പന്തളം: എം.എൻ.ഗോവിന്ദൻ നായരെപ്പോലെയുള്ള കമ്യൂണിസ്റ്റ് പ്രവർത്തകരുടെ ത്യാഗപൂർവവും മഹത്തരവുമായ ജീവിതം സമൂഹം കണ്ടുപഠിക്കേണ്ടതായുണ്ടെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. മുൻ മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എം.എൻ.ഗോവിന്ദൻ നായരുടെ 114-ാം ജന്മദിനാഘോഷവും 17-ാമത് എം.എൻ. വിദ്യാഭ്യാസ പുരസ്‌കാരദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റുകാരന് പുറത്തിറങ്ങി നടക്കാൻപോലും ഭയമുണ്ടായിരുന്ന കാലത്താണ് എം.എനെപ്പോലെയുള്ളവർ സമൂഹത്തിനുവേണ്ടി മഹത്തരമായ പ്രവർത്തനം നടത്തിയത്.

To advertise here,

അക്കാലത്ത് കമ്യൂണിസ്റ്റ് പ്രവർത്തകർക്ക് എത്രമാത്രം വിലയുണ്ടായിരുന്നുവെന്നതിനും സമൂഹത്തിൽ എത്രമാത്രം സ്വാധീനമുണ്ടായിരുന്നുവെന്നതിനും തെളിവാണ് എം.എൻ. ഗോവിന്ദൻ നായരെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. എം.എൻ.ഗോവിന്ദൻ നായരുടെ സ്മരണാർത്ഥം എം.എൻ.ഫാമിലി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എം.എൻ.വിദ്യാർഥി പുരസ്‌കാരം കൊട്ടാരക്കര ഗാന്ധിമുക്ക് 16-ാം നമ്പർ ലക്ഷംവീട്ടിലെ അഭിരാമിക്ക്‌ മന്ത്രി സമ്മാനിച്ചു. മുൻ മന്ത്രി പന്തളം സുധാകരൻ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, വനിതാ കലാസാഹിതി പ്രസിഡന്റ് ശാരദാമോഹൻ, ജില്ലാ പഞ്ചായത്ത് മുൻ അംഗം എ.ഗിരിജാകുമാരി, എം.എൻ.ഫാമിലി ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി കെ.ബി.പ്രഭ, എ.അഭിരാമി എന്നിവർ പ്രസംഗിച്ചു.