തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷിന് എക്‌സൈസും അകമ്പടി നൽകണമെന്ന് എക്‌സൈസ് കമ്മിഷണർ. കഴിഞ്ഞദിവസം എക്‌സൈസ് ഉന്നതോദ്യോഗസ്ഥരുടെ ഓൺലൈൻ മീറ്റിങ്ങിലാണ് കമ്മിഷണർ എം.ആർ. അജിത്കുമാർ ഇത്തരമൊരു നിർദേശംവെച്ചത്. എന്നാൽ, താനോ തന്റെ ഓഫീസോ ഇത്തരമൊരു ആവശ്യമുന്നയിച്ചിട്ടില്ലെന്ന് മന്ത്രി രാജേഷ് വ്യക്തമാക്കി. മന്ത്രിമാരുടെ പ്രോട്ടക്കോൾ തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനല്ലെന്നും മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചു.

To advertise here,

മന്ത്രി എവിടെപ്പോയാലും എക്‌സൈസ് ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നായിരുന്നു നിർദേശം. ഗസ്റ്റ്ഹൗസിലോ ഹോട്ടലിലോ താമസിച്ചാലും അവിടെയും ഉണ്ടാകണം. മന്ത്രിയുടെ യാത്ര സംബന്ധിച്ച വിവരങ്ങൾ എക്‌സൈസ് ഇന്റലിജൻസ് ശേഖരിച്ച് അതത് യൂണിറ്റുകൾക്ക് കൈമാറണം. ഇതിന്റെയടിസ്ഥാനത്തിലാകണം അകമ്പടിയൊരുക്കാനെന്നും നിർദേശിച്ചിരുന്നു.

നിർദേശത്തിനുപിന്നാലെ ഉദ്യോഗസ്ഥരിൽ ചിലർ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അത്തരത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്നായിരുന്നു മറുപടി. അതേസമയം, എക്‌സൈസ് എൻഫോഴ്മെന്റ് വാഹനങ്ങൾ മന്ത്രിക്ക് അകമ്പടിക്കായി ഉപയോഗിക്കുന്നതിൽ ഉദ്യോഗസ്ഥർ ആശങ്ക പങ്കുവെച്ചിരുന്നു. മന്ത്രിക്ക് അകമ്പടിപോകുന്ന ദിവസം എൻഫോഴ്സ്മെന്റ് പ്രവർത്തനം വേണ്ടെന്ന് നിർദേശിച്ചിരുന്നതായും വിവരമുണ്ട്.

കമ്മിഷണർ ഉത്തരവിറക്കുകയോ വാക്കാൽ നിർദേശം നൽകുകയോ ചെയ്തിട്ടില്ലെന്നാണ് തന്റെ ഓഫീസിനെ അറിയിച്ചതെന്ന് മന്ത്രി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി ജില്ലകളിൽ എത്തുമ്പോൾ എൻഫോഴ്സ്മെന്റ് നടപടികൾ വിശദീകരിക്കണമെന്ന് നിർദേശിച്ചെന്നാണ് കമ്മിഷണർ ഓഫീസിനെ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.

ഓരോ ഓഫീസിലെയും ഉദ്യോഗസ്ഥർ അതത് ഓഫീസുകൾ വൃത്തിയാക്കി അതിനുമുന്നിൽനിന്ന് ഫോട്ടോയെടുത്ത് അയക്കണമെന്ന നിർദേശവും യോഗത്തിലുണ്ടായി. ഇതിനാവശ്യമായിവരുന്ന ചെലവ് ഉദ്യോഗസ്ഥർതന്നെ വഹിക്കണമെന്ന് നിർദേശിച്ചതായും വിവരമുണ്ട്. ഇതിനെതിരേയും ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുമുണ്ട്.