കൊച്ചി: ഓർമ്മ നഷ്ടപ്പെട്ട അച്ഛനെ തേടി കൊച്ചിയിലെ തെരുവുകളിൽ അലയുകയാണ് മകൻ സാന്റോൺ ലാമ എന്ന സണ്ണി. നഗരത്തിൽ പരിചയപ്പെട്ട ഹിന്ദി അറിയാവുന്ന ഓട്ടോ ഡ്രൈവറെയും കൂട്ടി തിരച്ചിൽ തുടങ്ങിയിട്ട് പത്തുദിവസമായി. കുവൈത്തിൽ ഹോട്ടൽ വ്യവസായിയും ബെംഗളൂരു സ്വദേശിയുമായ സൂരജ് ലാമ (59) യെ ഇൗ മാസം അഞ്ചിനാണ് കൊച്ചിയിൽ കാണാതായത്.
അന്നു പുലർച്ചെ 2.30-ന് അൽജസീറ എയർവേയ്‌സ് വിമാനത്തിലാണ് സൂരജ് കൊച്ചിയിൽ എത്തിയത്. കറുത്ത ടീഷർട്ടും കറുത്ത പാന്റ്‌സുമാണ് കാണാതാകുമ്പോഴുള്ള വേഷം. കൈയിൽ പണമോ വസ്ത്രമോ ഇല്ല. ഉണ്ടായിരുന്നത് പാസ്പോർട്ട് മാത്രം. വിമാനത്താവളത്തിൽനിന്ന് പുറത്തുകടന്ന സൂരജ് ബസിൽ ആലുവ മെട്രോ സ്റ്റേഷനിലെത്തി എന്നു മാത്രമറിയാം.
നാടുകടത്തിയത് കുടുംബത്തെ അറിയിക്കാതെ
കൊൽക്കത്തയിൽ വേരുകളുള്ള ലാമ വർഷങ്ങൾക്കു മുൻപ് ബെംഗളൂരുവിലെത്തിയതാണ്. അതിനിടയിലാണ് കുവൈത്തിലേക്ക് ബിസിനസിനായി പോയത്. കുവൈത്തിൽ നാല് റസ്റ്ററന്റുകളുടെ ഉടമയാണ് സൂരജ്. സെപ്റ്റംബർ അഞ്ചിന് കുവൈത്തിൽ വെച്ച് കുഴഞ്ഞുവീണു. പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം ജീവൻ തിരിച്ചു കിട്ടിയെങ്കിലും ഓർമ്മ പൂർണമായും മറഞ്ഞു. ഇതിനിടെ വിസ കാലാവധി കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി കുവൈത്തിൽനിന്ന് ഒക്ടോബർ നാലിന് നാടുകടത്തി. ‘‘സ്വന്തം കാര്യങ്ങൾ ചെയ്യാൻപോലും പരസഹായം ആവശ്യമായ സൂരജിനെ ബെംഗളൂരുവിനു പകരം കൊച്ചിയിലേക്കാണ് കുവൈത്ത് പോലീസ് കയറ്റിവിട്ടത്. ഒാർമ്മയില്ലാത്തയാളെ അയക്കുന്നത് കുടുംബത്തെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ല. എയർലൈൻ അധികൃതരും സൂചന നൽകിയില്ല. കൊച്ചി വിമാനത്താവളത്തിൽ എത്തിയ സൂരജിന്റെ സ്ഥിതി കണ്ടിട്ട് എങ്ങനെയാണ് സിയാൽ അധികൃർ പുറത്തേക്ക് വിട്ടയച്ചത്?” സണ്ണി ചോദിക്കുന്നു.
തിരച്ചിലിന്റെ നാളുകൾ
സൂരജിനായി കുവൈത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊച്ചിയിലേക്ക് കയറ്റിവിട്ട വിവരം ഒക്ടോബർ ഏഴിന് കുടുംബം അറിഞ്ഞത്. ഭാര്യ റിന ലാമ പിറ്റേന്നുതന്നെ കൊച്ചിയിലെത്തി നെടുമ്പാശ്ശേരി പോലീസിൽ പരാതി നൽകി. തുടർന്ന് സ്വന്തംനിലയ്ക്ക് അന്വേഷണം തുടങ്ങി. ആലുവ മുതൽ ഇടപ്പള്ളി വരെയുള്ള ഫ്ലൈ ഓവറുകളുടെയും പാലങ്ങളുടെയും അടിയിലും മാർക്കറ്റ്, മെട്രോ സ്റ്റേഷൻ പരിസരങ്ങളിലുമെല്ലാം തിരഞ്ഞു. ഒക്ടോബർ 12-ന് മകൻ സണ്ണിയും കൊച്ചിയിലെത്തി. തിരച്ചിലേറെ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ബുധനാഴ്ച മടങ്ങാനിരിക്കെയാണ് ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിന് അടുത്ത് സൂരജിനെ കണ്ടതായി ഒരാൾ പറഞ്ഞത്. മടക്കയാത്ര കാൻസൽ ചെയ്ത് പുലർച്ചെ അഞ്ചുമുതൽ സണ്ണി ശിവക്ഷേത്രത്തിൽ കാത്തിരുന്നു. പക്ഷേ, സൂരജ് വന്നില്ല. ഗൂഗിളിൽ ജോലിചെയ്യുന്ന സണ്ണിക്ക് തിരികെ ജോലിയിൽ പ്രവേശിക്കാനും സമയമായി. ഇനിയെന്തു ചെയ്യുമെന്നറിയാതെ കുടുംബം വിഷമിക്കുകയാണ്.
Content Highlights: A son searches Kochi streets for his father, Surat Lama, who went missing after arriving from Kuwait with amnesia. Family appeals for information.
Published: 16 Oct 2025, 04:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented