കോട്ടയം: എം.ജി. സര്‍വകലാശാലയില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായ സംഭവത്തില്‍ കുറ്റക്കാരെന്ന് സര്‍വകലാശാല കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ തുടരണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അസിസ്റ്റന്റ് രജിസ്ട്രാര്‍ സെബാസ്റ്റ്യന്‍ പി. ജോസഫ്, സെക്ഷന്‍ ഓഫീസര്‍ മനോജ് തോമസ് എന്നിവര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡോ. എ.കെ. ബാലകൃഷ്ണന്‍ നമ്പ്യാരും ജസ്റ്റിസ് ഡോ. കൗസറും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

To advertise here,

തങ്ങള്‍ക്ക് നോട്ടീസ് നല്‍കി, ക്രോസ്സ് വിസ്താരത്തിന് അവസരം നല്‍കാതെയാണ് തെളിവെടുപ്പ് നടത്തിയതെന്നും ഇത് സര്‍വകലാശാല ചട്ടങ്ങളുടെയും സ്വാഭാവികനീതിയുടെയും ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. വാദം ശരിവച്ച കോടതി ഇപ്പോഴുള്ള ശിക്ഷാ നടപടിയെ കാരണം കാണിക്കല്‍ നോട്ടീസ് ആയി പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചു. ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കൈകാര്യം ചെയ്യുന്നതിലെ സുരക്ഷിതത്വത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് വേണ്ടി മാത്രമാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചതെന്ന സര്‍വകലാശാല അഭിഭാഷകന്റെ വിശദീകരണം കോടതി രേഖപ്പെടുത്തി.

കഴിഞ്ഞ ജൂണ്‍ 15-നാണ് പി.ജി- ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ ഫോര്‍മാറ്റുകള്‍ നഷ്ടപ്പെട്ട വിവരം സെക്ഷന്‍ ഓഫീസര്‍ കണ്ടുപിടിച്ചത്. ഇതിനെ തുടര്‍ന്ന് മോഷണം പോയ വിവരം റിപ്പോര്‍ട്ട് ചെയ്ത സെക്ഷന്‍ ഓഫീസര്‍ ഉള്‍പ്പെടെ രണ്ടു പേരെ കസ്റ്റോഡിയന്‍ എന്ന കാരണം ഉന്നയിച്ച് സസ്‌പെന്‍ഡ് ചെയ്ത സര്‍വകലാശാലയുടെ നടപടി വിവാദമായിരുന്നു. ഇത് സംബന്ധിച്ച് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു എങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടവും സര്‍വകലാശാലയ്ക്ക് വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അഡ്വ. സുരിന്‍ ജോര്‍ജും ഹാജരായി.