശോധന ഇപ്പോൾ ആവശ്യമില്ലെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം.
Content Highlights: Central government orders comprehensive safety inspection of Mullaperiyar Dam under the Dam Safety Act 2021. Expert committee to submit report in 4 months. Read more.
Published: 09 Jan 2026, 06:32 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented