മേപ്പാടി: കള്ളാടി കാശ്മീരിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീകൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മേപ്പാടിയിൽ മണിക്കൂറുകൾനീണ്ട പ്രതിഷേധവും റോഡുപരോധവും. വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ റോഡുപരോധം. ചൊവ്വാഴ്ച രാവിലെ 6.15-ഓടെ സ്കൂട്ടറിൽ ഭർത്താവിനോടൊപ്പം ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന ജെസ്സിയെയാണ് കാട്ടാന ആക്രമിച്ചത്. ഉടൻ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാട്ടാന ആക്രമണ വിവരമറിഞ്ഞതിനുപിന്നാലെത്തന്നെ നാട്ടുകാർ പുത്തുമലയ്ക്ക് സമീപത്തെ ഫോറസ്റ്റ് സ്റ്റേഷനുമുൻപിലെത്തി പ്രതിഷേധിച്ചിരുന്നു. പിന്നീടാണ് മേപ്പാടി ടൗണിലേക്ക് പ്രതിഷേധം വ്യാപിപ്പിച്ചത്.

To advertise here,

ദിവസവും വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന പാതയിലാണ് കാട്ടാനയാക്രമണമുണ്ടായത്. ഇതിനുമുൻപും കള്ളാടിക്കും മീനാക്ഷിക്കും ഇടയിലുള്ള സ്ഥലങ്ങളിൽവെച്ച് ഒട്ടേറെ ബൈക്ക് യാത്രക്കാർ തലനാരിഴയ്ക്ക് കാട്ടാനകളുടെ മുൻപിൽനിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. മുണ്ടക്കൈ-ചൂരൽമല ദുരന്തശേഷം മലയോരമേഖലയിലെ ജനങ്ങൾ ഉപജീവനമാർഗംതേടി മേപ്പാടി, കല്പറ്റ തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് പോകുന്നത്. പലയിടത്തും തകർന്നുകിടക്കുന്ന റോഡും താണ്ടി ഏറെദൂരം സഞ്ചരിക്കേണ്ടതിനാൽ പലരും രാവിലെ ആറുമണിക്കുതന്നെ വീടുകളിൽനിന്ന് ഇറങ്ങുകയാണ് പതിവ്. ഇത്തരത്തിൽ ജോലിയാവശ്യങ്ങൾക്കായി അതിരാവിലെയും രാത്രിവൈകിയും യാത്രചെയ്യുന്നവരാണ് വന്യമൃഗങ്ങളുടെ മുന്നിൽപ്പെടുന്നത്. പലരും ഭാഗ്യംകൊണ്ടുമാത്രമാണ് രക്ഷപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. ജെസ്സിയുടെ മരണവിവരംകൂടിയറിഞ്ഞതോടെ മലയോരവാസികളാകെ ഭീതിയിലാണ്. പകൽസമയംപോലും പുറത്തിറങ്ങാൻകഴിയാത്ത സാഹചര്യമാണ് തങ്ങൾക്കുള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ലക്കിടിവരെയുള്ള മലയോരപ്രദേശങ്ങളിൽ ഒട്ടേറെ ആനത്താരകളുണ്ട്. ചക്കസീസണാകുമ്പോഴാണ് കാട്ടാനകൾ കൂടുതലായി ജനവാസസ്ഥലങ്ങളിൽ എത്തുന്നത്. വേനൽച്ചൂടിൽ കാടുണങ്ങുമ്പോഴും കുടിവെള്ളസ്രോതസ്സുകളും തീറ്റയും തേടി ഇവ മലയിറങ്ങാറുണ്ട്. വനപാലകരെത്തി ഒരിടത്തുനിന്ന് ഇവയെ കാടുകയറ്റിയാലും തൊട്ടടുത്ത ജനവാസമേഖലയിൽ ഇറങ്ങി കാട്ടാനകൾ ഭീതി സൃഷ്ടിക്കാറുണ്ട്. പലയിടത്തും വൈദ്യുതവേലികൾ സ്ഥാപിക്കാത്തതും വനപാലകരുടെയും വാച്ചർമാരുടെയും എണ്ണത്തിലുള്ള കുറവുമാണ് വന്യമൃഗശല്യം ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയാത്തതിനുകാരണം.

നിരന്തരമായ വന്യമൃഗശല്യം തടയാൻ ശാശ്വതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആക്രമിച്ച കാട്ടാന ദിവസങ്ങളായി പ്രദേശത്തുണ്ടെന്നും കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, ജെസ്സിയുടെ ഇളയമകൾക്ക് സർക്കാർജോലി നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ജനങ്ങൾ റോഡുപരോധിച്ചത്. രാവിലെ 10.30-ന് ആരംഭിച്ച ഉപരോധത്തിൽ മേപ്പാടി ടൗണിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. പ്രാദേശിക രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. സൗത്ത് വയനാട് ഡി.എഫ്.ഒ. ആഷിക്ക് അലിയുമായുള്ള അനുരഞ്ജനചർച്ചയിൽ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് ഉറപ്പുനൽകി. ജെസ്സിയുടെ കുടുംബത്തിന് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരമായി 14 ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സംസ്കാരച്ചെലവിനുള്ള പതിനായിരം രൂപയടക്കം 5.10 ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ. ആഷിക്ക്‌ അലി പറഞ്ഞു. ബാക്കിത്തുക നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ കൈമാറും. ആക്രമണകാരിയായ കാട്ടാനയെ ആവശ്യമെങ്കിൽ മയക്കുവെടിവെച്ച് പിടികൂടാൻ നടപടി സ്വീകരിക്കും. ഷാജിയുടെ ഇളയമകൾക്ക് വനംവകുപ്പിൽ താത്‌കാലികജോലി നൽകുമെന്നും സ്ഥിരംജോലിക്കായി സർക്കാരിലേക്ക് ശുപാർശചെയ്യുമെന്നും പ്രതിഷേധക്കാർക്ക് ഉറപ്പുനൽകി. തുടർന്ന്, 11.30-ഓടെയാണ് റോഡുപരോധം അവസാനിപ്പിച്ചത്.

കടുവ, പുലി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സമരത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.

ഉപരോധസമരത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം പി. ശിഹാബ്, മേപ്പാടി പഞ്ചായത്തംഗങ്ങളായ കെ.കെ. സഹദ്, കെ.പി. യൂനുസ്, ജിതിൻ സത്യൻ, സി. സീനത്ത്, ഷൈജ ബേബി, നേതാക്കളായ വി. ഹാരിസ്, എ. രാംകുമാർ, കെ. വിനോദ്, കെ. അബ്ദുറഹ്‌മാൻ തുടങ്ങിയവർ സംസാരിച്ചു. രാവിലെ ആശുപത്രിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി. ഹംസ എന്നിവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. ഡിവൈ.എസ്.പി. ടി. അഷ്റഫ്, മേപ്പാടി സി.ഐ. എ. സായൂജ്കുമാർ, മേപ്പാടി റെയ്ഞ്ച് ഓഫീസർ എസ്. ബിജു, വൈത്തിരി തഹസിൽദാർ ഡി. രഞ്ജിത്ത് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

മന്ത്രി ടി. സിദ്ദിഖ് ഇന്ന് ജെസിയുടെ വീട് സന്ദർശിക്കും

മന്ത്രി ടി. സിദ്ദിഖ് ബുധനാഴ്ച 3.30-ന് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ജെസിയുടെ പുത്തുമല കാശ്മീരിലെ വീട് സന്ദർശിക്കും. അടിയന്തര നഷ്ടപരിഹാരത്തുക അദ്ദേഹം കുടുംബാംഗങ്ങൾക്ക് കൈമാറും. തുടർന്ന് മേപ്പാടി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ജനപ്രതിനിധികൾ, വനംവകുപ്പ്‌ ഉദ്യോഗസ്ഥർ, പ്രാദേശികനേതാക്കൾ എന്നിവരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.

ആക്രമണം നടന്ന കാശ്മീർ ചൂണ്ടിയിൽ ചൊവ്വാഴ്ചതന്നെ വനംവകുപ്പ് കാട് വെട്ടിത്തെളിക്കുകയും സൗരോർജവിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു.

വീടിനും കുടുംബത്തിനും കരുത്തായിരുന്നവൾ കാട്ടാനയുടെ കലിക്കിരയായി കൺമുന്പിൽ ഇല്ലാതായെന്ന യാഥാർഥ്യത്തോട്‌ ഇനിയും പൊരുത്തപ്പെടാൻ ഷാജിക്കും മക്കൾക്കുമായിട്ടില്ല. നെഞ്ചിൽ കൈചേർത്തു ‘എന്റെ പ്രിയപ്പെട്ടവളേ’യെന്ന് വിതുമ്പിക്കരയുകയായിരുന്നു ഷാജി. അരികിൽ കരഞ്ഞുതളർന്ന് മൂന്നു പെൺമക്കളും. ‘അമ്മേ’യെന്നുള്ള അവരുടെ ഹൃദയംപൊട്ടിയുള്ള കരച്ചിലിൽ നാടൊന്നാകെ ഒപ്പംവിതുമ്പി.

രാപകൽ അധ്വാനിച്ചുജീവിക്കുന്ന സാധാരണക്കാർ-കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ജെസ്സിയെയും ഭർത്താവ് ഷാജിയെയും കുറിച്ചുപറയാൻ നാടിനൊന്നാകെ ഈ വാക്കുകളേയുള്ളൂ. ഈ ദുരന്തത്തെ അതിജീവിക്കാൻ കുടുംബത്തിന് കൈത്താങ്ങുണ്ടാവണമെന്നു മാത്രമാണ് നാട്ടുകാർക്കും ആവശ്യപ്പെടാനുള്ളത്‌. ഹൃദയത്തിന്റെ രണ്ടുവാൽവുകളും മാറ്റിവെച്ച ഷാജി നിരന്തരം ശ്രദ്ധവേണ്ടയാളാണ്.

വീട്ടിലെ സാമ്പത്തികസാഹചര്യങ്ങളാൽ മാത്രമാണ് അദ്ദേഹം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റിജോലി ചെയ്യുന്നത്. മൂന്ന് പെൺമക്കളായിരുന്നു ദമ്പതിമാർക്ക്‌. വിവാഹിതയായ മൂത്തമകൾ കാശ്മീരിലെ വീട്ടിൽ പ്രസവത്തെത്തുടർന്നുള്ള വിശ്രമത്തിലാണ്. മാസങ്ങൾക്കുമുമ്പ് വീണ് കാലിന്‍റെ അസ്ഥികൾ പൊട്ടിയ അമ്മ ലില്ലിയും ഇതേ വീട്ടിൽ കിടപ്പിലാണ്. രണ്ടാമത്തെ മകളും വിവാഹിതയാണ്. അവിവാഹിതയായ ഇളയമകൾ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനാണ്.

കോൺഗ്രസിന്റെ ഒരു സർവീസ് സംഘടന നിർമിച്ചുനൽകിയ വീട്ടിലാണ് ഷാജിയും കുടുംബവും താമസിക്കുന്നത്. ജെസ്സിയുംകൂടി കല്പറ്റയിലെ മെസിൽ അടുക്കളജോലിക്കുപോയി കിട്ടിയിരുന്ന വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോയത്. ഈ ദുരന്തത്തെ അതിജീവിക്കാൻ സാധ്യമായ സാഹചര്യമല്ല ഇപ്പോൾ കുടുംബത്തിനെന്ന് നാട്ടുകാർ പറയുന്നു. ഇവർക്ക് മതിയായ നഷ്ടപരിഹാരവും ഒരാൾക്ക് സർക്കാർജോലിയും നൽകി ഷാജിയുടെ കുടുംബത്തെ സർക്കാർ ചേർത്തുപിടിക്കുമെന്നാണ് നാടിന്റെ പ്രതീക്ഷ.

വിഫലമായ സമരങ്ങൾ

വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെത്തവണ പ്രദേശവാസികൾ വനംവകുപ്പ് ഓഫീസുകൾക്ക് മുൻപിൽ സമരം ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ ഓരോ കാരണം പറഞ്ഞും വാഗ്ദാനങ്ങൾ നൽകിയും ബന്ധപ്പെട്ടവർ ജനവികാരം തണുപ്പിക്കുകയായിരുന്നു.

മേപ്പാടി ഫോസ്റ്റ് റെയ്ഞ്ച് ഓഫീസ്, മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ എന്നിവയ്ക്ക് മുൻപിൽ മാർച്ചും ധർണയും മീനാക്ഷി, താഞ്ഞിലോട്, മേപ്പാടി ടൗൺ എന്നിവിടങ്ങളിൽ റോഡ് ഉപരോധമടക്കമുള്ള പ്രക്ഷോഭപരിപാടികൾ നടത്തിയെങ്കിലും പ്രശ്നപരിഹാരമായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.

മന്ത്രി ടി.സിദ്ദിഖ് എം.എൽ.എ.യായിരുന്നപ്പോൾ വന്യമൃഗശല്യം തടയാൻ ഒട്ടേറെ നിർദേശങ്ങളും പദ്ധതികളും സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതിന്റെ ഫലമായി കുപ്പച്ചിക്കോളനിയടക്കമുള്ള ഭാഗങ്ങളിൽ വൈദ്യുതവേലി വന്നെങ്കിലും ഫലപ്രദമായില്ലെന്ന് ആക്ഷേപമുണ്ട്. ഇനിയും പലയിടത്തും ഫെൻസിങ്ങുകൾ സ്ഥാപിക്കാനുണ്ട്.

മാസങ്ങൾക്കുമുൻപ്‌ താഞ്ഞിലോട് നടത്തിയ റോഡുപരോധം ലാത്തിച്ചാർജിൽ കലാശിച്ചിരുന്നു. സമരത്തിൽ പങ്കെടുത്തവരെല്ലാം കേസിൽ കുടുങ്ങി കോടതി കയറിയിറങ്ങുകയാണ്.

എട്ടുവർഷത്തിനുള്ളിൽ പൊലിഞ്ഞത്‌ എട്ടുജീവൻ

കഴിഞ്ഞ കുറേവർഷങ്ങളായി അട്ടമല മുണ്ടക്കൈമുതൽ വൈത്തിരി ലക്കിടി വരെയുള്ള മലയോരമേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ അട്ടമലമുതൽ കുന്നമ്പറ്റ വരെയുള്ള കുന്നിൻപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽപ്പേർ കാട്ടാനകളുടെ ആക്രമണത്തിന് ഇരയായത്. ഇവരിൽ എളമ്പലേരിയിൽ കൊല്ലപ്പെട്ട ഒരു വിനോദസഞ്ചാരിയൊഴിച്ച് ബാക്കിയെല്ലാവരും ഉപജീവനാർഥം സമീപത്തെ എസ്റ്റേറ്റുകളിൽ പണിക്കുപോകുമ്പോഴാണ് കാട്ടാനകളുടെ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ജെസ്സിയും ഉപജീവനാർഥം ജോലിക്ക് പോകുമ്പോഴാണ് കാട്ടാനക്കലിക്ക് ഇരയായത്.

കുന്നമ്പറ്റ, എളമ്പലേരി എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും ചുളിക്ക, അരുണമല, അട്ടമല, കാശ്മീർ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ജെസ്സിയുടെ വീട് കോഴിക്കോട് അതിരൂപത പ്രതിനിധികൾ സന്ദർശിച്ചു

വയനാട് മേപ്പാടി പുത്തുമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ജെസ്സിയുടെ വീട് കോഴിക്കോട് അതിരൂപത അധികൃതർ സന്ദർശിച്ചു. ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ പ്രതിനിധാനംചെയ്‌താണ്‌ സഭാ നേതൃത്വം സന്ദർശിച്ചത്.

അതിരൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, അതിരൂപത ചാൻസലർ ഫാ. ടോണി ഗ്രേഷ്യസ്, മൂപ്പനാട് സെയ്‌ന്റ് ജോസഫ്‌സ് ഇടവക വികാരി ഫാ. സണ്ണി പടിഞ്ഞാറേടത്ത്, വൈത്തിരി സെയ്‌ന്റ് ജോസഫ് ഇടവക വികാരി ഫാ. ജോൺസൺ കൊച്ചുപറമ്പിൽ എന്നിവരടങ്ങിയ സംഘമാണ് വീട്ടിലെത്തിയത്.