ലഹരികടത്ത് കേസില്‍ തൊണ്ടിമുതല്‍ മാറ്റി; 28 വര്‍ഷമായിട്ടും കോടതിക്ക് പിടികൊടുക്കാതെ ആന്റണി രാജു


സ്വന്തം ലേഖകന്‍

മന്ത്രി ആന്റണി രാജു| Photo: Mathrubhumi

തിരുവനന്തപുരം: തൊണ്ടിമുതലില്‍ കൃത്രിമത്വം കാട്ടിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു. 28 വര്‍ഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുന്നോട്ടു നീക്കി കൊണ്ടു പോകുന്ന വിവരങ്ങള്‍ പുറത്ത്. 2014 ഏപ്രില്‍ 30നാണ് കേസ് വിചാരണക്കായി പരിഗണിക്കാന്‍ തുടങ്ങുന്നത്. ലഹരി മരുന്നുമായി എത്തിയ ആളെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചുവെന്നതാണ് ആന്റണി രാജുവിനെതിരായ കേസ്.

1994 ല്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇതിനെല്ലാം ആധാരമായത്. ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയതിന് 1994ല്‍ എടുത്ത കേസില്‍, ഇതുവരെ കോടതിയില്‍ ഹാജരാകാന്‍ ആന്റണി രാജു തയ്യാറായിട്ടില്ല. 2014 മുതല്‍ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാന്‍പോലുമാകാത്ത രീതിയില്‍ കേസ് നീട്ടിക്കൊണ്ടുപോവുകയാണ്. ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്ന സമയത്താണ് തൊണ്ടിമുതല്‍ മാറ്റിയ സംഭവമുണ്ടാകുന്നത്.

കേസിന്റെ ചരിത്രം ഇങ്ങനെ

അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കേസ് വിചാരണയ്ക്കെടുത്തു. ആന്റണി രാജു തന്റെ സീനിയര്‍ സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്ന് പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ.വി. ശങ്കരനാരായണന്‍ ഉത്തരവിറക്കി. എന്നാല്‍ തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തു. പ്രഗത്ഭനായിരുന്ന കുഞ്ഞിരാമ മേനോന്‍ ആയിരുന്നു പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തത്.

ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ വെറുതെ വിടാന്‍ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. ജട്ടി പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിട്ടു.

ഇതിന് പിന്നാലെ കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോസ്ഥന്‍ സിഐ കെകെ ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കി. മൂന്ന് വര്‍ഷം നീണ്ട പരിശോധനയ്ക്കൊടുവില്‍ വിഷയത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതിനിടെ ആന്റണി രാജു ആദ്യമായി നിയമസഭാംഗമായി. 2002ല്‍ കേസില്‍ തെളിവില്ലെന്ന് കണ്ട് കേസ് അവസാനിപ്പിക്കാന്‍ പോലീസ് ശ്രമിച്ചു. ഇതിനായി കോടതിയില്‍ ഇതുചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കി. ഈ സമയത്താണ് എ.കെ. ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്.

2005ല്‍ കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായി. കേസ് പുനരന്വേഷിക്കാന്‍ അന്നത്തെ ഉത്തരമേഖലാ ഐ.ജി. ടി.പി. സെന്‍കുമാര്‍ നല്‍കിയ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് കമ്മിഷണര്‍ വക്കം പ്രഭ നടപടി തുടങ്ങിയതോടെ വിഷയം വീണ്ടും സജീവമായി. കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയെ ചതിച്ചു, ഗൂഡാലോചന നടത്തി എന്നതടക്കം ആറ് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 2006 ഫെബ്രുവരി 13ന് ഇതുസംബന്ധിച്ച് പോലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് അക്കൊല്ലം തന്നെ മാര്‍ച്ച് 23ന് വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും എട്ടുവര്‍ഷം കേസ് വെളിച്ചം കണ്ടില്ല.

തുടര്‍ന്ന് 2014ല്‍ പ്രത്യേക ഉത്തരവിറക്കി നെടുമങ്ങാട് കോടതിയിലേക്ക് മാറ്റുന്നു. അവിടം മുതലിങ്ങോട്ട് 22 തവണയാണ് കോടതി കേസ് പരിഗണിച്ചതെങ്കിലും ഇത്രയും നാള്‍ കേസ് പരിഗണിച്ചപ്പോഴും ആന്റണി രാജുവോ കൂട്ടുപ്രതികളോ കോടതിയില്‍ ഹാജരായിട്ടില്ല. അതുകൊണ്ട് തന്നെ വിചാരണയില്ലാതെ കേസ് അനന്തമായി നീളുകയാണ്. ഈ വരുന്ന മാസം, ആഗസ്റ്റ് നാലിന് ഇരുപത്തിമൂന്നാം തവണ കേസ് പരിഗണിക്കാനിരിക്കുകയാണ്. പക്ഷെ ഇപ്പോള്‍ ആന്റണി രാജു നിയമസഭാംഗവും സംസ്ഥാന മന്ത്രിയുമാണ്. ഭരണഘടനയെ അവഹേളിച്ചതിന് സജിചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചതിന്റെ ക്ഷീണം മാറി വരുന്നതിനിടെയാണ് മറ്റൊരു മന്ത്രിസഭാംഗത്തിന്റെ നിയമലംഘനത്തിന്റെ കഥകള്‍ പുറത്ത് വരുന്നത് എന്നതാണ് ശ്രദ്ധേയം.

കോടതിയിലെത്തുന്ന കേസുകളില്‍ തെളിവാകേണ്ട തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന രേഖയാണ് തൊണ്ടി രജിസ്റ്റര്‍. ഇതില്‍ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷന്‍ സ്റ്റോറിലേക്ക് മാറ്റുന്നു. പിന്നെ കോടതിയുടെ അനുമതിയില്ലാതെ ഈ വസ്തുക്കളൊന്നും പുറത്തേക്ക് എടുക്കാന്‍ കഴിയില്ല. ഈ കര്‍ശന വ്യവസ്ഥയെല്ലാം അട്ടിമറിച്ചാണ് കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസിന്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയത് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.


ആന്റണി രാജു തൊണ്ടിമുതല്‍ കൈപ്പറ്റിയെന്ന് തെളിയിക്കുന്ന രേഖയും
ലഹരിക്കടത്ത് കേസില്‍ തൊണ്ടിമുതലായി പിടിച്ച അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്ന വിധിന്യയത്തിലെ ഭാഗവും. (ഹൈക്കോടതിയില്‍ കേസ് നടന്ന സമയത്തുള്ളത്.)

തൊണ്ടിമുതലില്‍ നടന്ന കൃത്രിമം ഇങ്ങനെയാണ്:

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ഹാഷിഷുമായി ആന്‍ഡ്രൂ സാല്‍വദോര്‍ തിരുവനന്തപുരത്ത് പിടിയിലായി നാലുമാസത്തിന് ശേഷം പ്രതിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് പോള്‍ എന്നൊരാള്‍ എത്തുന്നു. പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തതും എന്നാല്‍ കേസുമായി ബന്ധമില്ലാത്തതുമായ എല്ലാ വസ്തുക്കളും വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷിക്കുന്നു. അനുകൂല ഉത്തരവ് നേടിയ ബന്ധുവിനെ കൂട്ടി ആന്റണി രാജു തൊണ്ടി സെക്ഷനിലെത്തുന്നു. അവിടെ നിന്ന് പ്രതിയുടെതായ സാധനങ്ങള്‍, തൊണ്ടി രജിസ്റ്ററില്‍ എഴുതിയിട്ടുള്ള സോപ്പ്, ചീപ്പ്, കണ്ണാടി, കാസറ്റ്, ടേപ്പ്റിക്കോര്‍ഡര്‍ എല്ലാം എടുക്കുന്നു. ഇതിനൊപ്പം കോടതി ചെസ്റ്റില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന അടിവസ്ത്രവും കൈവശപ്പെടുത്തുന്നു. ഈ അടിവസ്ത്രമാണ് പിന്നീട് കേസില്‍ പ്രതിയുടെ രക്ഷപ്പെടലിന് വഴിയൊരുക്കിയത്.

ഈ അടിവസ്ത്രം നാലുമാസത്തോളം അത് ഇവരുടെ കൈവശം തന്നെയിരുന്നു. കേസ് ഹൈക്കോടതിയില്‍ പന്ത്രണ്ടാം മാസം വിചാരണ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് തിരികെ ഏല്‍പിക്കുന്നത്. ഈ കാലയളവിലാണ് ഇത് വെട്ടിത്തയ്ച്ച് കൊച്ചുകുട്ടികളുടേത് പോലെയാക്കി പ്രതിക്ക് ഇടാന്‍ കഴിയാത്ത പരുവത്തിലാക്കിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു. അങ്ങനെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഏറ്റുവാങ്ങി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും, Received എന്നും Returned എന്നും ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട ഈ രേഖയാണ് കേസിലെ ഏറ്റവും പ്രധാന തെളിവ്. വിചാരണ നടന്നാല്‍ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പുള്ള കേസാണ് ഇത്.

ആദ്യകേസില്‍ പ്രതിക്ക് രക്ഷപ്പെടാന്‍ കോടതി ജീവനക്കാരന്റെ സഹായം കിട്ടിയെന്നത് അന്വേഷണത്തില്‍ വ്യക്തമാണ്. എന്നാല്‍ ആന്റണി രാജു പ്രതിയായ കേസ് അനന്തമായി നീണ്ടുപോകുന്നതിന്റെ കാരണം അസാധാരണമാണ്. സമന്‍സ് അയച്ചിട്ടും വ്യക്തമായ കാരണം ബോധിപ്പിക്കാതെ കോടതിയില്‍ ഹാജരാകാത്ത പ്രതിക്ക് വാറന്റ് അയക്കുന്നതാണ് സാധാരണ ഗതിയില്‍ കോടതി ചെയ്യാറുള്ളത്. എന്നാല്‍ 22 തവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്ത പ്രതികളോട് എന്തിനാണ് ഇത്ര സൗമനസ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടാകാത്തതെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. 22 തവണ മാറ്റിവയ്ക്കേണ്ടി വന്നിട്ടും ഒറ്റത്തവണയും ഒരു വാറന്റ് പോയിട്ടില്ല എന്നാണ് കോടതി രേഖകള്‍ പറയുന്നത്.

28 വര്‍ഷമായി ഒരു കേസ് ആരംഭിച്ചിട്ട്. അതില്‍ കോടതിയെ കബളിപ്പിച്ച് കുറ്റവാളിയെ രക്ഷപ്പെടാന്‍ സഹായിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചെയ്തത് അഭിഭാഷകനായ ആന്റണി രാജുവും കോടതി ജീവനക്കാരനുമാണ്. ഇത്രയേറെ ഗൗരവമേറിയ വിഷയത്തില്‍ കൃത്യമായ നടപടിയില്ലാത്തത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ് കാണിക്കുന്നത്.

Content Highlights: Minister Antony Raju in dock over shifting evidence in drug trafficking case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented