
കോഴിക്കോട്: “കൊച്ചിയിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രയായിരുന്നു അത്. അടുത്തസീറ്റിൽ സഹയാത്രികനായി എം.പി. വീരേന്ദ്രകുമാർ. ഞങ്ങൾ ഇരുവരും വായിക്കാനുള്ള പുസ്തകം നിവർത്തിവെച്ചെങ്കിലും ഒരക്ഷരം വായിക്കാനായില്ല. പുസ്തകങ്ങളെക്കുറിച്ച്, അതിലെ ഉള്ളടക്കങ്ങളെക്കുറിച്ച് സംസാരിച്ച് സംസാരിച്ച് ആ യാത്ര പൂർത്തിയായിപ്പോയി. തുറന്നുവെച്ച പുസ്തകത്തിന്റെ അവസാനത്തെ രണ്ട് ഒഴിഞ്ഞ താളുകൾ മുഴുവൻ അദ്ദേഹം വായിക്കാൻ നിർദേശിച്ച പുസ്തകങ്ങളുടെ പേരുകൾ ഞാൻ എഴുതിവെച്ചു. ഏറ്റവും മനോഹരമായ യാത്രയായിരുന്നു അത്. ” -വീരേന്ദ്രകുമാറുമൊത്തുള്ള വിമാനയാത്രാസ്മരണ പങ്കിടുകയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. വ്യാഴാഴ്ച ജൂബിലി ഹാളിൽ ആർ.ജെ.ഡി. സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണസമ്മേളനമായിരുന്നു വേദി.
പിന്നീട് ഓരോ യാത്രയിലും അദ്ദേഹം കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചുപോയിട്ടുണ്ടെന്ന് സമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. “ഏതു വിഷയത്തിലുമുള്ള പാണ്ഡിത്യവും പ്രവചനാത്മകമായ ആന്തരികബോധ്യങ്ങളുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പ്രകൃതിയും മനുഷ്യനും രണ്ടല്ല, ഒന്നാണെന്ന അദ്ദേഹത്തിന്റെ ദർശനം ഇന്ന് ‘വൺ ഹെൽത്ത് ’ എന്ന സങ്കല്പമായി ലോകംതന്നെ സ്വീകരിച്ചിരിക്കുന്നു. പ്രകൃതിയെക്കുറിച്ച് ആക്ടിവിസ്റ്റിന്റെ നിലപാടെടുത്ത രാഷ്ട്രീയക്കാരനാണ് വീരേന്ദ്രകുമാർ. അദ്ദേഹത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഞങ്ങളിൽ ചിലർ ഹരിത എം.എൽ.എ.മാരായി കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരു ഗ്രൂപ്പായിനിന്നത്. പ്രകൃതിയെയും മനുഷ്യനെയും ആരോഗ്യത്തെയും കുറിച്ചൊക്കെ കൃത്യമായ ബോധ്യങ്ങളുള്ള സോഷ്യലിസ്റ്റായിരുന്നു അദ്ദേഹം. പുതിയ തലമുറകൾക്കുമുൻപിൽ പ്രകാശഗോപുരമായി നിൽക്കുകയാണ് അദ്ദേഹം. അദ്ദേഹത്തപ്പോലെ പുതിയ തലമുറയെ പ്രചോദിപ്പിക്കാനാവണമെന്നാണ് ആഗ്രഹം” -മുഖ്യമന്ത്രി പറഞ്ഞു.
ആർ.ജെ.ഡി. സംസ്ഥാനപ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ അധ്യക്ഷതവഹിച്ചു. ജാതിമതചിന്തകൾക്ക് അതീതമായി ജീവിക്കുന്ന കേരളത്തിൽ, അത്തരം വേലിക്കെട്ടുകൾ തീർക്കാനുള്ള ചില ശ്രമങ്ങളോട് സന്ധിയില്ലാത്ത നിലപാടാണ് വി.ഡി. സതീശൻ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “വെള്ളത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും കാര്യത്തിലാണെങ്കിലും മനുഷ്യരാശിക്ക് സംഭവിക്കാൻ പോകുന്ന ദുരന്തങ്ങളുടെ കാര്യത്തിലാണെങ്കിലുമെല്ലാം വീരേന്ദ്രകുമാർ വർഷങ്ങൾക്കുമുൻപ് ചൂണ്ടിക്കാണിച്ചതാണ് ഇപ്പോൾ സംഭവിക്കുന്നത്. കാൻസർ ചികിത്സയ്ക്ക് മാസം ലക്ഷക്കണക്കിന് രൂപയുടെ ചെലവാണ് ഇപ്പോൾ വരുന്നത്. ഇന്ത്യയിൽ മുൻപ് പ്രൊഡക്ട് പേറ്റൻറ് നിയമം നടപ്പാക്കിയിരുന്നു. അന്ന്, അതിന് അനുകൂലമായി വോട്ടുചെയ്യാത്ത ഏക എം.പി. എന്റെ പിതാവാണെന്നകാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്. നിയമംവന്നാൽ കാൻസറിനുള്ള 10,000 രൂപയുടെ കീമോയ്ക്ക് 12 ലക്ഷം രൂപയായിമാറുമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതെല്ലാം മുൻകൂട്ടിക്കാണാനും എഴുതാനും അദ്ദേഹത്തിനു സാധിച്ചു” -ശ്രേയാംസ് കുമാർ പറഞ്ഞു.
രാഷ്ട്രീയക്കാരിലെ പണ്ഡിതനും പണ്ഡിതന്മാരിലെ രാഷ്ട്രീയക്കാരനുമായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ ജോൺ ബ്രിട്ടാസ് എം.പി. പറഞ്ഞു. “ഞങ്ങളുടെ തലമുറയുടെ ലോകവീക്ഷണത്തെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു. ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിന് എത്രയോ മുൻപുതന്നെ, നമ്മുടെ സമൂഹം നേരിടാൻപോകുന്ന പ്രതിസന്ധികളെ പ്രവചനസ്വഭാവത്തോടെ അടയാളപ്പെടുത്തിയ കൃതിയായിരുന്നു ‘രാമന്റെ ദുഃഖം’. വിവേകാനന്ദനെപ്പോലുള്ള വ്യക്തിത്വങ്ങളെ വലതുപക്ഷ ശക്തികൾ തട്ടിയെടുക്കാൻ ശ്രമിക്കുമ്പോൾ, ഒരു ചരിത്രകാരനെക്കാൾ ഭംഗിയായി വിവേകാനന്ദന്റെ യഥാർഥ വശങ്ങളെ പുസ്തകത്തിലൂടെ അദ്ദേഹം കോറിയിട്ടു. അദ്ദേഹം മുന്നോട്ടുവെച്ച ദീപ്തമായ ചിന്തകൾ കാർമേഘാവൃതമായ ഇന്നത്തെ ദേശീയരാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്.’’ -ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
മനസ്സുകൾക്കെല്ലാം തെളിച്ചംപകരുന്ന വെളിച്ചമാണ് എം.പി. വീരേന്ദ്രകുമാറെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. “സിനിമയെ, സാഹിത്യത്തെ, പുസ്തകത്തെ പറ്റിയെല്ലാം ഞങ്ങൾ സംസാരിച്ചിരുന്നു. ഒന്നരമണിക്കൂർ നീണ്ട അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തിനുശേഷം എങ്ങനെയാണ് സദസ്സിനെ കൈയിലെടുക്കുന്നതെന്ന് ഒരിക്കൽ ഞാൻ ചോദിച്ചു. അറിയാവുന്ന കാര്യങ്ങൾ, അറിയാവുന്ന ഭാഷയിൽ പറയുക, ഒരാളുടെ മുഖത്തുനോക്കി സംസാരിക്കുക, പിന്നെ അല്പം തമാശകൂടി കലർത്തുക എന്നാണ് അദ്ദേഹം പറഞ്ഞത്” -സത്യൻ അന്തിക്കാട് ഒാർമ്മിച്ചു.
ആർ.ജെ.ഡി. സംസ്ഥാനസെക്രട്ടറി ജനറൽ ഡോ. വറുഗീസ് ജോർജ് സ്വാഗതവും സംസ്ഥാന ജനറൽസെക്രട്ടറി വി. കുഞ്ഞാലി നന്ദിയും പറഞ്ഞു. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, എം.എൽ.എ.മാരായ പി.കെ. പ്രവീൺ, കെ. പ്രവീൺകുമാർ, സോഷ്യലിസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഋഷഭ് ശ്രേയാംസ് കുമാർ എന്നിവരും ആർ.ജെ.ഡി. ദേശീയ-സംസ്ഥാന ഭാരവാഹികളും ജില്ലാപ്രസിഡന്റുമാരും വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരും പങ്കെടുത്തു.
Content Highlights: VD Satheesan shared personal memories of his travel with Veerendra Kumar., Veerendra Kumar's vision and environmental activism highlighted.
Published: 30 May 2026, 07:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented