
കണ്ണൂർ: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഏകീകരിക്കുകയാണുണ്ടായതെന്നും എക്സെെസ് വകുപ്പുമന്ത്രി എം.ബി. രാജേഷ്. നേരത്തെ തന്നെ ടൂറിസം ഡെസ്റ്റിനേഷനുകളിൽ അനുവദിച്ച സമയം രാവിലെ പത്തുമുതൽ രാത്രി 12 വരെയാണ്. അത് എല്ലായിടത്തേക്കും ബാധകമാക്കി ഏകീകരിച്ചുവെന്നേയുള്ളൂവെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.
ടൂറിസം ഡെസ്റ്റിനേഷനുകളിൽ കുറച്ചുകാലമായി ഈ സമയക്രമം ആണുള്ളതെന്നും മന്ത്രി പറഞ്ഞു. ടൂറിസം ഡെസ്റ്റിനേഷനുകളാണെങ്കിലും അല്ലെങ്കിലും എല്ലാ ബാറുകളുടെയും ലൈസൻസ് ഫീസ് 35 ലക്ഷംരൂപയാണ്. ടൂറിസം ഡെസ്റ്റിനേഷനായി വിജ്ഞാപനം ചെയ്തിടത്തും അതിന്റെ തൊട്ടടുത്തും ബാർ ഉണ്ടാകും. അപ്പോൾ ഒരു വിവേചനം നിലനിൽക്കുന്നു എന്ന പരാതി വളരെ ശക്തമായി സർക്കാരിന്റെ മുന്നിൽ നിലനിൽക്കുന്നുണ്ട്. സമയം സംബന്ധിച്ചും നേരത്തെയുള്ള ആവശ്യമാണ്. ഇതെല്ലാം പരിഗണിച്ചാണ് ടൂറിസം ഡെസ്റ്റിനേഷനുകളിൽ നിലനിൽക്കുന്ന സമയം മറ്റുള്ളവർക്കുകൂടി ബാധകമാക്കിയത്. വിഷയത്തിൽ പുതിയൊരു തീരുമാനം എടുക്കുകയല്ല ചെയ്തത്, അദ്ദേഹം പറഞ്ഞു.
മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും രാജേഷ് പറഞ്ഞു. കർണാടകയിൽ ബാറുകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ രാത്രി 12 വരെയാണ്. കേരളം ഇപ്പോൾ ആക്കിയിരിക്കുന്നത് രാവിലെ 10 തൊട്ട് രാത്രി 12 വരെ ആണ്. ബെംഗളൂരു നഗരത്തിൽ ബാറുകളുടെ പ്രവർത്തനസമയം രാവിലെ 9 മുതൽ പുലർച്ചെ 1 മണിവരെയാണ്. അവിടെ ലൈസൻസ് ഫീസും വളരെ കുറവാണ്. എന്നാൽ കേരളത്തിലെ ഏകീകൃത നിരക്ക് 35 ലക്ഷം രൂപയാണ്, മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: minister mb rajesh on bar working time
Published: 18 Feb 2026, 02:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented