കാസര്‍കോട്: റവന്യൂ വകുപ്പിന്റെ വൈരുധ്യമുള്ള കത്ത് കണ്ട് പകച്ചുനില്‍ക്കുകയാണ് കാസര്‍കോട് നായക്സ് റോഡിലെ കുടുംബം. 90 വര്‍ഷമായി കുടിയിരിക്കുന്ന ഭൂമിയില്‍നിന്ന് മൂന്നുദിവസത്തിനകം കുടിയൊഴിയണമെന്നും അല്ലെങ്കില്‍ ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസ്. മാറിപ്പോകേണ്ട സ്ഥലത്തിന്റെ സര്‍വേ നമ്പര്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ടെങ്കിലും അങ്ങനെയൊരു സ്ഥലം ഇവര്‍ക്ക് അനുവദിച്ചതിന്റെ രേഖകള്‍ ഫയലില്ലെന്ന് ആര്‍ഡിഒയും പറയുന്നു. ഇല്ലാത്ത സ്ഥലത്തേക്ക് കുടിയൊഴിയാന്‍ ആവശ്യപ്പെടുമ്പോള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന കുടുംബം അനുഭവിക്കുന്നത് കടുത്ത നീതി നിഷേധമാണ്.
'വില്ലേജ്ന്ന് കൊണ്ടന്ന കടലാസില്‍ പറയുന്ന് മൂന്നുദിവസത്തില്‍ കുടിയൊഴിയണമെന്ന്. ഞാങ്ങോ എങ്ങോട്ട് പോണ്ടത്'-കണ്ണീരോടെ കുടുംബം ചോദിക്കുന്നു.
ഭൂമിക്കായി വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം നടക്കുമ്പോഴാണ് റവന്യൂ അധികൃതരില്‍നിന്ന് മനുഷ്യത്വവിരുദ്ധമായ സമീപനം. കാസര്‍കോട് വില്ലേജിലെ സര്‍വേ നമ്പര്‍ 89/11ല്‍പ്പെട്ട സ്ഥലത്താണ് 92-കാരിയായ ലക്ഷ്മിയമ്മയും മകള്‍ കമലാക്ഷിയും മകന്റെ ഭാര്യ ചിത്രയും അവരുടെ മൂന്ന് മക്കളും കഴിയുന്നത്. പൊളിഞ്ഞു വീഴാറായ വീട് ഒന്ന് പുതുക്കിപ്പണിയാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. ലക്ഷ്മിയമ്മ കിടപ്പിലാണ്. ഇനിയിപ്പോള്‍ അധികൃതര്‍ കുടിയിറക്കിയാല്‍ കിടപ്പിലായ അമ്മയെയും കൊണ്ട് എങ്ങോട്ട് പോകുമെന്നതില്‍ കുടുംബാംഗങ്ങള്‍ക്ക് നിശ്ചയമില്ല.
കഴിഞ്ഞ അഞ്ചിനാണ് താലൂക്ക് തഹസില്‍ദാര്‍ ഒപ്പുവെച്ച നോട്ടീസ് കുടുംബത്തിന് ലഭിച്ചത്. വര്‍ഷങ്ങളായി കുടിയിരിപ്പുള്ള സ്ഥലത്തുനിന്ന് 122/1പ്പെട്ട സ്ഥലത്തേക്ക് മാറാനാണ് ഉത്തരവ്. എന്നാല്‍ ഇതേ സര്‍വേ നമ്പര്‍ പ്രകാരമുള്ള സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞ് വിവരാവകാശനിയമപ്രകാരം നല്കിയ അപേക്ഷയ്ക്ക് ജൂണ്‍ 28-ന് ആര്‍ഡിഒ നല്കിയ മറുപടിയില്‍ ഈ സര്‍വേ നമ്പറില്‍ ലക്ഷ്മിയമ്മക്ക് ഭൂമി അനുവദിച്ചതിന്റെ രേഖകള്‍ ഫയലില്‍ കാണുന്നില്ലെന്നും പറയുന്നു.
ഭൂരഹിതരായവര്‍ക്ക് അവരുടെ അപേക്ഷ പരിഗണിച്ചാണ് ഭൂമി അനുവദിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ഒരിടത്ത് കുടിയിരിക്കുമ്പോള്‍ അപേക്ഷ പോലും നല്കാതിരിക്കെ എങ്ങനെയാണ് തഹസില്‍ദാരുടെ കത്തില്‍ പരാമര്‍ശിക്കുന്ന സര്‍വേ നമ്പറില്‍ ഭൂമി ലഭിച്ചതെന്നതിലും വ്യക്തതയില്ല.
കുടിയിരിപ്പ് ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി ഈ കുടുംബം ഹൈക്കോടതിയില്‍ കേസ് നടത്തുന്നുണ്ട്. റവന്യൂമന്ത്രിക്കും കുടുംബം അപേക്ഷ നല്‍കിയിട്ടുണ്ട്.
Content Highlights: A Kasaragod family faces eviction from their 90-year-old home despite a court case.
Published: 08 Jul 2025, 07:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented