
തിരുവനന്തപുരം: ആലത്തൂരില്‍നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനമൊഴിഞ്ഞ കെ. രാധാകൃഷ്ണൻ്റെ പടിയിറക്കം ചരിത്രപരമായ ഉത്തരവിറക്കി. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നതു മാറ്റാനാണ് തീരുമാനം.
കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരിൽ അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം. പുതിയ ഉത്തരവനുസരിച്ച് കോളനികൾ ഇനി നഗർ എന്നറിയപ്പെടും. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് പ്രകൃതി എന്നുമാക്കി. ഓരോ പ്രദേശത്തും താല്പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാം. തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു.
ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവുമായിരുന്നു മന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ അവസാന പരിപാടി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി ക്ഷേമ പ്രവർത്തനങ്ങൾ മാത്രം നടത്താതെ അവരെ സംരംഭകരാക്കി വളർത്തുക കൂടിയാണ് ഉന്നതി പദ്ധതിയുടെ ലക്ഷ്യമെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു. മികച്ച പഠനം നേടിയവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ഉണ്ടാക്കുകയാണ് ഉന്നതി പദ്ധതിയിലൂടെ ചെയ്യുന്നത്.
691 പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികളെ വിദേശ സർവകലാശാലകളിൽ അയച്ച് പഠിപ്പിക്കാൻ സാധിച്ചു. 255 കുട്ടികൾ ഈ സെപ്റ്റംബറിൽ വിദേശത്തേക്ക് പോകുന്നുണ്ട്. 150 ഗോത്രവർഗ്ഗ കുട്ടികൾ എയർഹോസ്റ്റസുമാരായി ജോലി ചെയ്യുന്നു. ഗോത്രവർഗ്ഗ യുവാക്കളെ പൈലറ്റുമാരാക്കുന്നതിനുള്ള വിംഗ്സ് പദ്ധതിയിലൂടെ കൂടുതൽ പൈലറ്റുമാരെ ഇനിയും സൃഷ്ടിക്കും. അന്താരാഷ്ട്ര വിമാനം പറത്തുന്നതിനുള്ള പരിശീലനം നേടുന്നതിന് അഞ്ച് കുട്ടികൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകി. 1285 കേന്ദ്രങ്ങളിൽ ഇൻറർനെറ്റ് കണക്ഷൻ എത്തിച്ചു. 17 കേന്ദ്രങ്ങളിൽ കൂടി വൈദ്യുതി എത്തിയാൽ 100% വൈദ്യുതീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായി കേരളം മാറും. അർഹതപ്പെട്ട ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാൽ സാമ്പത്തിക പ്രതിസന്ധി കുറച്ച് പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അവസാന ഉത്തരവിലും ഒപ്പിട്ടതിന് ശേഷം അദ്ദേഹം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് രാജിക്കത്ത് നല്‍കി.
Content Highlights: Minister K Radhakrishnan issued historic order before leaving minister position
Published: 18 Jun 2024, 03:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented