പാലക്കാട്: പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂക്കള്‍ നല്‍കി അതിഥികളെ സ്വീകരിക്കേണ്ടതില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. കേളേജുകളില്‍ ഉദ്ഘാടനത്തിനെത്തുന്ന മന്ത്രിമാരെ പൂക്കള്‍ കൊടുത്ത് സ്വീകരിക്കണമെന്ന കാഴ്ചപ്പാടില്‍ മാറ്റം വരുത്തണമെന്നും മന്ത്രി വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ മാഗസിന്‍ പുരസ്‌കാരസമര്‍പ്പണ ചടങ്ങിലെത്തിയപ്പോഴാണ് മന്ത്രി വിദ്യാര്‍ഥികള്‍ നല്‍കിയ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂക്കള്‍ നിരസിച്ചത്.

To advertise here,

നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചതിന് 10,000 രൂപ പിഴയാണ്. ഈ നിരോധനം നടപ്പാക്കേണ്ടതാവട്ടെ, തദ്ദേശസ്വയംഭരണ വകുപ്പും. അത് കൈകാര്യംചെയ്യുന്ന മന്ത്രിക്കാണ് ഈ ബൊക്കയുംകൊണ്ട് വന്നിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവുകളൊക്കെ ഒന്നു വായിച്ചുനോക്കണമെന്നും മന്ത്രി അറിയിച്ചു. 

പുനരുപയോഗിക്കാനാകാത്ത പ്ലാസ്റ്റിക്കാണ് പൂക്കള്‍ പൊതിയാനായി ഉപയോഗിക്കുന്നതെന്നും വന്ദേഭാരത് തീവണ്ടിയില്‍ എക്‌സിക്യുട്ടീവ് ക്ലാസില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂക്കള്‍ നല്‍കുന്നതിനെതിരേ കേന്ദ്രസര്‍ക്കാരിനോട് പരാതി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുടിക്കാന്‍ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളമെത്തിച്ചതിനെയും മന്ത്രി വിമര്‍ശിച്ചു.