ന്യൂഡല്‍ഹി: ജോലിസ്ഥലത്ത് ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് സഹപ്രവർത്തകർക്കെതിരേ പരാതി നൽകി ഇൻഡിഗോയിലെ ട്രെയിനി പൈലറ്റ്. വിമാനം പറത്താനുള്ള യോഗ്യതയില്ലെന്നും ചെരിപ്പ് തുന്നാന്‍ പോകുന്നതാണ് നല്ലതെന്നും പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് പരാതി. സംഭവത്തിൽ ഇന്‍ഡിഗോ ഉദ്യോഗസ്ഥരായ തപസ്സ് ഡേ, മനീഷ് സാഹ്നി, രാഹുല്‍ പാട്ടീല്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.

To advertise here,

ഏപ്രില്‍ 28-ന് കമ്പനിയുടെ ആസ്ഥാനമായ ഗുരുഗ്രാമില്‍ നടന്ന യോഗത്തിൽവെച്ചാണ് തന്നെ അധിക്ഷേപിച്ചെന്ന് പരാതിക്കാരന്‍ പറയുന്നു. 'നിങ്ങള്‍ക്ക് വിമാനം പറത്താനുള്ള യോഗ്യതയില്ല. നിങ്ങൾ ചെരിപ്പ് തുന്നാന്‍ പോകുന്നതാണ് നല്ലത്. ഇവിടത്തെ ഒരു കാവല്‍ക്കാരന്റെ ജോലിപോലും ചെയ്യാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ല', എന്നുപറഞ്ഞ് അധിക്ഷേപിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

പട്ടികജാതിയില്‍പ്പെട്ട തന്നെ ജോലിയില്‍നിന്ന് പുറത്താക്കാനുള്ള ശ്രമം നടക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു. ജോലിസ്ഥലത്ത് താന്‍ അനുഭവിച്ച ചൂഷണങ്ങളും പ്രശ്‌നങ്ങളും സംബന്ധിച്ച് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. പട്ടികജാതി/പട്ടികവിഭാഗം (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആദ്യം കേസ് ബംഗളൂരു പോലീസ് കേസെടുക്കുകയും പിന്നീട് ഇന്‍ഡിഗോയുടെ ആസ്ഥാനമായ ഗുരുഗ്രാമിലേക്ക് കേസ് മാറ്റുകയുമായിരുന്നു. 

ജീവനക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളിയ ഇൻഡിഗോ, ജോലിസ്ഥലത്തെ വിവേചനവും അസഹിഷ്ണുതയും ഒരുതരത്തിലും പിന്തുണക്കില്ലെന്ന നിലപാടാണ് ഇന്‍ഡിഗോ ഇതുവരെ സ്വീകരിച്ചതെന്നും കമ്പനിയുടെ സല്‍പേരിനെ ബാധിക്കുന്ന എല്ലാ വാദങ്ങളെയും നിയമനടപടിയിലൂടെ നേരിടുമെന്നും അറിയിച്ചു.