കോഴിക്കോട്: കഴിഞ്ഞ മൂന്നുദിവസമായി വിലങ്ങാട് കൂളിക്കാവ് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുപി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ മുതൽ പുഴയിൽ നാട്ടുകാർ നടത്തിയ  തിരച്ചിലിനൊടുവിലാണ് ഗ്യാസ് ഗോഡൗണിന് സമീപത്തുനിന്ന് നിഗം കുമാറി(19)ന്റെ മൃതദേഹം കണ്ടെത്തിയത്.

To advertise here,

ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, പോലീസ് എന്നീ സേനകൾക്ക് പുറമെ നരിപ്പറ്റ, വാണിമേൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ യുവജന സംഘടനാ പ്രവർത്തകരും വ്യാപാരികളും രാവിലെ മുതൽ തിരച്ചിലിന് ഇറങ്ങിയിരുന്നു. പത്തരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടവിവരം അറിഞ്ഞ് നിഗം കുമാറിന്റെ ബന്ധുക്കൾ യുപിയിൽനിന്ന് ചൊവ്വാഴ്ച എത്തിയിരുന്നു.

ഞായറാഴ്ചയായിരുന്നു അപകടം. അഞ്ചംഗ സംഘത്തോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ നിഗം കുമാർ ഒഴുക്കിൽപ്പെടുകയായിരുന്നു. അന്നുമുതൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല.