ആലപ്പുഴ: മുല്ലയ്ക്കല്‍ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഉടമസ്ഥതയിലുള്ള ആന മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ (55) ചെരിഞ്ഞു. തിങ്കളാഴ്ച രാവിലെ 7.15-ന് മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ശീവേലി സമയത്ത് ക്ഷേത്രമതില്‍ക്കെട്ടനകത്ത് തളച്ചിരുന്ന ബാലകൃഷ്ണന്‍ മറിഞ്ഞു വീഴുകയായിരുന്നു. ഇതുകേട്ട് ഉദ്യോഗസ്ഥരടക്കം ഓടിയെത്തിയാണ് മരണം സ്ഥിരീകരിച്ചത്.

To advertise here,

ഏറെക്കാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന ബാലകൃഷ്ണന്‍ ചികിത്സയിലായിരുന്നതിനാല്‍ എഴുന്നള്ളിക്കാറില്ലായിരുന്നു. മുല്ലയ്ക്കല്‍ ക്ഷേത്രക്കുളത്തിന് സമീപം പ്രേത്യേകം തറ കെട്ടി അതിലായിരുന്നു ബാലകൃഷ്ണന് വിശ്രമസൗകര്യം ഒരുക്കിയിരുന്നത്. 1987-ല്‍ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ കൊടിയര്‍ച്ചനയ്ക്കുശേഷം മിച്ചം വന്ന തുക ഉപയോഗിച്ച് വാങ്ങിയതാണ് ആനയെ.

1988ലാണ് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. അതിനുശേഷം ഭക്തര്‍ സ്‌നേഹത്തോടെ കണ്ടിരുന്നതാണ് ഗജവീരനെ. വനം വകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയതിനുശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. പിന്നീട് കോന്നിയിലേക്ക് സംസ്‌ക്കാരത്തിനായികൊണ്ടുപോകും.