തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി. കെ. പ്രശാന്തിന്റെ ഓഫീസ് മാറ്റണമെന്ന കോർപറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ആർ. ശ്രീലേഖയുടെ ആവശ്യത്തിൽ വിവാദം തുടരുന്നതിനിടെ പ്രതികരണവുമായി മുൻ എം.എൽ.എയും കൗൺസിലറുമായ കെ.എസ്. ശബരിനാഥൻ. പ്രശാന്തിന്‍റെ ഓഫീസ് എംഎൽഎ ഹോസ്റ്റലിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് ശബരീനാഥൻ ഫേയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

To advertise here,

വി.കെ. പ്രശാന്തിന് നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ തന്റെ മണ്ഡലത്തിൽ തന്നെയാണെന്ന്  ശബരിനാഥൻ ചൂണ്ടിക്കാട്ടി. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള എംഎൽഎ ഹോസ്റ്റലിൽ കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറുകളിലായി രണ്ട് മികച്ച ഓഫീസ് മുറികൾ സർക്കാർ സൗജന്യമായി വി.കെ. പ്രശാന്തിന് അനുവദിച്ചിട്ടുണ്ടെന്നും ഇത്രയും സൗകര്യങ്ങൾ നിലനിൽക്കെ അത് ഉപേക്ഷിച്ച് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നതിന്റെ ആവശ്യകതയെന്താണെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ ഭൂരിഭാഗം എംഎൽഎമാരും സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടങ്ങളിലാണ് ഓഫീസ് പ്രവർത്തിപ്പിക്കാറുള്ളത്. താൻ ജനപ്രതിനിധിയായിരുന്നപ്പോൾ ആര്യനാട് ഇത്തരത്തിൽ വാടക നൽകിയാണ് പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭാകാലാവധി കഴിയുന്നതുവരെ വി.കെ. പ്രശാന്ത് എംഎൽഎ ഹോസ്റ്റലിലേക്ക് മാറുന്നതാണ് ഉചിതമെന്നും ശബരിനാഥൻ അഭിപ്രായം പങ്കുവെച്ചു.

മുൻ വട്ടിയൂർകാവ് എംഎൽഎ കെ. മുരളീധരനും, നിലവിലെ തിരുവനന്തപുരം എംഎൽഎ ആന്റണി രാജുവും പൊതുജനങ്ങളെ നേരിട്ട് കാണുന്നതിനായി നിയമസഭ ഹോസ്റ്റലിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയിരുന്നതെന്നും ശബരിനാഥൻ ചൂണ്ടിക്കാട്ടി. നിയമസഭാ ഹോസ്റ്റലിൽ പൊതുജനങ്ങൾക്ക് അവരുടെ ജനപ്രതിനിധികളെ കാണുന്നതിൽ യാതൊരു നിയന്ത്രണങ്ങളോ തടസ്സങ്ങളോ ഇല്ലെന്നും എല്ലാവർക്കും സുഗമമായി അവരുടെ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് അവിടെ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടൊപ്പം തന്നെ, എല്ലാ കൗൺസിലർമാർക്കും സുഗമമായി പ്രവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭ തയ്യാറാകണമെന്നും ശബരിനാഥൻ ആവശ്യപ്പെട്ടു.