പ്രായത്തെ തോൽപ്പിച്ച പോരാട്ടവീര്യംകൊണ്ട് കേരള രാഷ്ട്രീയത്തിലെ പകരം വയ്ക്കാനില്ലാത്ത നേതാവായിരുന്നു വിഎസ്. എതിർ രാഷ്ട്രീയ ചേരിയിലുള്ളവർ പോലും എക്കാലവും ബഹുമാനിച്ച ജനകീയനായ നേതാവ്. സ്വന്തം പാർട്ടിക്കകത്ത് വിഎസിനെതിരെയുണ്ടായ പടയൊരുക്കങ്ങളെല്ലാം നിഷ്പ്രഭമാക്കിയതും വിഎസിൻറെ ഈ ജനകീയ പരിവേഷമാണ്. ജനങ്ങളായിരുന്നു എന്നും വിഎസിൻറെ കരുത്ത്. പാർട്ടി അണികളല്ലാത്ത നിഷ്പക്ഷ ജനതയെ പോലും വിഎസ് എന്ന നേതാവ് തന്നിലേക്ക് അടുപ്പിച്ചു.

To advertise here,

മുഖ്യമന്ത്രിയായിരുന്ന കാലത്തും പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്നപ്പോഴുമെല്ലാം തനിക്ക് ചുറ്റുമുണ്ടായിരുന്ന വിശ്വസ്തരും വിഎസിൻറെ പൊതു പ്രവർത്തനങ്ങൾക്ക് അടിത്തറയേകി. പാർട്ടിക്കുള്ളിൽ വിമത ശബ്ദം ഉയർത്തി നീങ്ങിയ വിഎസിനെ പിടിച്ചുകെട്ടാൻ പാർട്ടി നേതൃത്വം ഉന്നമിട്ടതും ഈ വിശ്വസ്തരെയായിരുന്നു. പലപ്പോഴായി വിഎസിൻറെ വിശ്വസ്തരെയെല്ലാം പാർട്ടി കണ്ടറിഞ്ഞ് വെട്ടിമാറ്റി. ചുറ്റും അടുപ്പക്കാരായ വിശ്വസ്തരില്ലാതാകുന്നതോടെ വിഎസിനെ ദുർബലപ്പെടുത്താമെന്ന് പാർട്ടി നേതൃത്വം കണക്കുകൂട്ടി.

പാർട്ടിയുടെ ഈ കണക്കുകൂട്ടലുകൾ ഒരുപരിധി വരെ ശരിയാവുകയും ചെയ്തു. വിശ്വസ്തർ നഷ്ടപ്പെട്ട വിഎസിന് പഴയ ശൗര്യം നഷ്ടമായി. വിഎസ് പാർട്ടിക്കുള്ളിലും പുറത്തും ഒറ്റയാൾ പട്ടാളമായി. യുദ്ധതന്ത്രങ്ങൾ മെനയാൻ ചുറ്റും വിശ്വസ്തർ ഇല്ലാതായതോടെ വിഎസ് പതിയെ പാർട്ടിക്ക് വിധേയനാകാൻ തുടങ്ങി. വിശ്വസ്തർക്കെതിരേ പാർട്ടി സ്വീകരിച്ച നടപടികൾക്കെതിരേ വിഎസിന് കാര്യമായി ഒന്നും ചെയ്യാനുമായില്ല. 

വാർത്തകൾ ചോർത്തി നൽകിയെന്ന് പറഞ്ഞ് 2013 ലാണ് വിഎസിൻറെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായ എ സുരേഷ്, വി കെ ശശിധരൻ, കെ ബാലകൃഷ്ണൻ എന്നിവർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. പിബി തീരുമാന പ്രകാരം ഇവരെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാർട്ടിയിൽനിന്ന് പുറത്താക്കിയ സന്ദർഭത്തിൽ അവർ തെറ്റ് ചെയ്തിട്ടില്ലെന്ന വാചകത്തിൽ മാത്രം ഒതുങ്ങി വിഎസിൻറെ പ്രതികരണം. 

13 വർഷത്തോളം വിഎസിൻറെ സന്തത സഹചാരിയായിരുന്നു എ സുരേഷ്. വിഎസിന് ഏറ്റവും അടുപ്പമുള്ള വിശ്വസ്തനും സുരേഷായിരുന്നു. വിഎസിൻറെ ഓരോ ചലനങ്ങളും നിയന്ത്രിക്കുന്ന വിശ്വസ്തൻ. പാർട്ടി രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയപ്പോഴും പൊതുവേദിയിൽ ആയിരക്കണക്കിന് അണികളുടെ മുന്നിൽ വച്ച് ആക്ഷേപിച്ചപ്പോഴും സുരേഷിൻറെ കൈപിടിച്ചാണ് പുതിയ രാഷ്ട്രീയ തന്ത്രങ്ങളുടെ പണിപ്പുരയിലേക്ക് വിഎസ് നടന്നുകയറിയിരുന്നത്.

അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന് കുറിക്കുകൊള്ളുന്ന മറുപടികൾ തയാറാക്കിയും രാഷട്രീയ നിലപാടുകൾ നിർണയിക്കുന്നതിൽ ഇടപെട്ടും വിഎസിൻറെ ആശയപോരാട്ടങ്ങളിൽ പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണൻ വഹിച്ച പങ്കും വലുതായിരുന്നു. പതിറ്റാണ്ടുകളായി വിഎസ് നടത്തുന്ന നിയമപോരാട്ടങ്ങളുടെയെല്ലാം ബുദ്ധികേന്ദ്രമായിരുന്നു വികെ ശശിധരൻ. വിഎസിൻറെ നിയമപോരാട്ടങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചയാളും ശശിധരനായിരുന്നു.

നേരത്തെ മൂന്നാർ പ്രശ്‌നത്തിൻറെ പേരിൽ വിഎസും ഔദ്യോഗിക വിഭാഗവും തമ്മിൽ പരസ്യമായി ഏറ്റുമുട്ടിയപ്പോൾ വിഎസിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായിരുന്ന ഐടി ഉപദേശകൻ ജോസഫ് സി മാത്യുവിനെതിരെയും പാർട്ടി നടപടിയെടുത്തിരുന്നു. പ്രൈവറ്റ് സെക്രട്ടറി കെ സുരേഷ്‌കുമാറും പാർട്ടിയുടെ കണ്ണിലെ കരടായി. മൂന്നാർ ദൗത്യസംഘത്തിൻറെ പ്രവർത്തനങ്ങളും വിഎസിനോടുള്ള അടുപ്പവും പാർട്ടിക്ക് സുരേഷ് കുമാറിനോടുള്ള ശത്രുതയ്ക്ക് കാരണമായി. അതിനുമുമ്പ് പൊളിറ്റിക്കൽ സെക്രട്ടറി കെഎൻ ബാലഗോപാലിനെ മാറ്റിയതും സംസ്ഥാന നേതൃത്വം ഇടപെട്ടാണ്.

വിഎസിൻറെ മറ്റൊരു വിശ്വസ്തനായിരുന്നു കെ എം ഷാജഹാൻ. 2001 ൽ വിഎസ് പ്രതിപക്ഷ നേതാവായപ്പോൾ അദ്ദേഹത്തിൻറെ പ്രത്യേക ക്ഷണപ്രകാരം വിഎസിൻറെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ഷാജഹാൻ എത്തി. പിൽകാലത്ത് പാർട്ടിക്ക് പുറത്തുപോയ ഷാജഹാൻ വിഎസിന്റെ വിമർശകരിലൊരാളായി മാറി.

വിഎസിൻറെ പ്രതാപ കാലത്ത് ജോസഫ് സി മാത്യുവിൻറെയും ഷാജഹാൻറെയും ഉപദേശം തേടി മാത്രമേ വിഎസ് എന്തുകാര്യങ്ങളും ചെയ്തിരുന്നുള്ളൂ. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കുന്ന സമയത്തും, കിളിരൂർ കേസ് ചർച്ചയാക്കിയപ്പോഴും അതിന് പിന്നിൽ ഷാജഹാന്റെ സാന്നിധ്യമുണ്ടായിരുന്നു. വിഎസിനെ പാർട്ടിക്ക് അതീതനായി വളർത്തുന്നതിലും ഷാജഹാൻ പങ്കുവഹിച്ചു.

പാർട്ടിക്കുള്ളിൽ വിഭാഗീയത ശക്തമായപ്പോൾ ഷാജഹാനും പാർട്ടിക്ക് പുറത്തായി. പാർട്ടി വിട്ടശേഷം വിഎസിൻറെയും സിപിഐഎമ്മിൻറെയും കടുത്ത വിമർശകനായി ഷാജഹാൻ മാറി. എന്നാൽ, എ സുരേഷ് അടക്കമുള്ള പഴയ വിശ്വസ്തർ വിഎസിനെ അദ്ദേഹത്തിൻറെ മരണം വരെ ബഹുമാനത്തോടെ നെഞ്ചിലേറ്റി.