ന്യൂഡൽഹി: ബലാത്സംഗ കേസിൽ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മോൻസൻ മാവുങ്കൽ സുപ്രീം കോടതിയെ സമീപിച്ചു. വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് വിചാരണ നേരിടാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് മോൻസൻ മാവുങ്കൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

To advertise here,

വീട്ടുജോലിക്കാരിയുടെ മകളെ പ്രായപൂർത്തിയാകുന്നതിനു മുൻപ് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തു എന്ന കേസിൽ എറണാകുളം പോക്സോ കോടതി മോൻസനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.  പ്രായപൂർത്തിയതിന് ശേഷം പീഡിപ്പിച്ചതിനാണ് പോലീസ് രണ്ടാമത്തെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് മോൻസൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന വകുപ്പ് ചൂണ്ടിക്കാട്ടിയാണ് മോൻസൻ സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്. അഭിഭാഷകൻ വിഷ്ണു പി ആണ് മോൻസന്റെ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.