കൊച്ചി: കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളിയെ (24) ആണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

To advertise here,

കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് അമ്പിളി. ഹോസ്റ്റലിലെ സഹപാഠികളാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കാസര്‍കോട് ഹോസ്ദുര്‍ഗ് ഉദിനൂര്‍ തടിയന്‍കോവല്‍ പുതിയപുരയില്‍ പി.പി. ചന്ദ്രന്റെയും ഗീതയുടെയും മകളാണ്. 

മരണ കാരണം വ്യക്തമല്ല. അതേസമയം, അമ്പിളി ഇതിനുമുമ്പും രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് വിവരം. മാത്രമല്ല, പെണ്‍കുട്ടി മെഡിക്കല്‍ കോളേജില്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു എന്നും അധികൃതര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)