
കുന്നംകുളം: സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ ആറുദിവസം പ്രായമായ കുഞ്ഞിന്റെ കൈവിരൽ പകുതി അറ്റ സംഭവം, വിരൽ മുറിഞ്ഞത് ക്യാനുലയും ബാൻഡേജും വെട്ടിമാറ്റുന്നതിനിടെ. തൃശ്ശൂർ കുന്നംകുളം വെള്ളറക്കാട് വട്ടപ്പറമ്പിൽ വീട്ടിൽ ജിത്തുവിന്റെയും ജീഷ്മയുടെയും മകളുടെ വലതുകൈയിലെ തള്ളവിരലിന്റെ പകുതിഭാഗമാണ് അറ്റത്. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം. കൈയിലെ ബാൻഡേജ് നഴ്സ് മുറിക്കുന്നതിനിടെ വിരൽ പെട്ടുപോകുകയായിരുന്നു.
ജനുവരി 16-ന് ജനിച്ച കുഞ്ഞിന് പൂർണവളർച്ച ഇല്ലായിരുന്നതിനാൽ എൻഐസിയുവിലേക്ക് മാറ്റിയിരുന്നു. അഞ്ചുദിവസത്തിനുശേഷമാണ് മാതാപിതാക്കൾക്ക് കൈമാറിയത്. ആറാം ദിവസമായ ബുധനാഴ്ച കുട്ടിക്ക് ആന്റിബയോട്ടിക്ക് നൽകാനായി എൻഐസിവിലേക്ക് എത്തിച്ചു. പുലർച്ചെ 5.45-ന് കൈമാറിയ കുട്ടിയെ ഒരു മണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചേൽപ്പിക്കാത്തതിനാൽ രക്ഷിതാക്കൾ അന്വേഷിച്ചുചെല്ലുകയായിരുന്നു.
പിന്നീട്, കുട്ടിയുടെ കൈ ബ്ലേഡു കൊണ്ട് അല്പം മുറിഞ്ഞുവെന്ന് നഴ്‌സ് അറിയിച്ചു. ഡോക്ടർ വന്ന ശേഷം തുന്നലിടാമെന്നും പറഞ്ഞു. എന്നാൽ, ബന്ധുക്കൾ നിർബന്ധിച്ചപ്പോൾ വിരലിന്റെ അറ്റം മുറിഞ്ഞ് വേറിട്ടത് കാണിച്ചു.
തുടർന്ന് ശസ്ത്രക്രിയയ്ക്കു മുൻപുള്ള നിബന്ധനകളിൽ ഒപ്പിടാൻ പ്ലാസ്റ്റിക് സർജൻ ആവശ്യപ്പെട്ടപ്പോൾ എല്ലാ ഉത്തരവാദിത്വവും മലങ്കര ആശുപത്രിക്കായിരിക്കും എന്നു കാണിച്ചാണ് രക്ഷിതാക്കൾ ഒപ്പിട്ടത്. അതിനാൽ ഡോക്ടർ ശസ്ത്രക്രിയ നടത്താൻ വിസമ്മതിച്ചു. ഒടുവിൽ ആശുപത്രിയധികൃതർ പറഞ്ഞപ്രകാരം ഒപ്പിട്ടുനൽകിയപ്പോഴാണ് സർജറി നടത്തിയത്.
ക്യാനുല നീക്കുമ്പോൾ സംഭവിച്ചത് - ആശുപത്രിയധികൃതർ
ഇഞ്ചക്ഷൻ നൽകുന്നതിന് കുട്ടിയുടെ വലതു കൈയിൽ ക്യാനുല ഇട്ടിരുന്നു. ഇത് ഇളകിപ്പോകാതിരിക്കാനായി തള്ള വിരൽ ഉൾപ്പെടെ ബാൻഡേജും ചുറ്റിയിരുന്നു. ഡിസ്ചാർജിനു മുൻപ് ക്യാനുലയും ബാൻഡേജും വെട്ടിമാറ്റുന്നതിനിടെയാണ് വിരൽ മുറിഞ്ഞത്. അധികം വൈകാതെ വിരലിൽ പ്ലാസ്റ്റിക്ക് സർജറി നടത്തി.
അന്വേഷിക്കേണ്ടത് ഡിവൈഎസ്‌പി – ഡിഎംഒ
വിഷയം അന്വേഷിക്കേണ്ടത് ഡിവൈഎസ്‌പി റാങ്കിലുള്ള പോലീസുദ്യോഗസ്ഥനാണ്. അവർ ആവശ്യപ്പെടുന്നപ്രകാരം ഡിഎംഒ, ഗവ. പ്ലീഡർ, ഫോറൻസിക് സർജൻ, മെഡിക്കൽ കോളേജിലെ ബന്ധപ്പെട്ട വകുപ്പിലെ അധികാരി എന്നിവരുൾപ്പെട്ട സമിതിയാണ് അന്വേഷണം നടത്തി റിപ്പോർട്ടാക്കുക. ഈ റിപ്പോർട്ട് ഡിവൈഎസ്‌പിക്കുതന്നെയാണ് സമർപ്പിക്കുക. ഇതനുസരിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. – ഡോ. ടിപി. ശ്രീദേവി ജില്ലാ മെഡിക്കൽ ഓഫീസർ തൃശ്ശൂർ.
Content Highlights: Shocking incident in Thrissur: Newborn`s finger severed at Malankara Hospital Kunnamkulam. Parents opted for plastic surgery. DySP to investigate. Read more.
Published: 23 Jan 2026, 09:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented