
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമെതിരേ യുവമോർച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതി നടത്തിയ വിദ്വേഷ പരാമർശത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. അധീനയുടെ ഉള്ളിൽ എത്രവലിയ വിഷമാണെന്ന് അതിശയിച്ചെന്ന് ആര്യ ഫെയ്‌സ്ബുക് കുറിപ്പിൽ പറഞ്ഞു. ആർഎസ്എസ് അല്ലേ, അതിശയിക്കേണ്ടതില്ല എന്ന് പിന്നീടാണ് ഓർമവന്നത്. രാഷ്ട്രീയപ്രവർത്തകർ നാടിന് മാതൃകയാവേണ്ടവരും സഹജീവിസ്‌നേഹമുണ്ടാവേണ്ടവരുമാണെന്നും ആര്യ കുറിച്ചു.
ഇത്തരത്തിലുള്ള കൊടിയ വിഷങ്ങൾ നാടിന് ആപത്താണെന്ന് ആര്യ രാജേന്ദ്രൻ വിമർശിച്ചു. ഇത്തരക്കാരിൽനിന്ന് അകന്നുനിൽക്കാൻ പോതുസമൂഹം ജാഗ്രത പുലർത്തണം. പൂർണ ഗർഭിണിയായിരിക്കേ, ദർബാർ ഹാളിൽ ഉമ്മൻ ചാണ്ടിയെ പൊതുദർശനത്തിന് വെച്ചപ്പോൾ പ്രയാസപ്പെട്ട് കാണാൻ പോയ കാര്യവും ആര്യ പോസ്റ്റിൽ പങ്കുവെച്ചു.
കോടിയേരി ബാലകൃഷ്ണനെപ്പോലെ പിണറായി വിജയനും നരകിച്ചേ മരിക്കൂ എന്നായിരുന്നു അധീന ഭാരതിയുടെ പരാമർശം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധീനയ്‌ക്കെതിരേ വലിയ വിമർശനങ്ങളുയർന്നു. അധീനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലടക്കം വിമർശനങ്ങളുയർന്നതോടെ അധീന കമന്റ് ബോക്‌സ് പൂട്ടുന്ന സാഹചര്യമുണ്ടായിരുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാറിന്റെ മരണം സംഭവിക്കുമ്പോൾ ഞാൻ പൂർണ്ണ ഗർഭിണിയാണ്. ദർബാർ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് കൊണ്ട് വന്നപ്പോൾ പല തവണ അടുത്തു വരെ എത്താൻ ശ്രമിച്ചപ്പോഴൊക്കെ തിരക്ക് കാരണം എത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇത് കണ്ടു നിന്ന പലരും എന്റെ അവസ്ഥ കണ്ട് ആ ശ്രമം ഒഴിവാക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞു. സുരക്ഷിതമായി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നത് വരെ കാത്തിരിക്കാമെന്ന് സച്ചിനേട്ടനും പറഞ്ഞു. അങ്ങനെ ഞങ്ങൾ കാത്തിരുന്നു. ഇത് കണ്ടുനിന്ന ചിലർ രാഷ്ട്രീയ വ്യത്യാസമില്ലാതെ തിരക്കൊഴിഞ്ഞ സമയം എനിക്ക് വഴിയൊരുക്കി തരുകയും ഒരുപാട് സമയം ഞാൻ അദ്ദേഹത്തിന്റെ അടുത്തും കുടുംബത്തിന്റെ അടുത്തും നിന്നു.
രാഷ്ട്രീയ വ്യത്യാസങ്ങൾ ഉള്ളപ്പോഴും മാനുഷിക മൂല്യം ഉയർത്തിപിടിക്കണം എന്നാണ് എന്റെ രാഷ്ട്രീയം എന്നെ പഠിപ്പിച്ചത്. നാളെയെ കുറിച്ച് നമുക്ക് ഉറപ്പുള്ള ഒരേ ഒരുകാര്യം ഒരു ദിവസം ആരാണെങ്കിലും മരിക്കും എന്നത് മാത്രമാണ്. രോഗം വന്നോ അല്ലാതയോ ഒരുപാട് രാഷ്ട്രീയ നേതാക്കൾ നമ്മെ വിട്ടു പിരിഞ്ഞിട്ടുണ്ട്. അതിൽ പലരും സ്വന്തം ആരോഗ്യം പോലും നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിച്ചവരാണ്.
കഴിഞ്ഞ ദിവസമാണ് ഒരു വീഡിയോ ശ്രദ്ധയിൽപെട്ടത് വീഡിയോയിൽ പറയുന്ന കാര്യങ്ങൾ കേട്ടാൽ അധീന ഭാരതിയുടെ ഉള്ളിൽ എത്ര വലിയ വിഷമാണ് എന്ന് ഞാൻ അതിശയിച്ചു പോയി. പിന്നീടാണ് RSS അല്ലെ അതിശയിക്കേണ്ടതില്ല എന്ന കാര്യം ഓർമ്മ വന്നത്. രാഷ്ട്രീയ പ്രവർത്തകർ നാടിന് മാതൃകയാകേണ്ടവരാണ്. സഹജീവി സ്‌നേഹം ഉണ്ടാവേണ്ടവരാണ്. ഇങ്ങനെയുള്ള കൊടിയ വിഷങ്ങൾ നാടിന് ആപത്താണ്. ഇത്തരക്കാരിൽ നിന്ന് അകന്ന് നിൽക്കാനുള്ള ജാഗ്രത പുലർത്തണമെന്നാണ് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കാനുള്ളത്.
Content Highlights: Arya Rajendran Condemns Divisive Speech by BJP Youth Secretary Adeena Bharati
Published: 29 Oct 2025, 05:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented