പത്തനംതിട്ട: പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് സ്ഥാപന ഉടമയും കേരള കോൺഗ്രസ് (എം) നേതാവുമായ എൻ.എം. രാജു. രണ്ട് മാസത്തിനകം തിരികെ നൽകാമെന്ന ഉറപ്പിൽ ആന്റോ ആന്റണി തന്റെ പക്കൽനിന്ന് രണ്ടുകോടി രൂപ വാങ്ങിയെന്നും, എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്നുമാണ് രാജു ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയത്.

To advertise here,

പത്ത് ലക്ഷം രൂപവീതം രണ്ട് തവണകളായാണ് ഈ തുക ലഭിച്ചത്. തന്റെ സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ മകൾ ഉൾപ്പെടെ എം.പിയുടെ വീട്ടിൽചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നൽകാൻ തയ്യാറായില്ലെന്നും ആയിരം തവണയെങ്കിലും പണത്തിനായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നും രാജു ആരോപിച്ചു. ആന്റോ ആന്റണിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പുറത്താണ് യാതൊരു ഈടുമില്ലാതെ (കൊളാറ്ററൽ) ഓഫീസിലെ അക്കൗണ്ട് വഴി ഈ പണം നൽകിയത്. അന്ന് തങ്ങൾ യു.ഡി.എഫിന്റെ ഭാഗമായിരുന്നതിനാലാണ് ഇത്തരമൊരു സഹായം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

2018-19 കാലയളവിൽ പണം നൽകുമ്പോൾ കേരള കോൺഗ്രസ് (എം) യു.ഡി.എഫിലായിരുന്നു. എന്നാൽ, പിന്നീട് മുന്നണിയിൽനിന്ന് പുറത്താക്കപ്പെട്ടതോടെ എൽ.ഡി.എഫുമായി സഹകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

പണമിടപാടിൽ യാതൊരു അസ്വാഭാവികതയുമില്ലെന്നും എല്ലാ രേഖകളും കൃത്യമാണെന്നും എൻ.എം. രാജു പറഞ്ഞു. യാതൊരു ഈടുമില്ലാതെ പണം നൽകിയത് കള്ളപ്പണമാണോ എന്ന ചോദ്യത്തിന്, പണം എം.പി എങ്ങനെ ഉപയോഗിച്ചു എന്നത് അദ്ദേഹത്തോടാണ് ചോദിക്കേണ്ടതെന്നും താൻ വസ്തുതകൾ മാത്രമാണ് പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പണം തിരികെ ലഭിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇതുവരെ പോലീസിൽ പരാതി നൽകാതിരുന്നതെന്നും ഇപ്പോൾ ഈ വിഷയം പരസ്യമാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫിനാൻസ് സ്ഥാപനത്തിന്റെ ഉടമയാണ് എൻ.എം. രാജു. തന്ത്രി കണ്ഠര് രാജീവര് സ്ഥാപനത്തിൽ പണം നിക്ഷേപിച്ചത് സംബന്ധിച്ച് അന്വേഷിക്കാനായി നെടുംപറമ്പിൽ ഫിനാൻസിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു.