
കോഴിക്കോട്: ആലപ്പുഴയിൽ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ അടക്കമുള്ള നടപടികൾ പെട്ടെന്ന്. എന്നാൽ, സമാനമായ പ്രശ്നം നേരിട്ട ഹർഷിനയുടെ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുപോലും പ്രതികൾക്കെതിരേ ഒരു നടപടിയുമില്ല. നിയമസഭാ തിരഞ്ഞെടുപ്പടുത്ത സമയത്ത് രാഷ്ട്രീയമായ തിരിച്ചടി ഒഴിവാക്കാനാണ് സർക്കാർ ആലപ്പുഴയിൽ ദ്രുതഗതിയിൽ ഇടപെട്ടതെന്നാണ് വിലയിരുത്തൽ.
ആലപ്പുഴയിലെ സംഭവത്തിൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവരെ വെള്ളിയാഴ്ചതന്നെ സസ്പെൻഡ് ചെയ്തിരുന്നു. ഷാഹിദയുടെ പേരിൽ കേസെടുക്കുമെന്നറിയിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉഷാ ജോസഫിന്റെ ചികിത്സച്ചെലവ് സർക്കാർ വഹിക്കുമെന്നും അറിയിച്ചു. കോവിഡ് കാലത്തെ പരിമിതിക്കുള്ളിൽ പറ്റിയതാണെന്ന് പറയുന്നുണ്ടെങ്കിലും മെഡിക്കൽ കോളേജ് നടത്തിയ അന്വേഷണത്തിൽ വീഴ്ച സമ്മതിക്കുകയും ചെയ്തു.
എന്നാൽ, ഹർഷിനയുടെ വിഷയത്തിൽ മെഡിക്കൽ കോളേജ് നടത്തിയ അന്വേഷണത്തിൽ അവിടെ നിന്നല്ല വീഴ്ച സംഭവിച്ചത് എന്നായിരുന്നു റിപ്പോർട്ട്. വീഴ്ചയുണ്ടായവർക്കെതിരേ സർക്കാർനടപടിയുമുണ്ടായില്ല. ചോദിച്ച മാധ്യമങ്ങളോട് കുറ്റപത്രം വരട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി. മാസങ്ങൾക്കുശേഷം പോലീസ് രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു. ഡോ. സി.കെ. രമേശൻ, ഡോ. എം. ഷഹന, നഴ്സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരായിരുന്നു പ്രതികൾ. എന്നാൽ, മെഡിക്കൽ ബോർഡ് ചേർന്ന് പോലീസ് റിപ്പോർട്ടും തള്ളുകയാണ് ചെയ്തത്. ഇതിൽ പ്രതിഷേധവുമായി ഡി.എം.ഒ. ഓഫീസിലെത്തിയ ഹർഷിനയെ അറസ്റ്റുചെയ്ത് നീക്കുകയും ചെയ്തു. കത്രിക പുറത്തെടുത്ത ശേഷവും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ട ഹർഷിന തുടർചികിത്സയ്ക്കുൾപ്പെടെ സഹായമാവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. പിന്നീട് ഒരു ശസ്ത്രക്രിയകൂടി വേണ്ടിവന്നപ്പോൾ, സമരസമിതിയുടെ നേതൃത്വത്തിൽ ക്രൗഡ് ഫണ്ടിങ് വഴി പണം ശേഖരിച്ചാണ് അത് നടത്തിയത്.
Content Highlights: Two Medical Incidents, Divergent Actions: Usha's Case Sees Swift Justice, Harishina's Lingers Unresolved
Published: 22 Feb 2026, 04:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented