
തൃശ്ശൂർ: കോൺഗ്രസ് അംഗങ്ങൾ രാജിവെച്ച് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ട മറ്റത്തൂരിൽ രാഷ്ട്രീയവിവാദം തുടരുന്നു. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിക്കുകയും എൽഡിഎഫ് പിന്തുണയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയുംചെയ്ത കെ.ആർ. ഔസേപ്പാണ് ഏറ്റവുമൊടുവിൽ മറ്റത്തൂർ വിവാദത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയുണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞതായും ഇക്കാര്യം അറിയിക്കാനായി കോൺഗ്രസ് നേതാക്കൾ തന്നെ വീട്ടിലെത്തി കണ്ടുവെന്നും കെ.ആർ. ഔസേപ്പ് ആരോപിച്ചു. 23-ന് രാത്രി ഒമ്പത് മണിക്കാണ് കോൺഗ്രസ് നേതാക്കളായ ടി.എം. ചന്ദ്രൻ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി ഇക്കാര്യം ചർച്ചചെയ്തതെന്നാണ് ഔസേപ്പ് പറയുന്നത്. നേതാക്കൾ വീട്ടിലെത്തിയതിന്റെ സിസിടിവിദൃശ്യങ്ങളും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, യുഡിഎഫ് ബിജെപിയുമായി കൂട്ടുകൂടുന്നത് കണ്ടതോടെയാണ് താൻ പിന്നീട് എൽഡിഎഫ് പിന്തുണ സ്വീകരിച്ചതെന്നും ഔസേപ്പ് പറഞ്ഞു.
താൻ യുഡിഎഫ് സ്ഥാനാർഥിയായല്ല മത്സരിച്ച് വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി. ഔസേപ്പേ നീയാണ് യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയെന്നും ഒപ്പംനിൽക്കണമെന്നും പറഞ്ഞു. എന്നാൽ, താൻ നിലവിൽ കോൺഗ്രസുകാരനല്ലെന്നും അതിനാൽ എന്നെ ആദ്യം പാർട്ടിയിലെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് മറുപടി നൽകിയത്. എന്നിട്ടല്ലേ ബാക്കി ചർച്ചകളെന്നും പറഞ്ഞു. അത് ഏറ്റോളാമെന്നും കൂടെനിന്നാൽ മതിയെന്നുമായിരുന്നു നേതാക്കളുടെ മറുപടി. മറ്റത്തൂരിൽ കോൺഗ്രസിന് എട്ട് സീറ്റും എൽഡിഎഫിന് പത്തും ബിജെപിക്ക് നാല് സീറ്റുകളുമാണുള്ളത്. സ്വതന്ത്രരായി താനടക്കം രണ്ടുപേരും ജയിച്ചു. രണ്ട് സ്വതന്ത്രർ ഒപ്പംനിന്നാലും യുഡിഎഫിന് പത്ത് വോട്ടേ കിട്ടുകയുള്ളൂ. അങ്ങനെയിരിക്കെ എങ്ങനെ ജയിക്കുമെന്ന് ചോദിച്ചു. അപ്പോഴാണ് നമ്മൾ ഭരിക്കുമെന്നും ബിജെപി നമുക്ക് വോട്ടുചെയ്യുമെന്നും നീയാണ് പ്രസിഡന്റ് സ്ഥാനാർഥിയെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. ബിജെപിയുമായുള്ള ഈ കൂട്ടുക്കെട്ടിന് താത്പര്യമില്ലാത്തതിനാലാണ് എൽഡിഎഫ് പിന്തുണ സ്വീകരിച്ചതെന്നും കെ.ആർ. ഔസേപ്പ് പറഞ്ഞു. അതേസമയം, കെ.ആർ. ഔസേപ്പ് എൽഡിഎഫിനൊപ്പംനിന്ന് പ്രസിഡന്റാകാൻ തീരുമാനിച്ചതോടെയാണ് ബിജെപിയുമായി സഖ്യംചേർന്നതെന്നായിരുന്നു നേരത്തേ കോൺഗ്രസിൽനിന്ന് രാജിവെച്ച പഞ്ചായത്തംഗങ്ങളുടെ പ്രതികരണം.
അതേസമയം, ബിജെപി വോട്ടുകൾ നേടി മറ്റത്തൂരിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും ആയവർ ഉടൻ രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. തെറ്റ് ബോധ്യപ്പെട്ട് രാജിവെച്ചാൽ ഇവർക്കെതിരേ സ്വീകരിച്ച പാർട്ടി നടപടികൾ പുനഃപരിശോധിക്കാം. അല്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Amidst political controversy in Mattathur after Congress members joined BJP, K.R. Ouseph claims Congress leaders promised BJP votes for presidency. CCTV footage released.
Published: 29 Dec 2025, 01:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented