തിരുവനന്തപുരം: അടിയന്തരപ്രമേയത്തിന് അനുമതി തേടി റോജി എം. ജോണ്‍ നടത്തിയ പ്രസംഗത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഏറെക്കുറെ എല്ലാം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. മദ്യനയം ആവിഷ്‌കരിക്കുന്നത് എക്‌സൈസ് വകുപ്പാണ്. സ്റ്റേക്‌ഹോള്‍ഡേഴ്‌സുമായുള്ള ചര്‍ച്ചയുടെ ആദ്യഘട്ടം നടക്കാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
ടൂറിസം വകുപ്പും മദ്യവ്യവസായവും തമ്മില്‍ ഏത് കാലത്താണ് ബന്ധമില്ലാത്തത്? നിങ്ങളുടെ സര്‍ക്കാരിന്റെ കാലത്ത് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയാല്‍ 'ആഹാ, ഇപ്പൊ ഓഹോ'. പ്രമേയാവതാരകന്റെ അത്യന്തം അധിക്ഷേപകരവും ധാര്‍ഷ്ട്യവും പുച്ഛവും നിന്ദയും നിറഞ്ഞ പ്രസംഗം ക്ഷമയോടെയാണ് താന്‍ കേട്ടിരുന്നത്. വസ്തുതപുറത്തുവരുമ്പോഴാണ് അസഹിഷ്ണുതയുണ്ടാവുന്നതെന്നും പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് നിരന്തരം പ്രകോപനമുണ്ടായപ്പോള്‍ മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍നല്‍കുന്ന, വരുമാനമുണ്ടാക്കുന്ന, കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയ മദ്യനയം യു.ഡി.എഫ്. സര്‍ക്കാരിന്റേതാണ്. ടൂറിസം വകുപ്പാണോ എക്‌സൈസ് പോളിസി ഉണ്ടാക്കുന്നതെന്ന ചോദ്യം മുന്‍കാല പ്രാബല്യത്തോടെ ചോദിക്കേണ്ടിവരും. ഈ സര്‍ക്കാര്‍ ഡ്രൈഡേ പിന്‍വലിച്ചിട്ടില്ല, അതിനെക്കുറിച്ച് പ്രാഥമിക ആലോചനപോലും നടത്തിയിട്ടില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.
ഒരുകൊല്ലം മൂന്ന് മദ്യനയമാണ് 2014-ല്‍ ഉണ്ടായിരുന്നത്. ഒരുകൊല്ലം മൂന്ന് പിരിവിനാണോ ഇതെന്ന് ചോദിക്കുന്നില്ല. ദക്ഷിണേന്ത്യയില്‍ ഏത് സംസ്ഥാനത്തേക്കാളും കൂടുതല്‍ ഡ്രൈഡേ കേരളത്തിലാണ്. 52 ഡ്രൈഡേ പിന്‍വലിക്കുന്നതിനുമാത്രം ഒരുവര്‍ഷം മൂന്നാമത്തെ ഡ്രൈഡേ കൊണ്ടുവന്നവരാണ് നിങ്ങളെന്ന് മന്ത്രി പ്രതിപക്ഷത്തെക്കുറ്റപ്പെടുത്തി. വീതംവെപ്പിലെ തര്‍ക്കമാണ് 418 ബാറുകള്‍ പൂട്ടിയിട്ടും അവര്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നതിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
'ആനന്ദിന്റെ നോവലിലെ ചൗപ്പട്ട് രാജാവിനെപ്പോലെ ഒരു കുരുക്കുമായി നടക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം. ആദ്യ കുരുക്ക് പാവം ആരോഗ്യമന്ത്രിയുടെ കഴുത്തില്‍ കുരുക്കാന്‍ നോക്കി. ആ കഴുത്തിന് പാകമാകുന്നില്ല. പിന്നെ ആ കുരുക്ക് എക്‌സൈസ് മന്ത്രിയുടെ കഴുത്തില്‍ കുരുക്കാന്‍ നോക്കി. ആ കഴുത്തും അതിന് പാകമാകുന്നില്ല. ടൂറിസം വകുപ്പ് മന്ത്രിയുടെ കഴുത്തിനും പാകമാവുന്നോയെന്ന് നോക്കി, അതിനും പാകമാവുന്നില്ല. ഈ കുരുക്കുമായി ഇവിടെ കഴുത്ത് അന്വേഷിച്ച് നടന്നിട്ട് കാര്യമില്ല, അതിന് പാകമാവുന്ന കഴുത്തുകള്‍ അപ്പുറത്ത് ധാരാളമുണ്ടെന്ന് ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. നിങ്ങളും ഞങ്ങളും രണ്ടുരീതിയില്‍ വളര്‍ന്നുവന്നിട്ടുള്ളവരാണ്', മന്ത്രി രാജേഷ് പറഞ്ഞു.
Content Highlights: MB Rajesh reply to Roji M John liquor policy adjournment motion
Published: 10 Jun 2024, 12:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented