ഇടുക്കി: എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നതുകൊണ്ട് സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്ന് എം.എം. മണി. പുകഞ്ഞകൊള്ളി പുറത്ത്. ഒരു പാർട്ടി അനുഭാവിയെ പോലും കൂടെ കൊണ്ടുപോകാൻ രാജേന്ദ്രന് കഴിയില്ലെന്നും എം.എം. മണി പറഞ്ഞു. ബിജെപിയുടെ കൂടെയല്ല, എസ്. രാജേന്ദ്രൻ ഏത് ചെകുത്താന്റെകൂടെ പോയാലും പാർട്ടിക്ക് ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

എസ്. രാജേന്ദ്രനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങളായി അദ്ദേഹം പാർട്ടിയിൽ ഇല്ല. പാർട്ടിയിൽനിന്ന് നടപടിയെടുത്ത് പണ്ടേ കളഞ്ഞതാണ്. അയാൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല. അയാൾ എവിടെപോയി കേറിയാലും ഞങ്ങൾക്കെന്താ? തിരഞ്ഞെടുപ്പിൽ അയാളെ ആശ്രയിച്ചാണോ ഇവിടെ ജയിക്കുന്നത്? എം.എം. മണി രാജിവെച്ചുപോയാലും ഈ പാർട്ടിക്ക് ഒരു കുന്തവും വരില്ല. പാർട്ടിയുടെ നയം പാർട്ടി വ്യക്തമാക്കുന്നു, എം.എം. മണി പറഞ്ഞു.

സിപിഎം ദ്രോഹിച്ചുവെന്ന് എസ്. രാജേന്ദ്രന്റെ വാദത്തെക്കുറിച്ചു ചോദ്യത്തിന്; 'ഭയങ്കരമായി ദ്രോഹിച്ചല്ലോ... ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആക്കി, എത്ര പ്രാവശ്യമാ എംഎൽഎ ആക്കിയത്. ഭയങ്കര ദ്രോഹമാണ് ചെയ്തത്. ജീവിത കാലം മുഴുവൻ അയാൾക്ക് പെൻഷൻ. മരിച്ചുകഴിഞ്ഞാൽ ഭാര്യയ്ക്കും പെൻഷൻ. ഇതെല്ലാം ഞങ്ങൾ സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് വാങ്ങിച്ച് നന്നായി തിന്നട്ടെ. അയാൾ എവിടെപോയി കേറിയാലും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല', അദ്ദേഹം കൂട്ടിച്ചേർത്തു.